തൊരു കുട്ടിയെയുംപോലെ സൗജന്യവിദ്യാഭ്യാസം നേടാനുള്ള അവകാശം ഓട്ടിസക്കാരനായ കുട്ടിക്കുമുണ്ട്. ചിട്ടയായ പഠന പ്രക്രിയകളിലൂടെ ഉയർന്ന ജോലിനേടാൻ ഇവരെ പ്രാപ്തരാക്കുകയല്ല വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. മറിച്ച് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്ന, നിത്യജീവിതത്തിന് ആവശ്യമായ നൈപുണ്യം വികസിപ്പിച്ചെടുക്കുന്ന, സാമൂഹിക വത്കരണത്തിന് സാഹചര്യമൊരുക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് ഇവർക്കാവശ്യം. 

ശൈശവത്തിന്റെ പ്രാരംഭദശയിലുള്ള ഇടപെലുകൾ (Early Childhood Intervention) കാര്യക്ഷമമാക്കുകയാണ് അതിന്റെ ആദ്യപടി. ഓട്ടിസം വളരെ നേരത്തേതന്നെ കണ്ടുപിടിക്കാൻ സാധിച്ചാൽ കുട്ടികളുടെ സാമൂഹിക ഇടപെടലുകളിലും ആശയവിനിമയ വൈകല്യങ്ങളിലും വളരെ നേരത്തേതന്നെ പരിശീലനത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇൻക്ളൂസിവ് എജ്യുക്കേഷനാണ് ഓട്ടിസ്റ്റിക്കായ കുട്ടികൾക്കായി വിദഗ്ധർ നിർദേശിക്കുന്നത്. കുട്ടികളുടെ സാമൂഹികമായ ഇടപെടലുകൾ വർധിപ്പിക്കുന്നതിനായി പൊതുവിദ്യാലയങ്ങളിൽ ഈ കുട്ടികൾക്ക് പ്രവേശനം നൽകുകയും മറ്റുകുട്ടികൾക്കൊപ്പം ഇവരെ ഇരുത്തി പഠിപ്പിക്കുകയുമാണ് ഇൻക്ളൂസിവ് എജ്യുക്കേഷനിലൂടെ ലക്ഷ്യമിടുന്നത്.

സമപ്രായക്കാരുമായുള്ള ഇടപഴകലുകളിലൂടെ സമൂഹത്തിൽ ജീവിക്കാൻ ഇവ​രെ പ്രാപ്തനാക്കുക എന്ന് ചുരുക്കം. എന്നാൽ, സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇൻക്ളൂസിവ്  എജ്യുക്കേഷൻ നടപ്പാക്കാൻ സജ്ജമല്ല എന്നുള്ളതാണ് ഖേദകരമായ വസ്തുത. തന്നെയുമല്ല ഓട്ടിസക്കാരായ കുട്ടികൾക്ക് പ്രവേശനം നിഷേധിക്കരുതെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും മിക്കവിദ്യാലയങ്ങളും പലവിധ കാരണങ്ങൾ നിരത്തി പ്രവേശനം നിഷേധിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. 

എപ്പോൾ എങ്ങനെ പെരുമാറുമെന്ന് ഒരു കൃത്യതയുമില്ലാത്തവരാണ് ഓട്ടിസക്കാരായ കുട്ടികൾ.  സെൻസറി ഇഷ്യൂ, സിറ്റിങ് ടോളറൻസ്, ശാരീരിക വൈകല്യങ്ങൾ, അപസ്മാരം ഉൾപ്പെടെയുള്ള അസുഖങ്ങൾ തുടങ്ങിയവ ഇവർക്കുണ്ടായെന്ന് വരാം. ഇവരുടെ സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കാൻ മറ്റുകുട്ടികൾക്ക് കഴിയണമെന്നുമില്ല. അതുകൊണ്ടുതന്നെ കുട്ടികളെ കൈകാര്യംചെയ്യാൻ ബുദ്ധിമുട്ടാണ്, പര്യാപ്തരായ ജീവനക്കാരില്ല തുടങ്ങിയ കാരണങ്ങൾ നിരത്തി പൊതുവിദ്യാലയങ്ങൾ മാതാപിതാക്കളെ നിരുത്സാഹപ്പെടുത്തും. തുടക്കത്തിൽ പൊതുവിദ്യാലയത്തിൽ വിട്ടാലും ക്രമേണ മാതാപിതാക്കൾ തന്നെ ഇവരെ സ്പെഷൽ സ്കൂളുകളിലേക്ക് മാറ്റും അല്ലെങ്കിൽ മാറ്റാൻ നിർബന്ധിതരാകും. 

പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ 314 സ്പെഷ്യൽ സ്കൂളുകളാണ് ഭിന്നശേഷിക്കാർക്കായി കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇക്കൂട്ടത്തിൽ സർക്കാരിന്റേത് എന്ന് അവകാശപ്പെടാനുള്ളത് ഒന്നുമാത്രം; തിരുവനന്തപുരം പാങ്ങപ്പാറയിലെ സ്റ്റേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെങ്കിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കീഴിൽ കുടുംബശ്രീ നടത്തുന്ന അറുപതോളം ബഡ്‌സ്-ബി.ആർ.സി. സ്കൂളുകളും. ബാക്കിയുള്ള സ്കൂളുകൾ വിവിധ എൻ.ജി.ഒ.കളുടെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്. കാഴ്ച, കേൾവി, സംസാരവൈകല്യമുള്ള കുട്ടികൾക്കായി നാൽപതോളം സർക്കാർ സ്കൂളുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 33 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും അത് കടലാസിൽ മാത്രമൊതുങ്ങി. 

43 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് സൗജന്യവിദ്യാഭ്യാസം നേടുന്നത്. സൗജന്യവിദ്യാഭ്യാസത്തിന് ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവകാശമുണ്ടെന്നിരിക്കെ സന്നദ്ധപ്രവർത്തകരുടെ ഔദാര്യത്തിൽ അല്ലെങ്കിൽ പണം കൊടുത്ത് പഠിക്കേണ്ട സാഹചര്യമാണ് ഈ കുട്ടികൾക്കുള്ളത്. 28,000 കുട്ടികളാണ് വിവിധ സ്പെഷ്യൽ സ്കൂളുകളിലായി പഠിക്കുന്നത്. എന്നാൽ, ഓട്ടിസം മേഖലയിൽ കൈത്താങ്ങാകുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം പരാതികളുടെ നടുക്കടലിൽ നിന്നുകൊണ്ടാണ്. സാമ്പത്തിക ഞെരുക്കമാണ് ഇവർ നേരിടുന്ന പ്രധാനപ്രശ്നം. മറ്റൊന്ന് സ്പെഷ്യൽ സ്കൂൾ അധ്യാപകരോടുള്ള വിവേചനമാണ്. 

എല്ലാവർക്കും ഞങ്ങൾ സ്പെഷ്യലാണ് 

‘‘എല്ലാ അർഥത്തിലും ഞങ്ങൾ സ്പെഷ്യലാണ്. സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്‌സ് ആരാണെന്ന് സർക്കാരിനറിയില്ല, പൊതുസമൂഹത്തിനറിയില്ല, എന്തിന് വീട്ടുകാർക്ക് പോലുമറിയില്ല. ടീച്ചർ എന്നു പറഞ്ഞാൽ അത് നോർമൽ സ്കൂളിലെ അധ്യാപികമാർ മാത്രമാണെന്നാണ് എല്ലാവരുടെയും ധാരണ.’’ -സ്പെഷ്യൽ സ്കൂൾ അധ്യാപിക രേവതി സംസാരിച്ചു തുടങ്ങിയതുതന്നെ അവഗണനകളോടുള്ള പരിഭവത്തോടെയാണ്. 

സർക്കാർ ആവശ്യപ്പെടുന്ന എല്ലാ വിദ്യാഭ്യാസ യോഗ്യതകളും തികഞ്ഞവരാണ് സ്പെഷ്യൽ സ്കൂൾ അധ്യാപകരും. എന്നാൽ, ഇവർക്കുള്ള മാസവരുമാനം അയ്യായിരത്തിൽ താഴെയാണ്. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ ഇവർക്ക് പ്രവർത്തിക്കാൻ സാധിക്കൂ. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ആർ.സി.ഐ. സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. അഞ്ചുവർഷത്തിനുള്ളിൽ നൂറ് സി.ആർ.ഇ. (Continuing Rehabilitation Education Programmes) പോയന്റുകൾ തികയ്ക്കുന്നവർക്ക് മാത്രമേ ആർ. സി.ഐ. സർട്ടിഫിക്കറ്റ് പുതുക്കി നൽകുകയുള്ളൂ. അഞ്ചുദിവസത്തെ സി.ആർ.ഇ. ക്ലാസിന് നാലായിരം രൂപയോളം രജിസ്‌ട്രേഷൻ ഫീസ് കെട്ടിവെക്കണം.

