വേനലാണ്..കൊടുചൂടാണ്..ക്ഷീണമാണ്.. വേനല്‍ ദിനംപ്രതി എല്ലാവരേയും തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ക്ഷീണം മാറ്റാനും ശരീരം തണുപ്പിക്കാനും എന്ത് കുടിക്കണം എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കുകയാണ് നമ്മള്‍. ഇതറിഞ്ഞ് വഴിയോരങ്ങളിലും കടകളിലും ശീതള പാനീയ വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. 

ചൂടില്‍ കുടിക്കാനെന്തെങ്കിലും തിരഞ്ഞെടുക്കുന്നുണ്ടെങ്കില്‍ ഇനി അത് ഇളനീര്‍ ആയിക്കോട്ടെ..ക്ഷീണം മാറ്റാന്‍ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും ഇളനീരിനുണ്ട്. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന്‍ സി, കാല്‍സ്യം, ഫൈബറുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇളനീര്‍.

1.കലോറി കുറഞ്ഞ പാനീയമാണ് ഇളനീര്‍. ധാരാളം ബയോ-ആക്ടീവ് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനപ്രക്രിയയെ സുഗകരമാക്കുന്നു. നിത്യവും ഇളനീര്‍ കുടിക്കുന്നത് മെറ്റബോളിസത്തെ ഉയര്‍ത്തി വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

2.ബയോ ആക്ടീവ് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അസിഡിറ്റി, വയര്‍ കാളല്‍, വയറെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇളനീര്‍. 

3.ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലന്‍സ് ചെയ്യാന്‍ ഇളനീരിന് സാധിക്കും. അതിനാലാണ് തളര്‍ന്നിരിക്കുമ്പോള്‍ ഇളനീര്‍ കുടിക്കുന്നത് ശരീരത്തിന് നഷ്ടപ്പെട്ട ഊര്‍ജത്തെ തിരിച്ചെത്തിക്കാന്‍ സഹായിക്കുന്നത്. 

tender coconut
Image/Pixabay

4.ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കാന്‍ ഇളനീരിന് സാധിക്കും. അതുകൊണ്ടുതന്നെ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നത് മൂലമുണ്ടാവുന്ന ഒട്ടുമിക്ക അസ്വസ്ഥതകളും പരിഹരിക്കാന്‍ സ്ഥിരമായി ഇളനീര്‍ കുടിക്കുന്നതിലൂടെ സാധിക്കും. 

5.അതിരാവിലെ ഒഴിഞ്ഞവയറില്‍ ഇളനീര്‍ കുടിക്കുന്നത് വളരെ ഗുണപ്രദമാണ്. ഇളനീരില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ അത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും.ഇളനീര്‍ പതിവായി കഴിച്ചാല്‍ നിര്‍ജലീകരണം, മലബന്ധം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാം. 

6. ഹൃദയം, വൃക്ക, കരള്‍, കുടല്‍ രോഗങ്ങളുളളവര്‍ക്ക് അനുയോജ്യമായ പാനീയമാണിത്. പൊട്ടാസ്യവും ലവണങ്ങളും ധാരാളമുളള ഇളനീര്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും, മരുന്നുകളുടെ ആഗിരണം ത്വരിതപ്പെടുത്തുകയും, രോഗശാന്തി വേഗത്തിലാക്കുകയും അപകടകാരികളായ വിഷപദാര്‍ത്ഥങ്ങളെ പുറന്തളളുകയും ചെയ്യുന്നു. വയറിളക്കം, ഛര്‍ദ്ദി, അതിസാരം തുടങ്ങി ജലനഷ്ടം ക്രമാതീതമാകുന്ന അവസരങ്ങളില്‍ ഇളനീര്‍ ഏറെ പ്രയോജനകരമാണ്.

Content Highlight: Tender Coconut Water, Health Benefits of Tender coconut water