ഹോ.. എന്തൊരു ചൂട്...! റോഡിലും നാട്ടിലും നഗരത്തിലും ചര്‍ച്ച ഇപ്പോള്‍ ചൂട് തന്നെയാണ്..മീനമാസത്തിലെ കൊടുംചൂടില്‍ പകലും രാത്രിയും ഒരുപോലെ വെന്തുരുകുകയാണ്. പകല്‍ ശരാശരി 35-40 ഡിഗ്രിയാണ് ചൂട്. പലദിവസങ്ങളിലും രാത്രിയിലെ ചൂടിനോടും സമവായത്തിനെത്താന്‍ പറ്റാതെ വരികയാണ്.

കേരളത്തില്‍ സ്വാഭാവികമായും ചൂടുകൂടുന്ന കാലമാണിത്. ഏപ്രില്‍ മാസം കഴിഞ്ഞ് മെയ് മാസത്തിലെത്തുമ്പോഴേക്കും കാലാവസ്ഥ രണ്ട് തട്ടിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടേയും കണക്കുകൂട്ടല്‍. അടുത്ത മാസത്തോടെ തെക്കന്‍ ജില്ലകളില്‍ അനുഭവപ്പെടുന്ന ചൂട് കുറയും എന്നാല്‍ വടക്കന്‍ ജില്ലകളില്‍ ചൂടിന് ശമനമുണ്ടാവില്ലെന്ന് മാത്രമല്ല ഇത് സാധാരണയിലും കൂടുമെന്നാണ് മുന്നറിയിപ്പ്. 

വേനല്‍മഴയുടെ ലഭ്യതയിലുണ്ടാവുന്ന വ്യത്യാസമാണ് ഇതിന് കാരണം. ഏപ്രില്‍ അവസാനിക്കുന്നതോടെ തെക്കന്‍ ജില്ലകളില്‍ നല്ല വേനല്‍ മഴ ലഭിക്കുമെന്നും അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് വടക്കന്‍ ജില്ലകളിലേയും ചൂടിനെ കാര്യമായി ബാധിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

നിലവില്‍ സംസ്ഥാനത്താകെമാനം ചൂടിന് വന്‍ വ്യതിയാനം സംഭവിക്കുന്നുണ്ട്. 40 ഡിഗ്രി വരെയാണ് പാലക്കാട് ഉള്‍പ്പെടെയുള്ള പല ജില്ലകളിലും അനുഭവപ്പെടുന്ന ചൂട്. പ്രവചിക്കപ്പെട്ടതിനേക്കാള്‍ ഒന്നോ രണ്ടോ ഡിഗ്രി കൂടുതല്‍ ചൂട് പലയിടത്തും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.