ആർ.സി.ഐ. സർട്ടിഫിക്കറ്റിനുവേണ്ടി സി.ആർ.ഇ. പോയന്റുകൾ തികയ്ക്കാൻ നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് അധ്യാപകർ.   മറ്റുള്ള അധ്യാപകരുടേതു പോലെ കരിക്കുലം അനുസരിച്ച് പാഠഭാഗങ്ങൾ പഠപ്പിച്ചു തീർക്കുകയല്ല ഈ അധ്യാപകർക്ക് ചെയ്യാനുള്ളത്. മുന്നിലുള്ള ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് അവന്റെ കുറവുകളെ പരിഹരിക്കാനും അവന്റെ താത്‌പര്യങ്ങളെ പരിപോഷിപ്പിക്കാനും അധ്യാപകർക്ക് സാധിക്കണം. ഇതിനെല്ലാം പുറമേ കുട്ടികളുടെ മലമൂത്ര വിസർജ്യങ്ങൾ എടുക്കേണ്ടി വരും കുട്ടികൾ കടിക്കുന്നതും അടിക്കുന്നതും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരും.

വിദേശ രാജ്യങ്ങളിൽ മറ്റേത് തൊഴിലിനെക്കാളും പ്രതിഫലം ഏറെയുള്ള ഈ ജോലിക്ക് നമ്മുടെ നാട്ടിൽനിന്ന് കിട്ടുന്നത് തുച്ഛമായ ശമ്പളവും സാമൂഹിക അവഗണനയും. ആനുകൂല്യങ്ങളോ, തൊഴിൽ സുരക്ഷിതത്വമോ ഇക്കൂട്ടർക്കില്ല. സാമ്പത്തികബാധ്യതയാൽ എന്നുവേണമെങ്കിലും പൂട്ടിപ്പോകാം എന്ന അവസ്ഥയിൽ പ്രവർത്തിക്കുന്ന സ്കൂളുകളുമുണ്ട്. സർവശിക്ഷാ അഭിയാൻ പ്രകാരം നിയമിതരാകുന്ന അധ്യാപകർക്കും ബഡ്‌സ് സ്കൂളിലെ അധ്യാപകർക്കും മെച്ചപ്പെട്ട ശമ്പളമുണ്ടെന്നും തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് ഇതുസംബന്ധിച്ച് സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ ഉന്നയിക്കുന്ന ആവശ്യം. 

അരിഷ്ടതയിലാണ് ബഡ്‌സ് സ്കൂളും ബി.ആർ.സി.യും 

ബഡ്‌സ് സ്കൂളിലെ അധ്യാപകർക്കും തൊഴിൽ സ്ഥിരതയിൽ ഒരു ഉറപ്പുമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ബഡ്‌സ് സ്കൂളിലേക്കുള്ള ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ഒരു വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. പുതിയ ഭരണസമിതിക്ക് കാലാവധി തീരുമ്പോൾ ഇവരെ മാറ്റണമെന്ന് തോന്നിയാൽ ഇവരുടെ ജോലി നഷ്ടപ്പെടും. രണ്ടുവർഷമായി ബഡ്‌സ് ബി.ആർ.സി. സ്കൂളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ മതിയായ കാരണങ്ങൾ കൂടാതെ പിരിച്ചുവിടാൻ പാടില്ലെന്നുളള തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവുവന്നത് ഈ വർഷം ഫെബ്രുവരിയിലാണ്. പിരിച്ചുവിടാൻ തോന്നിയാൽ കാരണം കണ്ടെത്താനാണോ ബുദ്ധിമുട്ടെന്ന് അധ്യാപകർ ചോദിക്കുന്നു. 

