രിക്കല്‍ അവധി കഴിഞ്ഞ് തൃശ്ശൂരിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തിരിച്ചെത്തിയ കൗമാരക്കാരന്റെ പെരുമാറ്റത്തില്‍ അധ്യാപികയ്ക്ക് എന്തോ പന്തികേട് തോന്നി. കവച്ചുകവച്ചാണ് കുട്ടി നടക്കുന്നതും. ഇവര്‍ കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിച്ചു തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങള്‍ മുറിഞ്ഞ് പഴുത്തുതുടങ്ങിയിരുന്നു. അയല്‍ക്കാരന്‍ മിഠായി നല്‍കി പ്രലോഭിപ്പിച്ച് കുട്ടിയെ വീടിന് സമീപത്തുള്ള കപ്പത്തോട്ടത്തില്‍ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അവനില്‍നിന്ന് അവര്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചത് ഇത്രയുമാണ്.

പീഡനങ്ങള്‍; വെല്ലുവിളികള്‍

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ലൈംഗികചൂഷണത്തിന് വിധേയരാകുന്നവരാണ് ഓട്ടിസക്കാരായ കുട്ടികള്‍. സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാനോ, രക്ഷിതാക്കളെ ധരിപ്പിക്കാനോ കെല്‍പ്പില്ലാത്ത ഇവരെ സാഹചര്യം മുതലെടുത്ത് ശാരീരികമായി ഉപയോഗിക്കുന്നവര്‍ പലപ്പോഴും സ്വന്തമെന്ന് കരുതുന്നവര്‍ തന്നെ. രണ്ടുതരത്തിലാണ് ഭിന്നശേഷിയുള്ളവരെ സമൂഹം കൈകാര്യം ചെയ്യുന്നത്. ഒരു വിഭാഗം ഇവരെ ലിംഗഹീന(asexual)രായി കണക്കാക്കുമ്പോള്‍ അടുത്ത വിഭാഗം ഇവരെ കാമവെറിയന്മാരായി മുദ്രകുത്തുന്നു. ലൈംഗിക-പ്രത്യുത്പാദന അവകാശങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു.

ഏതൊരു സാധാരണമനുഷ്യനെയും പോലെയുള്ള ശാരീരികമാറ്റങ്ങളും 'ബയോളജിക്കല്‍ നീഡ്‌സും' ഇവര്‍ക്കുമുണ്ട്. എന്നാല്‍ എവിടെ, എപ്പോള്‍, എങ്ങനെ പെരുമാറണമെന്നുള്ള കുട്ടികളുടെ അറിവില്ലായ്മ രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ആളുകള്‍ നോക്കിനില്‍ക്കെ അവര്‍ സ്വയംഭോഗത്തിന് മുതിര്‍ന്നേക്കാം. അമ്മയെയും സഹോദരിയെയും തനിക്ക് മുന്നില്‍ വരുന്ന എതിര്‍ലിംഗത്തില്‍ പെട്ടവരെയും ലൈംഗികതാത്പര്യത്തോടെ സ്പര്‍ശിച്ചെന്നും കടന്നുപിടിച്ചെന്നും വരാം. അവനുചുറ്റുമുള്ള സമൂഹത്തിന് ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സ്വഭാവവൈകല്യങ്ങളാണ് ഇതെല്ലാം. ലൈംഗികതയെ കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ വിലക്കപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നോര്‍ക്കണം. കുട്ടി സ്വയംഭോഗം ചെയ്യുന്നതിനെ പാപമായി കരുതുന്ന മാതാപിതാക്കളുണ്ട്. പ്രതിവിധി തേടി ഇക്കൂട്ടര്‍ ഡോക്ടറെ സമീപിക്കുമ്പോള്‍ മകന് അതും ചെയ്തുനല്‍കുന്ന അമ്മമാരുണ്ട്. ഗതികേടിന്റെ അങ്ങേയറ്റം!

