കോഴിക്കോട്:  ഉഷ്ണതരംഗ മുന്നറിയിപ്പ് ശക്തമായതോടെ ഏറ്റവും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം നിര്‍ദേശിച്ച കോഴിക്കോട് ജില്ലയില്‍ ജില്ലാ ഭരണകൂടം നടപടി ശക്തമാക്കി. ഇതിനായി ചൊവ്വാഴ്ച കളക്ടറേറ്റില്‍ ഉന്നത തല സമിതി യോഗം ചേര്‍ന്നു. വെയില്‍ ശക്തമാവുന്ന സമയത്തെ ജോലി ക്രമീകരണം പാലിക്കാത്താവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതുപോലെ ഹോട്ടലുകളില്‍ സൗജന്യ കുടിവെള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  

രാവിലെ 11 മണി മുതല്‍ മൂന്ന് മണിവരെയാണ് ക്രമീകരണം.  ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളേയും നിയോഗിച്ചിട്ടുണ്ട്. ചൂട് ശക്തമാവുമെന്ന് അറിയിച്ചതിനാല്‍ റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും ബന്ധുപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യഗസ്ഥരുമാണ് ചൊവ്വാഴ്ച യോഗത്തില്‍ പങ്കെടുത്തത്. 

ചൊവ്വാഴ്ച മുതല്‍ താപനില 37 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 36.3 ഡിഗ്രിയും, 35.2 ഡിഗ്രിയുമാണ് താപ നില. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയാണ് മാര്‍ഗമെന്നും നിര്‍ദേശിച്ചു.