കേരളം പോളിങ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. വോട്ട് ചെയ്ത് കയ്യില്‍ മഷിപുരട്ടി നാളെ നമ്മളും ജനാധിപത്യത്തിന്റെ ഭാഗമാകും. തിരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനല്‍ ചൂടും ഉച്ഛസ്ഥായിലായതിനാല്‍ വോട്ട് ചെയ്യാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യം തന്നെ. നില്‍പ് അല്‍പം നീളുന്നതിനാല്‍ ചില കാര്യങ്ങളില്‍ കുറച്ചധികം മുന്‍കരുതല്‍ സ്വീകരിക്കണം. 

പല ബൂത്തുകളിലും ബൂത്ത് ഉദ്യോഗസ്ഥര്‍ തണലൊരുക്കിയിട്ടുണ്ടെങ്കിലും ക്യൂ നീണ്ടാല്‍ പലരും വെയിലത്താവുമെന്നുറപ്പ്. കൊടുവെയിലില്‍ ഏറെ നേരം നിന്നാല്‍ തീര്‍ച്ചയായും തലചുറ്റല്‍, ക്ഷീണം തലകറക്കം എന്നിവ അനുഭവപ്പെട്ടേക്കാം. ഇതൊഴിവാക്കാന്‍ കുട കൈയില്‍ കരുതുന്നത് നല്ലതാണ്. 

കുടിക്കാന്‍ വെള്ളം എടുക്കാനും മറക്കേണ്ട. കുടിവെള്ള വിതരണം സാധാരണമായിട്ടുണ്ടെങ്കിലും എത്രത്തോളം ലഭ്യമാണെന്ന് നമുക്കറിയില്ല. അതിനാല്‍ കുറച്ചധികം വെള്ളം കയ്യിലെടുക്കാം. ഉപ്പിട്ട നാരാങ്ങാവെള്ളമോ കഞ്ഞിവെള്ളമോ ആണ് എടുക്കുന്നതെങ്കില്‍ ഉത്തമം. ദാഹമില്ലെങ്കില്‍ പോലും അല്‍പാല്‍പം വെള്ളം കുടിച്ചുകൊണ്ടിരിക്കാം. 

ക്ഷീണം തോന്നിയാല്‍ നില്‍പ് തുടരാതെ തണലുള്ള സ്ഥലത്തേക്ക് മാറാം. തണലും തണുപ്പും ശുദ്ധവായുവും ക്ഷീണം കുറയ്ക്കും. 

അകത്തേക്ക് കാറ്റ് കയറുന്ന തരത്തില്‍ അയഞ്ഞ വസ്ത്രം ധരിക്കുന്നതാണ് നല്ലത്. 

സൂര്യതാപത്തിന്റെയോ മറ്റേതെങ്കിലും രോഗത്തിന്റെയോ ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടുക. പ്രത്യേകിച്ച് കുട്ടികളുടെയും പ്രായമായവരുടെയും കാര്യത്തില്‍. 

വെയിലില്‍ ആരെങ്കിലും തളര്‍ന്നുവീഴുന്നത് കണ്ടാല്‍ അവരെ എത്രയും പെട്ടന്ന് തണലുള്ള സ്ഥലത്തേക്ക് മാറ്റി ശുദ്ധജലം നല്‍കുക. വിറയല്‍, വായില്‍ നിന്നും നുരയും പതയും വരല്‍, ബോധം പോവുക തുടങ്ങിയ ഗൗരവകരമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം ഉറപ്പാക്കുക.

Content Highlight: Summer Care , Summer Care Tips