കോട്ടയം: ചൂടല്ല ഇത് കനലാണെന്ന് വെയിലില്‍ ഇറങ്ങുന്നവര്‍. ചൊവ്വാഴ്ച കോട്ടയത്തെ ചൂട് 35.5 ഡിഗ്രി സെല്‍ഷ്യസ്. പറമ്പില്‍ ജോലിചെയ്യുന്നവരും തൊഴിലുറപ്പുകാരും വെയില്‍കൊള്ളേണ്ടി വരുന്നവരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വന്നുകഴിഞ്ഞു. പകല്‍ 11മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

കോട്ടയത്തെ സമീപകാലത്തെ ഏറ്റവും വലിയ ചൂട് കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്‍പതിനായിരുന്നു, 38.5 ഡിഗ്രിസെല്‍ഷ്യസ്. ഇതിനുമുമ്പ് ഇത്രയും പൊള്ളിയത് ഇരുപതുവര്‍ഷം മുമ്പാണ്. 1998 ഏപ്രില്‍ 16ന് ഇതേ ചൂട് അനുഭവപ്പെട്ടതായി റബ്ബര്‍ ബോര്‍ഡിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ കണക്കുകള്‍ പറയുന്നു.

ഈ വര്‍ഷം പക്ഷേ, മഴ കിട്ടിയത് പോയവര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ്. 2018 മാര്‍ച്ച് അഞ്ചുവരെ 0.6 മില്ലിലിറ്ററായിരുന്നു കോട്ടയത്തെ മഴ. ഈ വര്‍ഷം ഇതുവരെ കിട്ടിയ മഴ 40 മില്ലിയാണെന്ന ആശ്വാസമുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പം ഇപ്പോള്‍ 49 ശതമാനമാണ്. ഇത് കുറഞ്ഞതിനാല്‍ സൂര്യനില്‍ നിന്നുള്ള തീവ്രവികിരണങ്ങള്‍ ഭൂമിയിലേക്ക് അനായാസം എത്തുന്നു. മേഘവും ഇപ്പോള്‍ കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.

Content Highlights: Overheat and drought in kottayam