ഡാ ഗഡിയേ പുറത്തേക്കാ പോണേച്ചാ, എന്നേം കൂടെ കൂട്ടിക്കോ...ട്ടാ... ഇല്ലേല്‍ ചൂട് സഹിക്കാനാവില്ലാട്ടാ...അല്ലേലും ഈ ചെക്കന്മാരിങ്ങനെയാ, മഴ വരുമ്പോള്‍ മാത്രം കൂടെ കൊണ്ടുപോകാന്‍ നില്‍ക്കും. വെയിലത്ത് കുട ചൂടാന്‍ നീ എന്താ പെങ്കുട്ട്യാണോ എന്ന് പണ്ടാരോ ചോദിച്ചത് അവന് നാണക്കേടായിപോലും. എന്റിഷ്ടാ, അതൊക്കെ ആള്‍ക്കാര്‍ തമാശയ്ക്ക് പറയുന്നതാട്ടോ. സൂര്യതാപമുന്നറിയിപ്പുള്ള ജില്ലയാ മ്മടെ.. ഓര്‍ത്താല്‍ കൊള്ളാം. അതോണ്ട് നാണക്കേട് വിചാരിക്കാണ്ടാന്ന്... എന്നെ അങ്ങ് കൂടെ കൂട്ടിക്കോ.

കുട നന്നാക്കാനിരിക്കുന്നവരോട് ചേട്ടാ, കേടായ കുട നന്നാക്കാനൊക്കെ ആളു വരുന്നുണ്ടോന്ന് ചോദിച്ചാല്‍ പറയും.

ഓ കുറവാണെന്നേ, മഴക്കാലം വന്നാലേ ആളുകള്‍ക്ക് കുടയോട് സ്‌നേഹമുള്ളൂ, വെയിലത്തിപ്പോ എന്തിനാ കുട എന്നു ചിന്തിക്കുന്നവരാ കൂടുതലും. മഴക്കാലമായാല്‍ കൂടുതലും കുടയുടെ തുണിമാറ്റിയെടുക്കാന്‍ ആള് വരും. അതിനിപ്പോ ഒരു 150 രൂപ വരെ ചെലവുണ്ട്. അപ്പോ ആളുകള് ചിന്തിക്കും, 250 രൂപയ്ക്കുവരെ പുതിയ കുട കിട്ടുമ്പോള്‍ എന്തിനാപ്പോ പഴയത് നന്നാക്കുന്നേന്ന്, കൈരളി തിയേറ്ററിനു മുന്നില്‍ കുട നന്നാക്കാനിരിക്കുന്ന മുരുകന്‍ ചേട്ടന് പറയുമ്പോഴേക്കും ചിരി. നന്നാക്കുന്നതിനെക്കാള്‍ പുതിയത് വാങ്ങാനാണ് ആളുകള്‍ക്ക് താത്പര്യം. പിന്നെ കേടായ കുടയുടെ ഒരു കമ്പി നന്നാക്കുന്നതിന് 30 രൂപയാണ് വാങ്ങുക. വീട്ടില്‍നിന്ന് അമ്മയോ ഭാര്യയോ നിര്‍ബന്ധിച്ചാല്‍ മഴയൊന്നും പെയ്യില്ല എന്തിനാ ഇപ്പോ കുട എന്ന് കലാവസ്ഥാ പ്രവചനം നടത്തുന്നവരോട് ഒന്നേ പറയാനുള്ളു.... കാലാവസ്ഥ മാറുകയാണ് കുട പിടിച്ചേ മതിയാകൂ.

അല്ലെങ്കില്‍ത്തന്നെ എന്താ കുടയ്‌ക്കൊരു കുറവ്. പണ്ട് ഓലയില്‍ തുടങ്ങിയതാ.... ഇപ്പോ ത്രീഫോള്‍ഡും കഴിഞ്ഞ് നാലായും അഞ്ചായുംവരെ മടക്കാവുന്ന പരുവത്തിലെത്തിയില്ലേ. ജീന്‍സിന്റെ പോക്കറ്റിലോ ലേഡീസ് ബാഗിലോ ഭദ്രമാക്കി വെയ്ക്കാലോ. പണ്ടാണെങ്കില്‍ വെള്ളം വീണ് നനഞ്ഞാലും നമ്മുടെ കാരണവന്മാര്‍ക്ക് കുട വിട്ടൊരു കളിയില്ലായിരുന്നു. വെയിലാണെങ്കിലും മഴയാണെങ്കിലും അമ്മാവന്മാരുടെ കോളറില്‍ തൂങ്ങിയൊരു പോക്കായിരുന്നു. അന്ന് ഇങ്ങനെ ന്യൂജനറേഷന്‍ 'കാലന്‍' ഒന്നും ആയിട്ടില്ല.