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അതിലേറെ നെഞ്ചിടിപ്പാണ്. ആര്‍ത്തവം മുതല്‍ പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ശാരീരിക ചൂഷണങ്ങള്‍ വരെ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആരുടെയെങ്കിലും സഹായം ആവശ്യമുള്ള ഈ കുട്ടികള്‍ എങ്ങനെ വ്യക്തിശുചിത്വം വളരെയേറെ ആവശ്യമുള്ള ആര്‍ത്തവചക്രത്തെ കൈകാര്യം ചെയ്യും? നിരന്തരമായ പരിശീലനത്തിലൂടെ ഒരുപക്ഷേ, ആര്‍ത്തവം ആരംഭിച്ചു എന്നു പറയാന്‍ സാധിച്ചേക്കാം. പക്ഷേ, ബഹുഭൂരിപക്ഷത്തിനും പിന്നീടാവശ്യമായതെല്ലാം അമ്മയോ, പരിചരിക്കുന്നവരോ ചെയ്തുകൊടുക്കേണ്ടി വരുന്നു. 

പ്രതിവിധി അവളുടെ ഗര്‍ഭപാത്രം മാറ്റലോ

അതിനെക്കാള്‍ ഭീകരം അവള്‍ക്ക് ചുറ്റുമുള്ളവരെയെല്ലാം സംശയത്തോടെ നോക്കേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥയാണ്. കുട്ടികളെ 'നോ'പറയാന്‍ പഠിപ്പിക്കുന്ന ഇക്കാലത്ത് ആശയവിനിമയ വൈകല്യമുള്ള ഈ കുട്ടികള്‍ എങ്ങനെയാണ് 'നോ' പോയിട്ട് തനിക്ക് ഇങ്ങനെ സംഭവിച്ചു എന്നുതന്നെ പറയുക. മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയുടെ മകളെ നിരന്തരമായി ഉപദ്രവിക്കുന്ന അമ്മാവനില്‍നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ഒരു പെണ്‍കുട്ടി, അച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. അങ്ങനെ പെണ്‍കുട്ടികള്‍ ഒട്ടേറെ... ഗര്‍ഭിണിയാകുമ്പോഴായിരിക്കും പീഡനം സംഭവിച്ച കാര്യം വീട്ടുകാര്‍ അറിയുക. ഈ രണ്ടു പ്രതിസന്ധികള്‍ക്കുമുള്ള പ്രതിവിധിയായി മാതാപിതാക്കള്‍ കണ്ടെത്തുന്ന മാര്‍ഗം ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതാണ്. 

കുടുംബാംഗങ്ങളുടെ കണ്ണുവെട്ടിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നതാണ് സനിത(യഥാര്‍ഥ പേരല്ല)യുടെ പതിവ്. മകള്‍ക്ക് പിറകേ പലതവണ ഓടിയിട്ടുണ്ട് ഉഷ(യഥാര്‍ഥ പേരല്ല). അമ്മയുടെ കണ്ണുവെട്ടിച്ചുള്ള ഈ ഇറങ്ങി നടത്തത്തിനിടയിലെപ്പോഴോ ആണ് സനിത ആദ്യമായി ലൈംഗികചൂഷണത്തിന് ഇരയാകുന്നത്. ഉഷയത് മനസ്സിലാക്കിയത് മകള്‍ ഗര്‍ഭലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയപ്പോള്‍. ആര് എപ്പോള്‍ എന്നല്ല ഇതെങ്ങനെ ഒഴിവാക്കാമെന്നാണ് ആ അമ്മ ആദ്യം ചിന്തിച്ചത്. കുടുംബസുഹൃത്തായ ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ അബോര്‍ഷന്‍ നടത്തി. പക്ഷേ, അവിടം കൊണ്ട് തീര്‍ന്നില്ല. സനിത വീണ്ടും രണ്ടുതവണ കൂടി ഗര്‍ഭിണിയായി... വീട്ടിലുള്ളവരെയും അയല്‍ക്കാരെയും നാട്ടുകാരെ മുഴുവനും ആ അമ്മ സംശയിച്ചു. മൂന്നാംതവണ അല്പം കടുപ്പിച്ചൊരു തീരുമാനം തന്നെ ഉഷ എടുത്തു. ഗര്‍ഭം അലസിപ്പിച്ചാല്‍ മാത്രം പോരാ, മകളുടെ ഗര്‍ഭപാത്രവും നീക്കം ചെയ്യണം. പറഞ്ഞുതുടങ്ങിയപ്പോള്‍ കണ്ട നിര്‍വികാരതയോടെയല്ല, ഒരമ്മയുടെ നിസ്സഹായത മുഴുവന്‍ വെളിവാക്കുന്ന പൊട്ടിക്കരച്ചിലോടെയാണ് ഉഷ പറഞ്ഞുതീര്‍ത്തത്.

