ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ പറ്റിയ ദാഹ ശമനിയാണ് തണ്ണീര്‍ മത്തന്‍. വത്തക്ക എന്നും ഇത് അറിയപ്പെടുന്നു. തണ്ണീര്‍ മത്തന്റെ ഔഷധ ഗുണത്തെപ്പറ്റി അധികം ആര്‍ക്കും അറിയില്ല എന്നതാണ് വസ്തുത.

ലോകത്തിന്റെ എല്ലാഭാഗത്തും ഇത് കൃഷി ചെയ്യുന്നുണ്ട്.അറേബ്യന്‍ നാടുകളില്‍ പോലും തണ്ണീര്‍ മത്തന്‍ സുലഭമാണ്.ഏറ്റവും നല്ലയിനം വത്തക്ക പാക്കിസ്ഥാനിലെ സുക്കൂര്‍ ജില്ലയിലേതാണ് എന്നാണ് പറയപ്പെടുന്നത്. വത്തക്കയുടെ ഉള്‍ഭാഗത്തുള്ള കാമ്പാണ് കഴിക്കാന്‍ ഉപയോഗിക്കുന്നത്. മൂപ്പെത്താത്ത വത്തക്ക കറിയുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. 

ധാരാളം ജലം അടങ്ങിയിട്ടുള്ള വത്തക്ക ശീതളമാണ്. ഇത് ധാരാളം മൂത്രം ഉല്‍പ്പാദിപ്പിക്കും. പഞ്ചസാരയും പാലും ചേര്‍ത്ത് ഉഷ്ണകാലങ്ങളില്‍ കഴിക്കുന്നത് വളരെ നല്ലതാണ്. അറേബ്യന്‍ നാടുകളില്‍ ചൂടുകാലത്ത് കണ്ടുവരുന്ന ചൂടുപനിക്ക് പ്രത്യൗഷധമായി വത്തക്കയും തേനും പഞ്ചസാരയും പനിനീരും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കാറുണ്ട്. ആന്തരിക ജ്വരത്തിന് (typhoid fever) തണ്ണീര്‍ മത്തന്‍ വളരെ നല്ലതാണ് എന്ന് ആയുര്‍വേദത്തില്‍ പറയുന്നു. 

മൂത്രപ്പഴുപ്പ്, മൂത്രച്ചൂട് എന്നീ രോഗങ്ങളാല്‍ മൂത്രം പോകാന്‍ വിഷമം നേരിടുന്ന അവസ്ഥയില്‍ വത്തക്കയും പഞ്ചസാരയും ജീരകവെള്ളത്തില്‍ ചേര്‍ത്ത് ദിവസവും ഒരുഗ്ലാസ് വീതം കഴിച്ചാല്‍ ആശ്വാസം ലഭിക്കും. മാത്രമല്ല ഇത് തലച്ചോറിനെ തണുപ്പിക്കുകയും ശുക്‌ളവര്‍ദ്ധനവ് ഉണ്ടാക്കുകയും പിത്ത ദോഷത്തെ ശമിപ്പിക്കുകയും ചെയ്യും. 

വത്തക്കയുടെ പത്ത് കുരു പാലില്‍ അരച്ച് കഴിച്ചാല്‍ രക്താതിമര്‍ദ്ദത്തിന് (blood pressure) ഫലപ്രദമാണ്. വത്തക്ക കുരു ഉണക്കി പൊടിച്ച് അഞ്ച് ഗ്രാം വീതം രണ്ടുനേരം പാലിലോ നെയ്യിലോ കഴിച്ചാല്‍ മൂത്രപ്പഴുപ്പ്, മൂത്രച്ചൂട്, അസ്ഥി സ്രാവം എന്നീ രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കും.

Content Highlight: Watermelon is the Perfect Summer Fruit