ചില്ലറക്കാരനാണെന്ന് കരുതി ഒഴിവാക്കുന്നതെങ്കില്‍ തെറ്റി. അങ്ങ് പുരാണത്തില്‍വരെ നമുക്ക് പിടിയുണ്ട്. സപ്തര്‍ഷികളില്‍ ഒരാളായ ജമദഗ്‌നി അസ്ത്രവിദ്യയില്‍ സമര്‍ഥനായിരുന്നു. അദ്ദേഹം തൊടുക്കുന്ന അസ്ത്രങ്ങളെല്ലാം വിവിധയിടങ്ങളില്‍നിന്ന് കണ്ടെത്തി തിരിച്ചുകൊണ്ടുവരുന്നത് പത്‌നി രേണുകയായിരുന്നു. കത്തുന്ന വെയിലില്‍ തളര്‍ന്നുപോയ രേണുക വരാന്‍ താമസിച്ചതോടെ സൂര്യനുനേരെ ജമദഗ്‌നിയുടെ കോപം ജ്വലിച്ചു. സൂര്യനുനേരെ അമ്പെയ്യാന്‍ ഒരുങ്ങിയതോടെ സൂര്യന്‍ ക്ഷമ യാചിച്ചു എന്നിട്ട് വെയിലേറ്റു തളരാതിരിക്കാന്‍ രേണുകയ്ക്ക് കുട നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.

പണ്ടൊക്കെ മഴപെയ്താല്‍ പറമ്പിലിറങ്ങി അവിടെ സുലഭമായുള്ള വാഴയുടെയോ ചേമ്പിന്റെയോ ഇല മുറിച്ചെടുത്ത് തലയ്ക്കുമുകളില്‍ പിടിച്ചാല്‍ മതി. പിന്നെ സുഖം. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാവുന്ന ഡിസ്പോസിബിള്‍ കുട... ഇന്നിപ്പോള്‍ കെട്ടും മട്ടും ലുക്കും ഒക്കെ മാറി. എന്നാലും ആവശ്യമുള്ളപ്പോള്‍ മാത്രം അന്വേഷിക്കുന്ന മലയാളികളുടെ ഈ സ്വഭാവം. അതാണ് വിഷമം. മഴ കഴിഞ്ഞാല്‍ വീടിന്റെ മൂലയിലോട്ട് ഒരു ഏറാണ്. പെണ്‍കുട്ടികള്‍ക്കാണ് എന്നോട് കൂടുതലും താത്പര്യം. അവരാണല്ലോ കൂടുതലും എന്നെ കൊണ്ടുനടക്കുന്നത്.

സണ്‍ക്രീമും ലോഷനുമൊക്കെ ആവശ്യമാണ് എങ്കിലും ബസില്‍നിന്നിറങ്ങി ഓഫീസുവരെ പോകാനും സ്‌കൂളിലേക്കു പോകാനുമൊക്കെ ചിലഘട്ടങ്ങളില്‍ എന്നെ ചേര്‍ത്തുപിടിക്കുകയാണ് നല്ലത്.

എന്തൊക്കെ കളറിലാ ഇന്നത്തെ സ്‌ക്രീന്‍ പ്രസന്‍സ്. ന്യൂസ് പേപ്പര്‍ പ്രിന്റ് മോഡലും സൂപ്പര്‍ ഹീറോ മോഡലുമടക്കം കാലന്‍കുടയില്‍വരെ ഡിസൈനായപ്പോള്‍ കോളജുകാര്‍ക്കിടയില്‍ ഞാനൊരു സ്റ്റൈലന്‍ തന്നെയാ. ദേഹത്ത് ഒരുതരി വെയില്‍ കൊള്ളാതെയല്ലേ അവരെ ഞാന്‍ കൊണ്ടുനടന്നത്. വാഹനം കടന്നുപോകുന്ന വഴിയില്‍ എന്നെ ഒന്ന് വിരിച്ചുപിടിക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടാ എന്നാലും ആ പോക്ക് ആരുമൊന്ന് നോക്കും.