പുണെയില്‍ 18-നും 35-നും ഇടയില്‍ പ്രായമുള്ള മാനസികവെല്ലുവിളിയുള്ള 11 സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കംചെയ്ത വാര്‍ത്ത 1994-ല്‍ പുറത്തുവന്നതോടെയാണ് നമ്മുടെ നാട്ടിലും ഇതൊക്കെ നടക്കുന്നുണ്ടെന്ന് പുറത്തറിയുന്നത്. മുംബൈയില്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ പ്രഭാഷണത്തിനെത്തിയ സെക്സോളജിസ്റ്റിനോട് ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളുട ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ആരായുന്ന ഒരമ്മയെ കണ്ടത് തന്നെ വേദനിപ്പിച്ചത് ഒരാണ്‍കുട്ടിയുടെ അമ്മ പങ്കുവെച്ചിരുന്നു. പക്ഷേ, അവര്‍ ആശ്വസിച്ചത് അതങ്ങ് മുംബൈയില്‍ അല്ലേയെന്നു പറഞ്ഞാണ്. പക്ഷേ, നമ്മുടെ കേരളത്തിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഒരുപക്ഷേ, ഉചിതമെന്ന് തോന്നുന്ന ഈ തീരുമാനം കുട്ടിയെ സംബന്ധിച്ചിടത്തോളം മനുഷ്യാവകാശ ലംഘനമാണ്. എന്നാല്‍, നിയമപ്രകാരം ഇതിന് അനുവാദം നല്‍കുന്ന രാജ്യങ്ങളുമുണ്ട്.

അവര്‍ക്ക് അവകാശങ്ങളുണ്ട്

യു.എന്‍. മനുഷ്യാവകാശ കമ്മിഷന്‍ 2008 ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സമാഹാരത്തില്‍ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങളെ കുറിച്ചും നിര്‍ബന്ധിത വന്ധ്യംകരണത്തെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 23 പ്രകാരം ഏതൊരു വ്യക്തിയെയും പോലെ ഇവര്‍ക്കും ഒരു കുടുംബജീവിതം നയിക്കുന്നതിനും ഫെര്‍ട്ടിലിറ്റി കാത്തുസൂക്ഷിക്കുന്നതിനുമുള്ള അവകാശമുണ്ട്. ആര്‍ട്ടിക്കിള്‍ 12 എല്ലായിടത്തും ഇവരെ ഒരു വ്യക്തിയായി അംഗീകരിക്കണമെന്നും നിയമത്തിനു മുന്നില്‍ ഇവരും മറ്റുള്ളവര്‍ക്ക് സമമാണെന്നും പറയുന്നു. ആര്‍ട്ടിക്കിള്‍ 25 പറയുന്നത് ഇവരുടെ അറിവോടെയും സമ്മതത്തോടെയും വ്യക്തമായി വിശദീകരിച്ചതിനുശേഷവും മാത്രമായിരിക്കണം ആരോഗ്യസംരക്ഷണം എന്നാണ്.

സ്വന്തം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ബോധവതിയല്ലാത്ത, തീവ്രമായ ബുദ്ധിമാന്ദ്യം ഉള്ള സ്ത്രീകളെ മാത്രമേ ഗര്‍ഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയിലേക്ക് നയിക്കാവൂ എന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ എത്തിക്സില്‍ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കുട്ടിയുടെ ജീവനെ അപകടത്തിലാക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ (ഗര്‍ഭാശയത്തിലെ മുഴ, ഗര്‍ഭാശയ രോഗങ്ങള്‍)നിന്ന് രക്ഷിക്കാനല്ലാതെ കുട്ടിയുടെ ശരീരത്തില്‍ നിന്ന് അവയവം നീക്കംചെയ്യുന്നത് തികഞ്ഞ മനുഷ്യാവകാശലംഘനമാണ്. ചൂഷണങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു പ്രതിവിധിയായി ഒരിക്കലും ഹിസ്ട്രക്ടമിയെ കാണരുത്. ലൈംഗിക ചൂഷണത്തെ തുടര്‍ന്നുണ്ടാകുന്ന അനന്തരഫലമല്ല, ഇല്ലാതാക്കപ്പെടേണ്ടത് ചൂഷണങ്ങളാണ്!