സംസ്ഥാനത്ത് 200 ബഡ്‌സ് സ്കൂളുകൾ കൂടി ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചിരുന്നു. എന്നാൽ, നിലവിലുള്ള ബഡ്‌സ് സ്കൂളുകൾ പരിപൂർണ സജ്ജമാക്കിയിട്ട് പോരേ പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതെന്നാണ് ജീവനക്കാരുടെ ചോദ്യം. ഓരോ ബഡ്‌സ് സ്കൂൾ ആരംഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളായ ഓഡിയോളജി മുറി, ക്ലാസ് മുറികൾ, ഓഫീസ് മുറി, ഫിസിയോ തെറാപ്പി മുറികൾ, ഒക്യുപേഷണൽ തെറാപ്പി, കൗൺസലിങ് മുറികൾ, വൊക്കേഷണൽ പരിശീലന മുറി, അടുക്കള, വിനോദത്തിനുള്ള ഇടം എന്നിവ ഉണ്ടായിരിക്കണമെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശം ഉണ്ടെങ്കിലും അടിസ്ഥാനമായി വേണ്ട കെട്ടിടസൗകര്യം പോലും ഇല്ലാതെയാണ് പല ബഡ്‌സ് സ്കൂളുകളും പ്രവർത്തിക്കുന്നത്.

എന്തിന് ആവശ്യത്തിന് വെള്ളം പോലുമില്ലാത്ത ഇടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ വരെയുണ്ട്. 
ബഡ്‌സ് സ്കൂൾ/ ബി.ആർ.സി.കളിൽ അധ്യാപകവിദ്യാർഥി അനുപാതം 1:8 എന്നും ആയ വിദ്യാർഥി അനുപാതം 1:15 എന്ന നിലയിലും ക്രമീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതും കൃത്യമായി പാലിക്കപ്പെടുന്നില്ല. 35 കുട്ടികൾക്ക് രണ്ട് അധ്യാപകരും ഒരു ആയയുമുള്ള ബഡ്‌സ് സ്കൂളുകളുണ്ട്. തെറാപ്പിസ്റ്റുകളുടെ അഭാവവും ഈ സ്കൂളുകൾ നേരിടുന്ന വെല്ലുവിളിയാണ്. 

ഒരു അധ്യയനവർഷം നൂറുദിവസങ്ങളാണ് ഒരു തെറാപ്പിസ്റ്റിന് ഇവിടെ ജോലി ചെയ്യേണ്ടതായി വരിക. എന്നാൽ, ഇതിന് ലഭിക്കുന്ന ഓണറേറിയം തൃപ്തികരമല്ലാത്തതിനാൽ ജോലിക്കുവരാൻ ആർക്കും താത്‌പര്യമില്ല. മറ്റ്‌ അധ്യാപകർക്ക് രണ്ടുമാസം ശമ്പളത്തോടുകൂടിയുള്ള അവധി അനുവദിക്കുമ്പോൾ ഇവർക്ക് ജോലി ചെയ്തില്ലെങ്കിൽ പ്രതിഫലമില്ല എന്ന അവസ്ഥയാണ്. മാത്രമല്ല ബി.ആർ.സി.കൾക്ക് അവധിയും അനുവദിക്കുന്നില്ല. 

ഫണ്ടില്ലെങ്കിൽ നിരാഹാരം (ഫാദർ റോയ് മാത്യു വടക്കേൽ, സ്പെഷ്യൽ സ്കൂൾ അസോ. ചെയർമാൻ ) 

കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് സ്പെഷ്യൽ സ്കൂളുകൾക്കുള്ള തുക 15 കോടി രൂപയിൽനിന്ന് 40 കോടിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചി രുന്നു. പക്ഷേ, അ തിനുള്ള ഫണ്ട് വകയിരുത്തിയിട്ടില്ല. സ്പെഷ്യൽ സ്കൂളുകളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ട് നൽകാൻ കഴിഞ്ഞ നവംബറിൽ സാമൂഹികനീതി വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ ഉന്നയിച്ച് രണ്ടുതവണയാണ് സമരം നടത്തിയത്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിരാഹാരസമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. 

അസോസിയേഷൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ 

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, അർഹതപ്പെട്ട സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുക. 


രോഗമല്ല ഓട്ടിസം, ചേര്‍ത്തുപിടിക്കാം ഇവരെ ഭാഗം -1 : കനല്‍വഴിയിലെ ജീവിതങ്ങള്‍ 

രോഗമല്ല ഓട്ടിസം, ചേര്‍ത്തുപിടിക്കാം ഇവരെ - ഭാഗം 2 : പൊള്ളുന്ന കഥകള്‍,നരകയാതനകള്‍

രോഗമല്ല ഓട്ടിസം, ചേര്‍ത്തുപിടിക്കാം ഇവരെ ഭാഗം 3 - ഞാന്‍ മരിച്ചാല്‍ എന്റെ കുഞ്ഞിനാര്?