ഓര്‍മകളിലൊരു വസന്തം

ഈര്‍ക്കില്‍ വാഴനാരുകൊണ്ടുകെട്ടി ബലപ്പെടുത്തി അതിനു മുകളില്‍ പനയോല േമയുന്ന ഓലക്കുടയായിരുന്ന എന്നെ നിങ്ങള്‍ ഓര്‍ക്കാറുണ്ടോ? നടുവിലെ പിടി ചൂരല്‍കൊണ്ടായിരുന്നു. പിന്നെ തൊപ്പിക്കുട ആയപ്പോള്‍, കവുങ്ങിന്റെ പാള മുറിച്ചെടുത്ത് മുന്‍വശം തുന്നിക്കെട്ടി തലയിലങ്ങോട്ട് ഫിറ്റു ചെയ്താലുണ്ടല്ലോ എത്ര കാറ്റടിച്ചാലും ഇാന്‍ തലയില്‍നിന്നിളകില്ല. പാടത്ത് പണിയെടുത്തവരാണ് എന്നെ അന്ന് കൂടുതലും ഉപയോഗിച്ചത്. പിന്നെ രാജാക്കന്മാര്‍ ചൂടിയിരുന്ന കൊറ്റക്കുട, ആരാധനാലയങ്ങളില്‍ ദേവന്മാരുെട അലങ്കാരമായ മുത്തുക്കുട, കടല്‍പ്പുറത്തു വെയില്‍ കാഞ്ഞു കിടക്കുമ്പോള്‍ അല്പം ആശ്വാസം നല്‍കുന്ന ബീച്ച് കുട, ആകൃതിയിലും നിര്‍മാണരീതിയിലും വേറിട്ടുനില്‍ക്കുന്ന പരമ്പരാഗത ചൈനീസ് കുട. അങ്ങനെ എത്രയെത്ര രൂപത്തില്‍ ഞാന്‍ നിങ്ങള്‍ക്കു മുന്നിലെത്തി. കാലാവസ്ഥയനുസരിച്ച് പലതരം മെറ്റീരിയലുകള്‍ വരെ ബീച്ച് കുടയായിരിക്കുമ്പോള്‍ ഉപയോഗിക്കാറുണ്ട്.

വെയിലില്‍ കുട നിര്‍ബന്ധം

വെയിലത്തിറങ്ങുമ്പോള്‍ കുടയും തിളപ്പിച്ചാറ്റിയ വെള്ളവും പരമാവധി കൈയില്‍ കരുതണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീന പറയുന്നു. അമിതമായ അളവില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് ശരീരത്തിന് നല്ലതല്ല. പഠനങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ത്വക്കിനു വീക്കം, പൊള്ളല്‍ എന്നിവ അമിതചൂടിലുണ്ടാക്കാറുണ്ട്. ത്വക്കിലെ മെലാനിന്‍ എന്ന പദാര്‍ഥത്തിനുണ്ടാകുന്ന മാറ്റംമൂലം ശരീരത്തിന് നിറവ്യത്യാസമുണ്ടാക്കും. ആള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് കണ്ണിനുചുറ്റും കറുപ്പും ചുളിവുകളും ഉണ്ടാകും. വരള്‍ച്ച, സ്‌കിന്‍ കാന്‍സര്‍ തുടങ്ങിയവയിലേക്കുവരെ എത്താന്‍ ഈ വെയില്‍ കൊള്ളല്‍ കാരണമാകും.

ഓര്‍ക്കാന്‍

*വെയിലത്തേക്കിറങ്ങുമ്പോള്‍ ഒരു കുട കൈയില്‍ കരുതുക. വാഹനത്തിലും ഒരു കുട എടുത്തുവെയ്ക്കുക. പുറത്തിറങ്ങുന്ന സമയങ്ങളില്‍ എടുക്കാം.

*കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്ന നിറമായതിനാല്‍ കളറുള്ള കുടകള്‍ ചൂടുന്നതാണ് നല്ലത്.

*കണ്ണിന്റെ സംരക്ഷണത്തിന് സണ്‍ഗ്ലാസ് ധരിക്കാം.

*പരന്ന തൊപ്പികള്‍ സൂര്യരശ്മികളെ തടയുന്നു. അള്‍ട്രാ വയലറ്റ് രശ്മികള്‍ മുഖത്തേല്‍ക്കുന്നതില്‍നിന്ന് ഇത്തരം തൊപ്പികള്‍ സംരക്ഷിക്കും.

*ഒരു കാരണവാശലും വെയിലത്ത് കാര്‍പാര്‍ക്കുചെയ്ത് അതില്‍ കുട്ടികളെ ഇരുത്തി ഗ്ലാസ് ലോക്കുചെയ്ത് പോകരുത്. കുട്ടികള്‍ തളര്‍ന്നുപോകാന്‍ ഇതിടയാക്കും.

* അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് തീവ്രത കൂടുന്ന സമയത്ത് കഴിവതും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 11 മണിക്കും 3 മണിക്കും ഇടയില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക.

*കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുന്നതാണ് നല്ലത്.

*അന്തരീക്ഷതാപംമൂലമുള്ള രോഗങ്ങളെ ചെറുക്കാന്‍ ഓരോ മണിക്കൂറും നാലുഗ്ലാസ് വരെ വെള്ളം കുടിക്കണം. നന്നായി വിയര്‍ക്കുന്നവര്‍ക്ക് ഉപ്പിട്ട കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും കുടിക്കാം.