പീഡനകേന്ദ്രങ്ങളാകുന്ന തെറാപ്പി സെന്ററുകള്‍ 

കൊച്ചിയിലെ ഒരു തെറാപ്പി സെന്ററില്‍ ഒക്യുപേഷണല്‍ തെറാപ്പിക്കായി ആറുവയസ്സുള്ള മകനെയും കൊണ്ടുപോയതായിരുന്നു രക്ഷിതാക്കള്‍. പതിവുപോലെ കുട്ടിയെ മുറിയിലാക്കി ഇവര്‍ പുറത്തിരുന്നു. പെട്ടെന്നാണ് കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ടത്. ഓടിച്ചെല്ലുമ്പോള്‍ കാണുന്നത് കൈയൊടിഞ്ഞുനില്‍ക്കുന്ന കുഞ്ഞിനെ, മുറിക്കുള്ളിലുണ്ടായത് 'ഫിസിയോ തെറാപ്പിസ്റ്റും'. പല തെറാപ്പി സെന്ററുകളിലും എന്തു സംഭവിക്കുന്നു എന്ന ചോദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു കഴിഞ്ഞ വര്‍ഷമുണ്ടായ ഈ സംഭവം. തെറാപ്പിക്കുശേഷം ചുണ്ടിന് മുറിവ് പറ്റിയും പല്ലു കൊഴിഞ്ഞും പുറത്തിറങ്ങി വന്നിട്ടുള്ള കുട്ടികളുണ്ട്. കുട്ടിയെ കസേരയില്‍ കെട്ടിയിട്ടും ചൂരല്‍ കൊണ്ട് അടിച്ചും തെറാപ്പി ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞാല്‍ കുഞ്ഞിനെ ചികിത്സിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ പരാതിപ്പെടാന്‍ രക്ഷിതാക്കള്‍ തയ്യാറാകു
ന്നില്ല. 

അടച്ചിട്ട മുറിക്കുള്ളിലാണ് തെറാപ്പി ചെയ്യുന്നത്. കുട്ടി സഹകരിക്കില്ല എന്ന കാരണം ചൂണ്ടിക്കാട്ടി രക്ഷിതാക്കളെ പുറത്തിരുത്തും. തെറാപ്പി ചെയ്യുന്ന 45 മുതല്‍ 60 മിനിറ്റ് വരെ അകത്ത് സംഭവിക്കുന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലാതെ രക്ഷിതാക്കള്‍ പുറത്തിരിക്കും. ശാസ്ത്രീയമായ രീതിയതല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധനായ ഡോ. സി.പി. അബൂബക്കര്‍ പറയുന്നത്. ഒരു മണിക്കൂറില്‍ തീരേണ്ട പരിശീലനമല്ല കുട്ടിക്ക് ആവശ്യം. സെന്ററില്‍ മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന തെറാപ്പി എന്തുതന്നെയായാലും അതിന്റെ തുടര്‍ച്ച വീടുകളില്‍ കൂടി ഉണ്ടാകണം എങ്കില്‍ മാത്രമേ പ്രയോജനമുണ്ടാകൂ. ഏറ്റവും നല്ല തെറാപ്പിസ്റ്റ് കുഞ്ഞിന്റെ അമ്മയാണ്. എന്തെല്ലാം ചെയ്യണമെന്ന് അമ്മയ്ക്ക് പറഞ്ഞുകൊടുക്കേണ്ടത് തെറാപ്പിസ്റ്റിന്റെ കടമയാണ്. ഇതിനുപകരം തങ്ങളുടെ കഴിവുകേടുകള്‍ രക്ഷിതാക്കളറിയാതിരിക്കാന്‍ കുട്ടി സഹകരിക്കില്ലെന്ന തന്ത്രം മനഃപൂര്‍വം പ്രയോഗിക്കുകയാണ് 
പലരും. 

തെറാപ്പിക്കുശേഷം പല കുട്ടികളുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടിട്ടുള്ളതായി രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പതിവില്‍ കവിഞ്ഞ് നിഷേധിയാകുന്നത് മുതല്‍ സ്വകാര്യഭാഗങ്ങളില്‍ അമിതമായി സ്പര്‍ശിക്കുന്നതുവരെയുള്ള മാറ്റങ്ങള്‍. പക്ഷേ, ആശയവിനിമയ പരിമിതിയുള്ള കുട്ടികളോട് സംഭവിച്ചതിനെ കുറിച്ച് ചോദിച്ച് മനസ്സിലാക്കാനാകില്ല. അടച്ചിട്ട മുറിക്കുള്ളില്‍ മുതിര്‍ന്ന പരിശീലകനൊപ്പം തനിച്ചിരിക്കേണ്ടി വരുന്നതിനിടയില്‍ കുട്ടിക്ക് എന്തും സംഭവിക്കാം. 

