പുറത്തോട്ടിറങ്ങിയാല്‍ തീയാണിപ്പോള്‍..! സത്യമാണ്. ചൂട് കൂടിവരികയാണ്. മരം വെട്ടിയതിന്റെയും ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ ഓടിച്ചുകൂട്ടിയതിന്റെയും അങ്ങോട്ട് കൊടുത്തതിന്റെയുമൊക്കെ കണക്ക് പലിശയും പലിശയ്ക്കുപലിശയുമായി ഭൂമി തിരിച്ചുതന്നുകൊണ്ടിരിക്കയാണോയെന്ന് സംശയമില്ലാതില്ല. സംഗതി അത്ര പന്തിയല്ല. സൂക്ഷിക്കണമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയുമെല്ലാം മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താപനില സാധാരണ കാണുന്നതിലും ഒന്നരതൊട്ട് മൂന്നുഡിഗ്രിവരെ കൂടുതലായിരുന്നു എന്നാണ്. അതേത്തുടര്‍ന്ന് സൂര്യതാപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നിലധികമിടങ്ങളില്‍നിന്ന് പുറത്തുവിട്ടിരുന്നു. തൊഴിലാളികളുടെയും മറ്റും തൊഴില്‍സമയം പുനഃക്രമീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചെന്നാണറിവ്.

എന്താണ് ശരിക്കും ഈ സൂര്യതാപം? പകല്‍ സമയത്തുണ്ടാവുന്ന അമിതമായ ചൂട് വരുത്തിവെക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് സൂര്യതാപം. ഇതൊരു നിസ്സാരമായി തള്ളിക്കളയേണ്ട പ്രശ്‌നമല്ല. ഗുരുതരമായാല്‍, ശരിയായ ശ്രദ്ധ നല്‍കാതിരുന്നാല്‍ മരണംപോലും സംഭവിക്കാവുന്നത്ര ഗുരുതരമാണിത്. ജീവിതത്തിന്റെ രണ്ട് അറ്റങ്ങളിലുമുള്ളവര്‍ക്ക്, അതായത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമാണ് സൂര്യതാപംകൊണ്ടുള്ള പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യത കൂടുതല്‍. മറ്റെന്തെങ്കിലും ശാരീരികപ്രശ്‌നമുള്ളവര്‍ക്കും താപനില ഉയരുന്നതുകൊണ്ടുള്ള കുഴപ്പങ്ങള്‍ വേഗത്തില്‍ ബാധിച്ചേക്കാം.

സാധാരണ സൂര്യതാപമുണ്ടാവുന്നത് അന്തരീക്ഷത്തില്‍ ഉയര്‍ന്ന താപനിലയും ഈര്‍പ്പവുമുള്ള അവസ്ഥയിലാണ്. വെയിലത്ത് ജോലിചെയ്യുന്നവരില്‍ സൂര്യതാപംമൂലമുള്ള മരണങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ ശരീരത്തിലെ ചൂട് ഒരു നിശ്ചിതപരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നത് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളാണ്. എന്നാല്‍, ഒരു പരിധിക്കപ്പുറത്തേക്ക് ആ താപനില ഉയര്‍ന്നുകഴിയുമ്പോള്‍ ആ സംവിധാനങ്ങള്‍ തകരാറിലാവുന്നു.

ചൂടുകാരണം ശരീരത്തില്‍നിന്ന് അമിതമായ തോതില്‍ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതാണ് ഒരു പ്രശ്‌നം. നിര്‍ജലീകരണമെന്ന് ഇതിനെ വിളിക്കും. വിയര്‍ത്തൊലിച്ച് പോവുന്നത് കൂടാതെ നേരിട്ട് ബാഷ്പമായും ജലം നഷ്ടപ്പെടാം. ശരീരത്തില്‍നിന്ന് പരിധിവിട്ട് ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ടാല്‍ ആദ്യം അത് ബാധിക്കുന്നത് വൃക്കകളെയാവാം. നന്നായി വെള്ളം കുടിക്കുന്നതാണ് പരിഹാരം. ഉപ്പിട്ട വെള്ളമോ ജ്യൂസോ ഒക്കെ ആണെങ്കിലും കുഴപ്പമില്ല. കാപ്പിയും ചായയും മദ്യവുമൊക്കെ ഒഴിവാക്കുന്നതാണ് ഉചിതം.

