പൊള്ളുന്ന ചൂടിനൊപ്പം വയറിളക്കവും ചിക്കന്‍ പോക്‌സുമുള്‍പ്പെടെയുള്ള രോഗങ്ങളും കൂടുന്നു. മാര്‍ച്ചില്‍ മാത്രം ഇതുവരെ 3,380 പേരാണ് വയറിളക്കത്തിന് ചികിത്സ തേടിയത്. 278 പേര്‍ക്ക് ചിക്കന്‍ പോക്‌സും പിടിപെട്ടു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ 9004 പേരാണ് വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രികളിലെത്തിയത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. 14,708 പേര്‍ക്കാണ് ഈ മാസം പനി ബാധിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇത് 43,300 പേരായിരുന്നു.

ഇതോടൊപ്പം ഹെപ്പറ്റൈറ്റിസും എച്ച് വണ്‍ എന്‍ വണ്ണും ചില ഭാഗങ്ങളില്‍ കാണുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ബി വിഭാഗങ്ങളിലായി നാല്‍പ്പതിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എലിപ്പനി കേസുകളുമുണ്ട്. ജനുവരി മുതല്‍ ഇതുവരെ എലിപ്പനി സംശയിക്കുന്ന ഇരുപതോളം പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

ചൂടിനൊപ്പം ജലജന്യരോഗങ്ങളാണ് കൂടുതലായി വ്യാപിക്കുക. നിലവില്‍ രോഗങ്ങള്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യമില്ലെന്നും ചിലയിടങ്ങളില്‍ വയറിളക്കവും മറ്റും കണ്ടും വരുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കിണര്‍വെള്ളം തിളപ്പിക്കാന്‍ മടിക്കരുത്

സ്വന്തം വീട്ടിലെ കിണര്‍ വെള്ളമായതിനാല്‍ ശുദ്ധമാണെന്ന ധാരണയാണ് ഇപ്പോഴും പലരും വെച്ചുപുലര്‍ത്തുന്നത്. അതിനാല്‍ പച്ചവെള്ളം കുടിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന നിലപാടാണ് പലരും സ്വീകരിക്കുന്നത്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടാന്‍ കാരണമാകുന്നുണ്ട്.

ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനം. തിളപ്പിക്കാതെ വെള്ളം കുടിക്കരുത്. വെള്ളം വൃത്തിയായി അടച്ചുവെച്ചില്ലെങ്കില്‍ കൊതുക് മുട്ടയിടും. ഇതിനുള്ള സാധ്യത ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതുപോലെ വ്യക്തിശുചിത്വം പാലിക്കുകയും വേണം.

പുറമെനിന്ന് ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. കേടായതും പഴകിയതുമായ ഭക്ഷണവും പഴവര്‍ഗങ്ങളുമൊന്നും കഴിക്കരുത്.

കുടിവെള്ളം പരിശോധിക്കാം

കുടിവെള്ളവും അതിന്റെ ഗുണനിലവാരവും കുറയുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ പരിശോധന നടത്തുന്നുണ്ട്. വാട്ടര്‍ അതോറിറ്റി, സി.ഡബ്ല്യു.ആര്‍.ഡി.എം., മലാപ്പറമ്പ് റീജണല്‍ അനലിറ്റിക്കല്‍ ലാബ് എന്നിവിടങ്ങളിലെല്ലാം പരിശോധനയുണ്ട്.

ഫിസിക്കല്‍-കെമിക്കല്‍ പരിശോധന നടത്തണമെങ്കില്‍ ഒരു ലിറ്റര്‍ വെള്ളം വേണമെന്ന് വാട്ടര്‍അതോറിറ്റിയുടെ മലാപ്പറമ്പ് പരിശോധനാ കേന്ദ്രത്തിലുള്ളവര്‍ പറഞ്ഞു. നിറമുള്ള കുപ്പികളില്‍ വെള്ളമെത്തിക്കരുത്. 500 രൂപയാണ് നിരക്ക്. ബാക്ടീരിയ പരിശോധനയ്ക്കാണെങ്കില്‍ സ്റ്റെറിലൈസ് ചെയ്ത കുപ്പിയില്‍ 50 മില്ലി വെള്ളമാണ് വേണ്ടത്. രണ്ട് പരിശോധനയ്ക്കുമായി 850 രൂപയാണ് ഈടാക്കുന്നത്. പത്തുദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ഫെബ്രുവരിയില്‍ മാത്രം 1200 സാമ്പിള്‍ പരിശോധനയ്ക്കായി ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഫോണ്‍: 0495-2374570.

പരിശോധന നടത്തും

ഏപ്രില്‍ ഒന്നുമുതല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പരിശോധന നടത്തും. തട്ടുകളിലും കൂള്‍ബാറുകളിലുമെല്ലാം പരിശോധിച്ച് വൃത്തിയില്ലാതെ ഭക്ഷണ-പാനീയം ഉണ്ടാക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.- ഡോ. ആര്‍.എസ്. ഗോപകുമാര്‍, (കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍).

Content Highlight: Water Born Disease during summer, Health problems during summer,diarrhea,hepatitis b