തെറാപ്പി കേന്ദ്രങ്ങള്‍ സുതാര്യമാക്കണമെന്നും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ തെറാപ്പി നടത്തണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ 'ടുഗെദര്‍ വി കാന്‍' എന്ന സംഘടന കഴിഞ്ഞവര്‍ഷം ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തെറാപ്പി കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ ഓരോ ജില്ലയിലും കമ്മിറ്റികള്‍ വരണമെന്നും രക്ഷിതാക്കളെ അതിന്റെ ഭാഗമാക്കണമെന്നും ബാലാവകാശ കമ്മിഷന്റെ ഉത്തരവ് വന്നതാണ്. നിലവിലുള്ള രീതിയില്‍ മാറ്റം വരുത്തണമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജയും നിര്‍ദേശിച്ചു. പക്ഷേ, അതൊന്നുംതന്നെ ഇതുവരെ പ്രാബല്യത്തില്‍ 
വന്നില്ല. 

മള്‍ട്ടിപ്പിള്‍ തെറാപ്പി ആവശ്യമുള്ളവരാണ് ഓട്ടിസമുള്ള കുട്ടികള്‍. ഈ സാഹചര്യം മുതലെടുത്ത് റെഗുലേറ്ററി ബോര്‍ഡുകളുടെ നിയന്ത്രണങ്ങളേതുമില്ലാതെ മുക്കിനുമുക്കിന് അശാസ്ത്രീയങ്ങളായ തെറാപ്പി സെന്ററുകള്‍ ഉയരുകയാണ് കേരളത്തില്‍. നൂറുമുതല്‍ രണ്ടായിരം രൂപ വരെ ഒരു സിറ്റിങ്ങിന് ഇവര്‍ ഈടാക്കുന്നുണ്ട്. എന്നാല്‍, പലയിടത്തും നിലവാരമുള്ള തെറാപ്പിസ്റ്റുകള്‍ ഇല്ല. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള രക്ഷിതാക്കള്‍ക്ക് മാത്രമേ കുഞ്ഞുങ്ങളെ തെറാപ്പി കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സാധിക്കൂ. ചുരുക്കത്തില്‍ സാമ്പത്തികമായും വൈകാരികമായും രക്ഷിതാക്കള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഒപ്പം കുട്ടികള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്ക പ്പെടുന്നു. 

ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെ കഴിവുറ്റ തെറാപ്പിസ്റ്റുകളുടെ അഭാവം നാം നേരിടുന്ന ഏറ്റവും വലിയ പോരായ്മയാണ്. ഒരു തെറാപ്പിസ്റ്റിനു വേണ്ട അടിസ്ഥാന മാനദണ്ഡങ്ങള്‍ എന്തായിരിക്കണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പോലും തയ്യാറാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

അനധികൃത കേന്ദ്രങ്ങളെ നിയന്ത്രിക്കണം

Seemaസീമാ ലാല്‍ ( സൈക്കോളജിസ്റ്റ്, 'ടുഗെദര്‍ വി കാന്‍' ) 

  • തെറാപ്പി സെന്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനായി റെഗുലേറ്ററി ബോഡി കൊണ്ടുവരണം
  • അടച്ചിട്ട മുറി എന്ന രീതിക്ക് മാറ്റം വരണം
  • കുട്ടിക്കൊപ്പം രക്ഷിതാക്കളെയും ശാക്തീകരിക്കണം 
  • തെറാപ്പി കേന്ദ്രങ്ങളില്‍ ഡോക്യുമെന്റേഷന്‍ സമ്പ്രദായം കൊണ്ടുവരണം.
  • SMART GOAL ഉണ്ടായിരിക്കണം. (S- Specific, M-Measurable. A-Attainable, R-Relevant, T-Timebound.)

     

നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കാം. feedbackautism18@gmail.com

രോഗമല്ല ഓട്ടിസം, ചേര്‍ത്തുപിടിക്കാം ഇവരെ ഭാഗം -1 : കനല്‍വഴിയിലെ ജീവിതങ്ങള്‍