ആവശ്യത്തിന് വെള്ളംകുടിക്കാതെ അമിതമായ ചൂടുള്ള ഇടങ്ങളില്‍ ജോലിചെയ്യേണ്ടിവന്നാല്‍ സാവധാനം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്ന സൂര്യതാപമാണ് ഒരുതരം. പെരുമാറ്റത്തിലെ പ്രശ്‌നങ്ങള്‍, ആശയക്കുഴപ്പം തുടങ്ങി അപസ്മാരംപോലെയുള്ള പ്രശ്‌നങ്ങളിലേക്കും ഒടുവില്‍ കോമയിലേക്കും നീങ്ങാം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത, നേരിട്ട് വെയിലത്ത് ജോലിചെയ്യേണ്ടിവരുന്നവരെ ബാധിക്കുന്നതരം സൂര്യതാപത്തില്‍ കാണുന്ന തരത്തില്‍ മുകളിലത്തേതില്‍നിന്ന് വ്യത്യസ്തമായി ചര്‍മം നനഞ്ഞിരിക്കാം.

മുന്‍കരുതലുകള്‍

1. ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ ശുദ്ധജലം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്നിവ ഉപയോഗിക്കാം. ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളാല്‍ വെള്ളം കുടിക്കുന്നതിനും ഉപ്പ് ഉപയോഗിക്കുന്നതിനുമൊക്കെ നിയന്ത്രണമുള്ളവര്‍ അവരവരുടെ ഡോക്ടറുടെ നിര്‍ദേശം പിന്തുടരുമല്ലോ.

2. അമിതമായ ചൂടില്‍ തുറസായ സ്ഥലത്തും വെയിലത്തുമൊക്കെയുള്ള അദ്ധ്വാനം ഒഴിവാക്കുക. പ്രത്യേകിച്ച് കാലത്ത് പതിനൊന്നു മുതല്‍ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. തൊഴിലാളികളുടെ ജോലിസമയമുള്‍പ്പെടെയാണിത്.

3. അയഞ്ഞുകിടക്കുന്നതരം കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്. ഇളം നിറത്തിലുള്ളതാവാന്‍ ശ്രദ്ധിക്കുക. വെയിലത്ത് കുട ഉപയോഗിക്കുക.

4. സൂര്യതാപത്തിന്റെയോ മറ്റേതെങ്കിലും രോഗത്തിന്റെയോ ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടുക. പ്രത്യേകിച്ച് കുട്ടികളുടെയും പ്രായമായവരുടെയും കാര്യത്തില്‍ ശ്രദ്ധിക്കുക.

അപ്പോള്‍ എന്തെല്ലാമാണ് ലക്ഷണങ്ങള്‍? മുമ്പ് പറഞ്ഞത് കൂടാതെ ഓക്കാനവും ചെറിയ തളര്‍ച്ചയും തലകറക്കവുമൊക്കെ വെയിലത്ത് ജോലിചെയ്യുമ്പോള്‍ അനുഭവപ്പെട്ടാല്‍ അവിടെത്തന്നെ തുടരരുത്. തണലില്‍ പോയി വിശ്രമിക്കുക. ധാരാളം വെള്ളം ഉപ്പും പഞ്ചസാരയും ചേര്‍ത്തത് കുടിച്ച് വിശ്രമിക്കുക. ഒപ്പം സാധാരണയിലധികം വിയര്‍പ്പോ ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നതോ ഒക്കെ പ്രത്യക്ഷപ്പെടാം. എത്രയും വേഗം ഒരു ഡോക്ടറുടെ സേവനവും പ്രയോജനപ്പെടുത്തുക.

ആര്‍ക്കെങ്കിലും സൂര്യതാപമേറ്റതായി സംശയിച്ചാല്‍ എത്രയുംവേഗം അയാളെ തണലുള്ള സ്ഥലത്തേക്ക് മാറ്റിക്കിടത്തുക. മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന പതയോ നുരയോ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക. വസ്ത്രങ്ങള്‍ അയച്ച് ശരീരം തുടര്‍ച്ചയായി തണുത്ത വെള്ളംകൊണ്ട് തുടയ്ക്കുക. ഫാനോ മറ്റേതെങ്കിലും രീതിയോ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുക.

ആരോഗ്യവകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയുമെല്ലാം നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരുക. ചൂടുകാലം ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളുടെയുംകൂടി കാലമാണ്. വ്യക്തിശുചിത്വം കൃത്യമായി പാലിക്കേണ്ടതും സമീകൃതമായ പോഷകാഹാരം കഴിക്കേണ്ടതും അനിവാര്യമാണ്. പരീക്ഷക്കാലമാകയാല്‍ പരീക്ഷയ്ക്ക് പോവുന്ന കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം അധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ട്.

Content Highlight: Summer care, Beat the heat