രീരോഷ്മാവ് 98.4 ഡിഗ്രി എ(37ഡിഗ്രി സെല്‍ഷ്യസ്) എന്ന രീതിയില്‍ സൃഷ്ടിയില്‍തന്നെ ക്രമപ്പെടുത്തിയതാണ്. അത് അതേരീതിയില്‍ത്തന്നെ നിലനിര്‍ത്താന്‍ ശരീരത്തിലെ പല രാസപ്രവര്‍ത്തനങ്ങളും ക്രമപ്പെടുത്തുന്നത് തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ്. സാധാരണ പനിവരുമ്പോള്‍ 104 ഡിഗ്രി എ വരെ ശരീരത്തിന് ദോഷങ്ങളില്ലാതെ താങ്ങാവുന്നതാണ്.

അന്തരീക്ഷ ഊഷ്മാവ് അനിയന്ത്രിതമായി കൂടിയാല്‍ ശരീരോഷ്മാവ് ക്രമീകരിക്കുന്ന ഈ പ്രക്രിയ നടക്കാതെവരും. അതോടൊപ്പം, ശരീരത്തിന്റെ ചൂട് 104 ഡിഗ്രി എല്‍ കൂടുകയും ചെയ്യുമ്പോഴാണ് അത് തലച്ചോറ്, ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ എല്ലാ പ്രധാന അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ഇതിന്റെയെല്ലാംകൂടെ അമിതമായ ചൂടുള്ള സൂര്യരശ്മികള്‍ നേരിട്ട് ശരീരത്തില്‍ പതിക്കുമ്പോഴുണ്ടാകുന്ന പൊള്ളലും (സൂര്യാഘാതം) മറ്റും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.

ശരീരോഷ്മാവ് നിയന്ത്രിക്കുന്നത് പ്രധാനമായും വിയര്‍പ്പിലൂടെയാണ്. ശരീരത്തിലെ ചൂട് കൂടുമ്പോള്‍ വിയര്‍ക്കുകയും ഈ വിയര്‍പ്പ് പുറത്തുവരുമ്പോള്‍ ബാഷ്പീകരിക്കപ്പെട്ട് ശരീരത്തിലെ ചൂട് വികിരണംചെയ്യുകയും ശരീരം തണുക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നടക്കണമെങ്കില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം (Humidity) വളരെ താഴെയായിരിക്കണം. ആപേക്ഷിക ഈര്‍പ്പം (Relative Humidity) 60 ശതമാനത്തിന് മേലെയായാല്‍ വിയര്‍പ്പിന്റെ ബാഷ്പീകരണം അപകടകരമാം വിധത്തില്‍ മെല്ലെയാവും. അതിനാല്‍ത്തന്നെ ഈര്‍പ്പം കൂടുന്തോറും ശരീരോഷ്മാവ് കൂടുകയും ശരീരത്തിലെ സന്തുലിതാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. 

അന്തരീക്ഷോഷ്മാവും ശരീരോഷ്മാവും കൂടുന്നതുമൂലമുണ്ടാകുന്ന എല്ലാ അസുഖങ്ങളുടെയും കാരണം ശരീരത്തിലെ ജലാംശവും ധാതുക്കളും നഷ്ടപ്പെടുന്നതാണ്. ചെറിയ രീതിയിലുള്ള ക്ഷീണം, തളര്‍ച്ച തുടങ്ങി ഛര്‍ദി, വിറയല്‍, മാനസിക പിരിമുറുക്കങ്ങള്‍, ശക്തിയായ തലവേദന, ശരീരവേദന, ബോധക്ഷയം എന്നിവവരെ ഉണ്ടാകും. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ പ്രധാനപ്പെട്ട എല്ലാ ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. ശരീരത്തിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിനുവേണ്ടി ഇവരുടെ ഹൃദയമിടിപ്പ് കൂടുന്നതോടൊപ്പം ത്വക്ക് വരണ്ടതും ചൂടുള്ളതുമാകുന്നു. ശ്വാസോച്ഛ്വാസം വേഗത്തിലാവുകയും പള്‍സ് വളരെ ശോഷിക്കുകയും വായയും തൊണ്ടയും ഉണങ്ങിവരണ്ടുപോവുകയും ചെയ്യുന്നു.

ഇത് ഗുരുതര ആരോഗ്യപ്രശ്‌നമായി കാണേണ്ടതും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടനെ രോഗിയെ തണുപ്പുള്ള അന്തരീക്ഷത്തിലേക്ക് മാറ്റണം. ശരീരോഷ്മാവ് കുറയ്ക്കാന്‍ നനഞ്ഞ തുണിയോ ഐസോ ഉപയോഗിച്ച് ശരീരം തുടച്ചുകൊണ്ടിരിക്കുകയും ഫാന്‍, എ.സി. എന്നിവയുടെ കാറ്റ് ശരീരത്തില്‍ കിട്ടുന്ന രീതിയില്‍ കിടത്തുകയും വേണം. ഇറുകിയതും ഇരുണ്ടതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതിനോടൊപ്പം ധാരാളം വെള്ളം കുടിപ്പിക്കുകയും പറ്റുമെങ്കില്‍ ഉപ്പും മധുരവും ചേര്‍ന്ന വെള്ളമോ ജൂസുകളോ ധാരാളം കഴിപ്പിക്കുകയും വേണം. കഴിയുന്നത്ര വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ മറക്കരുത്.

ഇത് കൂടുതല്‍ ബാധിക്കുന്നത് നേരിട്ട് വെയില്‍ കൊള്ളുന്ന രൂപത്തിലുള്ള ജോലിചെയ്യുന്നവരിലോ കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരിലോ ആണ്. അന്തരീക്ഷതാപം കൂടുന്നതിനനുസരിച്ച് വീട്ടിലോ ഫ്‌ളാറ്റിലോ താമസിക്കുന്നവര്‍ക്കും പ്രത്യേകിച്ച് പ്രായമായവരിലും ചെറിയ കുട്ടികളിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാവും.

