ചൂടല്ലേ!?? സംശയമില്ല.. രാത്രി ഇടവിട്ട് വേനല്‍ മഴ തകര്‍ക്കുന്നുണ്ടെങ്കിലും പകല്‍നേരങ്ങളിലെ ചൂടിന് ശമനമൊന്നുമില്ല. ചൂടും പൊടിയും ഒരു ദാക്ഷിണ്യവുമില്ലാതെ തുടരുകയാണ്. മുന്‍കരുതല്‍ എത്രയൊക്കെ സ്വീകരിച്ചാലും ചൂടറിഞ്ഞു തന്നെ വേണം പ്രതിരോധവും.
കൊടുംചൂടില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതാണ് ക്ഷീണം, തളര്‍ച്ച, തലവേദന തുടങ്ങി ഒട്ടുമിക്ക ചൂടന്‍ രോഗങ്ങളുടേയും പ്രധാനകാരണം. അപ്പോള്‍ ജലാംശം നഷ്ടപ്പെടാതെ നിയന്ത്രണവിധേയമാക്കി നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഈ പ്രശ്നങ്ങളെ പരിഹരിക്കാം. അപ്പോള്‍ ചൂടിനെ പ്രതിരോധിക്കാന്‍ അനുയോജ്യമായ പാനീയങ്ങള്‍ തിരഞ്ഞെടുക്കേണ്ടതും പ്രധാന്യമര്ഹിക്കുന്നകാര്യമാണ്. ചൂടിന് ഏറ്റവും ലളിതമായി തയ്യാറാക്കാനാവുന്ന, ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള നാരങ്ങാവെള്ളം തന്നെ ആയിക്കോട്ടെ അതില്‍ മുന്‍പന്തിയില്‍..അതും ഉപ്പിട്ടത്..
ഉപ്പിട്ട നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെ?
വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. ശരീരത്തിലെ ജലാംശം അളവില്‍ കൂടുതല്‍ നഷ്ടപ്പെട്ടുപോവുന്ന അവസ്ഥയാണ് ഇത്. ചൂട് കൂടുമ്പോള്‍ വിയര്‍പ്പ് കൂടുന്നത് സ്വാഭാവികം. അപ്പോള്‍ വിയര്‍പ്പിലൂടെ ജലാംശം മാത്രമല്ല നഷ്ടപ്പെടുന്നത്, കൂടെ സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടും. നഷ്ടപ്പെട്ടു പോവുന്ന ജലാംശവും ലവണാംശവും സാധാരണഗതിയിലേക്ക് എത്തിക്കാനാണ് ചൂടുകാലത്ത് കഴിക്കുന്ന/ കുടിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ ശ്രദ്ധിക്കേണ്ടത്. ഇക്കാരണങ്ങള്‍ പരിഗണിച്ച് ഉപ്പ് അടക്കമുള്ള ലവണങ്ങള്‍ ശരീരത്തിനകത്ത് എത്തുന്നതരത്തിലുള്ളതാവണം ഭക്ഷണക്രമം.
ശരീരത്തില്‍ ഉപ്പിന്റെ കടമകള്‍?
- കോശങ്ങളുടെ രൂപവും പ്രവര്‍ത്തനവും നിയന്ത്രിക്കുക.
- നാഡികളുടെ ഉത്തേജനത്തിനും, നാഡികളിലൂടെ ഉള്ള വിവരങ്ങളുടെ കൈമാറ്റത്തിനും ആവശ്യം.
- മസിലുകളുടെ പ്രവര്‍ത്തനത്തിനും സോഡിയത്തിന്റെ സാന്നിദ്ധ്യം വേണം.
- വൃക്കകളിലൂടെ ശരീരത്തിലെ ജലാംശത്തിന്റെ ഏറ്റകുറച്ചിലുകള്‍ നിയന്ത്രിക്കുക
ഇപ്രകാരം ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സോഡിയം ആവശ്യമാണ്. അപ്പോള്‍ സോഡിയം കുറഞ്ഞാലോ ? ഈ പ്രവര്‍ത്തനങ്ങള്‍ ഒക്കെ പ്രശ്നമാകും. സോഡിയം കുറയുന്ന അവസ്ഥ വാര്‍ദ്ധക്യത്തില്‍ സര്‍വ്വസാധാരണമാണ്. പരസ്പര ബന്ധമില്ലാതെ സംസാരിച്ചും, ചിലപ്പോള്‍ അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചും, ചിലപ്പോള്‍ ബോധരഹിതരായുമെല്ലാം വരുന്ന പ്രായമായ രോഗികള്‍ക്കുള്ള ഈ അവസ്ഥയുടെ പേര് Geritaric hypontaremia എന്നാണ്.
എങ്ങനെയൊക്കെയാണ് സോഡിയം കുറയുന്നത് ?
- അതിസാരവും ഛര്‍ദ്ദിയും
- അമിതമായ ചൂട്, സൂര്യാഘാതം
- വൃക്ക സംബന്ധമായ അസുഖങ്ങള്‍
- തലച്ചോറിലെ അസുഖങ്ങള്‍
- അമിതമായി മൂത്രം പോകുന്നതിന് കാരണമാകുന്ന മരുന്നുകള്‍
സോഡിയം കുറഞ്ഞാല്‍ ഉള്ള ലക്ഷണങ്ങള്‍ ?
അമിതമായ ക്ഷീണം, തല കറക്കം, തലവേദന, ഛര്‍ദ്ദി, ഓര്‍മ്മക്കുറവ്, ബോധക്ഷയം എന്നിവയുണ്ടാകാം . സോഡിയം വീണ്ടും കുറഞ്ഞാല്‍ അപസ്മാരവും മരണവും വരെ ഉണ്ടാകാം.
അപ്പോള്‍ ഉപ്പ് ശരീരത്തിനുള്ളില്‍ ഏത്തേണ്ടത് അല്പം ഗൗരവമുള്ള കാര്യമല്ലേ? ഉപ്പ് കുറക്കണം എന്ന് ഡോക്ടര്‍മാര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രം നിയന്ത്രണം വരുത്തുക. അല്ലാതെ നാരങ്ങ വെള്ളത്തിലോ കഞ്ഞി വെള്ളത്തിലോ ഉപ്പിട്ട് കുടിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ല എന്നു മാത്രമല്ല, ക്ഷീണവും കുറയും.. അപ്പോള്‍ ഇനി നമ്മക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ??!!
ചൂടില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക
ആരോഗ്യവാനായ മുതിര്‍ന്ന വ്യക്തി ദിവസവും മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചില രോഗാവസ്ഥകളില്‍ വെള്ളത്തിനും ഉപ്പിനും നിയന്ത്രണം ആവശ്യമാണ്. അത്തരം നിയന്ത്രണങ്ങള്‍ ഡോക്ടര്‍ നല്‍കുന്നത് കൃത്യമായി പാലിക്കുകയും വേണം. സാധാരണ വെള്ളം, കഞ്ഞി വെള്ളം, മോരുംവെള്ളം, നാരങ്ങ വെള്ളം തുടങ്ങിയവയെല്ലാം ഉപയോഗിക്കാം.
നിര്‍ജലീകരണമുണ്ടായാല്‍ ചായ, കാപ്പി എന്നിവയേക്കാള്‍ നല്ലത് നാരങ്ങാവെള്ളം പോലുള്ള പാനീയങ്ങളാണ്. കൂടുതല്‍ പഴ വര്‍ഗ്ഗങ്ങള്‍ കഴിക്കണം. ഒപ്പം സാലഡുകളും ശീലമാക്കുക.