*സൂര്യതാപത്തിന്റെയും താപശരീര ശോഷണത്തിന്റെയും സംശയം തോന്നിയാല്‍ തണുത്ത സ്ഥലത്തേക്ക് മാറിനില്‍ക്കേണ്ടതാണ്.

*ദാഹമില്ലെങ്കില്‍പ്പോലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചുകൊണ്ടിരിക്കുക. നാം കുടിക്കുമ്പോഴൊക്കെ കുട്ടികള്‍ക്കും വെള്ളം കൊടുക്കാവുന്നതാണ്.

* അയഞ്ഞ വസ്ത്രം ധരിക്കുക. ലൈറ്റ് നിറങ്ങളിലുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കണം.

സൂര്യതാപം കടുപ്പമാണ്

സൂരയതാപം ഏറ്റാല്‍ ചിലര്‍ക്ക് ശരീരം ചുവന്നുതടിക്കല്‍, വേദന, പൊള്ളല്‍ എന്നവയുണ്ടാവുകയും ചെയ്യും. തീപ്പൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും ചിലര്‍ക്ക് പൊള്ളലേറ്റ ഭാഗങ്ങളിലുണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ പൊള്ളിയഭാഗത്തുള്ള കുമിളകള്‍ പൊട്ടിക്കാതിരാക്കാനും അടിയന്തര വൈദ്യസഹായം തേടാനും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്ന ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവ സൂര്യതാപത്തിന്റെ ലക്ഷണങ്ങളാണ്. ഇതേത്തുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടായേക്കാം.

മഴയില്‍ മാത്രം കുട സങ്കല്പം മാറണം

ഒരു കുടയ്ക്ക് ശരാശരി 300 രൂപ കണക്കാക്കിയാല്‍ കുറഞ്ഞത് 250 കോടിയുടെ വില്പനയെങ്കിലും ഒരുവര്‍ഷം കേരളത്തില്‍ നടക്കാറുണ്ടെന്ന് ത്രിച്ചൂര്‍ അംബ്രല്ലാ മാര്‍ട്ട് മാനേജര്‍ ജോജു ചാലിശ്ശേരി പറയുന്നു. വേനല്‍ക്കാലത്ത് കുടയുടെ കച്ചവടം പൊതുവേ കുറവാണ്. വേനലില്‍ കുട വേണ്ട എന്നൊരു സങ്കല്പമാണ് കൂടുതല്‍പ്പേര്‍ക്കും. ഈ കത്തുന്ന ചൂടില്‍ കുട കൂടിയേ തീരൂ. വര്‍ഷം മുഴുവന്‍ കുടനിര്‍മാണം നടക്കുന്നുണ്ടെങ്കിലും ഗോഡൗണുകളില്‍ സൂക്ഷിക്കുന്ന കുടകള്‍ കടകളിലേക്കു മാറുന്നത് വേനല്‍ മാസങ്ങളിലാണ്. മഴയ്ക്കുമുമ്പുതന്നെ കുടക്കമ്പനികള്‍ പരസ്യങ്ങളുടെ പെരുമഴയും ആരംഭിക്കുന്നു. 

കേരളത്തില്‍ത്തന്നെ നിര്‍മിക്കുന്ന കുടകളും ചൈനയുള്‍പ്പെടെ അന്യനാടുകളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കുടകളും ധാരാളം വില്‍ക്കപ്പെടുന്നുണ്ട്. വര്‍ഷം ഏകദേശം 80 ലക്ഷംമുതല്‍ 90 ലക്ഷംവരെ കുടകളാണ് കേരളത്തില്‍ വില്‍പ്പന. അതില്‍ 60 ശതമാനം കാലവര്‍ഷം തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ കഴിയും. സ്‌കൂള്‍ക്കുട്ടികള്‍ക്കു പുസ്തകങ്ങളും മറ്റും വാങ്ങുന്നതിന്റെകൂടെ കുടയും വാങ്ങുന്നു. മേയ് മുതല്‍ ജൂണ്‍ പാതിവരെയാണ് കൊണ്ടുപിടിച്ച സീസണ്‍. ആകെ വില്‍പ്പനയുടെ 40 ശതമാനം മാത്രമാണ് ഇപ്പോഴും കറുത്തകുടകള്‍. ബാക്കി ഭൂരിപക്ഷവും നിറമുള്ള കുടകളും പ്രിന്റഡ് കുടകളുമാണ്. ത്രീ ഫോള്‍ഡ്, ഫൈവ് ഫോള്‍ഡ് കുടകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഫൈവ് ഫോള്‍ഡ് വിവിധ ബ്രാന്‍ഡുകളിലായി 450 മുതല്‍ 560 വരെ രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണ്.

Content Highlights: Beat the Heat, Umbrella