ഗ്രാമപ്രദേശങ്ങളേക്കാള്‍ നഗരപ്രദേശങ്ങളിലാണ് ഇതിന്റെ തീവ്രത കൂടുതല്‍. നഗരപ്രദേശങ്ങളില്‍ ജനസാന്ദ്രത കൂടുന്നതിനോടൊപ്പം കെട്ടിടങ്ങളുടെയും വീടുകളുടെയും എണ്ണവും കൂടുന്നു. മൂന്നരക്കോടിയോളം ജനങ്ങള്‍ക്ക് ഒരു കോടിയിലധികം വീടുകളും ഒരു കോടിയിലധികം വാഹനങ്ങളും ഇന്ന് കേരളത്തിലുണ്ട്. വാഹനങ്ങളില്‍നിന്നുള്ള പുകയും ചൂടും കെട്ടിടങ്ങളില്‍നിന്ന് വികിരണംചെയ്യുന്ന ചൂടിനൊപ്പം മരങ്ങള്‍ മുറിച്ചുമാറ്റുന്നതുമെല്ലാം ഈ അവസ്ഥയെ അതികഠിനമാക്കുന്നു. ഭൂപരിധിനിയമംപോലെ ഭവനപരിധിയും വാഹനപരിധിയും നിയമമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സിമന്റ് ഉപയോഗിച്ചുള്ള കെട്ടിടങ്ങളും ടാറിട്ട റോഡുകളും പകല്‍ സമയത്ത് ചൂടിനെ വേഗത്തില്‍ ആഗിരണം ചെയ്യുകയും രാത്രിയില്‍ സാവധാനം വികിരണംചെയ്യുകയും ചെയ്യുന്നതിനാല്‍ രാത്രിസമയത്ത് ചൂട് കൂടുന്നു. അതിനോടൊപ്പം തുറസ്സായ സ്ഥലത്തേക്കാള്‍ കെട്ടിടങ്ങളുടെ ഇടയിലെ ചൂടുവായു അവിടെത്തന്നെ കെട്ടിനില്‍ക്കുന്നതിനാല്‍ (ഉഷ്ണത്തുരുത്ത്) ഇതിന്റെ തീവ്രത വീണ്ടും കൂടുന്നു. അതിനാല്‍ത്തന്നെ അന്തരീക്ഷോഷ്മാവ് കൂടുന്നതിന്റെ ഭവിഷ്യത്തുകള്‍ നഗരപ്രദേശങ്ങളില്‍ കൂടുതലായി കാണുന്നു.

ചൂടില്‍നിന്ന് കാവല്‍തേടാം

പ്രതിരോധമാണ് ചികിത്സയെക്കാള്‍ ഭേദം എന്നതിനാല്‍, ചൂട് കൂടുന്ന കാലങ്ങളില്‍ കട്ടികുറഞ്ഞതും വായുസഞ്ചാരം ഉണ്ടാക്കുന്നതുമായ വെള്ളയോ മറ്റ് ഇളംകളറിലുള്ളതും ഇറുകിപ്പിടിക്കാത്തതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതും കുട ഉപയോഗിക്കുന്നതും അഭികാമ്യമാണ്. കറുത്ത വസ്ത്രം ചൂടിനെ ആഗിരണംചെയ്യുകയും വെള്ളവസ്ത്രം ചൂടിനെ വികിരണംചെയ്യുകയും ചെയ്യുന്നു. വെയില്‍കൊള്ളുന്ന സമയത്ത് സണ്‍സ്‌ക്രീന്‍ ലേപനങ്ങള്‍ പുരട്ടുന്നത് നല്ലതാണ്. പക്ഷേ, അള്‍ട്രാവയലറ്റ് രശ്മികളില്‍ 'എ'യും 'ബി'യും ഭൂമിയില്‍ എത്തുന്നതിനാല്‍ ബ്രോഡ് സെപ്ക്ട്രം സണ്‍ സ്‌ക്രീനും എസ്.പി.എഫ്. (Sun Protection Factor) 30ന് മുകളില്‍ ഉള്ളതും ഉപയോഗിക്കണം. തന്നെയുമല്ല, കുറേ സമയത്തേക്ക് വെയില്‍ തട്ടുകയാണെങ്കില്‍ ഓരോ രണ്ടുമണിക്കൂര്‍ കൂടുമ്പോഴും ഈ ലേപനം പുരട്ടണം.

നല്ല വെയിലുള്ള സമയങ്ങളില്‍ പുറത്തുള്ള ജോലിചെയ്യല്‍ നിര്‍ബന്ധമാണെങ്കില്‍ ഓരോ 20 മിനിറ്റിലും ഒരു ഗ്‌ളാസ് എന്ന തോതില്‍ വെള്ളം കുടിക്കണം. മൂത്രത്തിന്റെ നിറം ഒരു സൂചനയായി കണക്കാക്കാം. കടുത്ത നിറത്തിലുള്ള മൂത്രം വെള്ളത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നു.

ഇതൊക്കെയാണെങ്കിലും വരും തലമുറയുടെ ഭവിഷ്യത്തുകള്‍ മാറുന്നില്ല. അതിന് നമ്മള്‍ വസിക്കുന്ന ഭൂമിയോട് അല്പമെങ്കിലും കരുണയോ സ്‌നേഹമോ കടപ്പാടോ കാണിക്കണം. 

Content Highlight: Sun stroke and health care , Hot summer, Summer Health Care