കേരളത്തില്‍ നിലവില്‍ അനുഭവപ്പെടുന്നത് അസാധാരണ ചൂടാണ്. കോഴിക്കോട് ജില്ലയില്‍ ഏഴ് വരെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മൂന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍  എന്താണ് ഉഷ്ണതരംഗമെന്ന സംശയം പലര്‍ക്കും ഉണ്ടാകാം. താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രിക്കു മുകളില്‍ ഉയരുകയും ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്.

മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ ശരാശരി താപനില 35 ഡിഗ്രിയാണ്. പാലക്കാട് പോലെയുള്ള ചില സ്ഥലങ്ങളില്‍ മാത്രമാണ്  താപനില അതിലും കൂടാറുള്ളൂ. എന്നാല്‍ ഇത്തവണ പതിവിനു വിപരീതമായി കോഴിക്കോട് ശരാശരിയില്‍ നിന്ന് 3 ഡിഗ്രിയില്‍ കൂടുതല്‍ താപനില ഉയരുന്ന സാഹചര്യവും ഉണ്ടായി. ഉത്തരേന്ത്യയലില്‍ ഉഷ്ണതരംഗം കണ്ടുവരാറുണ്ടെങ്കിലും കേരളത്തില്‍ ഇത് അപൂര്‍വമായിരുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഉഷ്ണതരംഗം ഉണ്ടായത് 2016 ഏപ്രിലിലാണ്. പാലക്കാട് ജില്ലയില്‍ ചൂട് 41 ഡിഗ്രിക്ക് മുകളില്‍ എത്തിയപ്പോഴായിരുന്നു അത്. കാലാവസ്ഥാ വകുപ്പിന്റെ സ്‌റ്റേഷനുകളില്‍ ചൂട് 40 ഡിഗ്രിയില്‍ കൂടുകയോ ശരാശരി നാല് ഡിഗ്രിയിലധികം വ്യത്യാസപ്പെടുകയോ രാ്രതി താപനില ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രിയില്‍ കൂടുകയോ ചെയ്യുമ്പോഴാണ് ഉഷ്ണതരംഗം ബാധിച്ചതായി പ്രഖ്യാപിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ തൃശൂരില്‍ 38 ഡിഗ്രിയും കോട്ടയത്തും കൊല്ലത്തും 37 ഡിഗ്രിയും ചൂട് രേഖപ്പെടുത്തിരുന്നു.

Content Highlights:what is heat wave