പുകവലി ആരോഗ്യത്തിന് ഹാനികരം, സിഗരറ്റ് പാക്കറ്റിനു പുറത്തെ ഈ മുന്നറിയിപ്പ് എത്ര കണ്ടിട്ടും കാര്യമില്ല, ശീലമായാല്‍ പിന്നെ നിര്‍ത്താന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ് ഈ പുകവലി. എന്നാല്‍ പുകവലി നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് പ്രായോഗികമാക്കാന്‍ ഇതാ ചില വഴികള്‍

ആദ്യം വേണ്ടത് ഉറച്ച തീരുമാനം

ഇനി പുകവലിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ആദ്യം വേണ്ടത്. പുകവലിക്കാനുള്ള പ്രവണത ഉണ്ടാവുമ്പോള്‍ മനസ്സ് നിയന്ത്രിക്കാന്‍ ശീലിക്കുക. വെറും വാക്ക് മാത്രമാവുരുത്, മനസ്സും പുകവലി നിര്‍ത്താനായി സജ്ജമാവണം. 

സമ്മര്‍ദ്ദം കുറയ്ക്കാന്‍ സിഗരറ്റെന്തിനാ?

ജോലിക്കിടയിലോ മറ്റോ ഉണ്ടാവുന്ന സമ്മര്‍ദ്ദം കുറയ്ക്കാനാണ് പലരും പുകവലിച്ചു തുടങ്ങുന്നത്. എന്നാല്‍ പുകവലി നിങ്ങളുടെ സമ്മര്‍ദ്ദത്തിന് യാതൊരുവിധത്തിലുമുള്ള കുറവും വരുത്തുന്നില്ല. പകരം ആരോഗ്യത്തിന് ഒരു ശതമാനം പോലും ഗുണം നല്‍കുന്നില്ല താനും. അപ്പോള്‍ എന്തുകൊണ്ടും നല്ലത് പുകവലി നിര്‍ത്തി ടെന്‍ഷന്‍ അകറ്റാനുള്ള മറ്റ് വഴികള്‍ നോക്കുന്നതല്ലേ? ഏകാഗ്രമായിരിക്കല്‍, ധ്യാനം, യോഗം എന്നിവ ശീലമാക്കി സമ്മര്‍ദ്ദമകറ്റാം. ജോലിക്കിടയിലാണെങ്കില്‍ ഇടയ്ക്ക് പാട്ടു കേട്ടോ സംസാരിച്ചോ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രമിക്കാം. 

പുകവലിക്ക് പകരം പുതിന ആയാലോ?

പുകവലിക്കാന്‍ തോന്നുമ്പോള്‍ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാന്‍ സഹായിക്കും. പുതിനയോ ഗ്രാമ്പുവോ ഏലയ്ക്കായോ ച്യൂയിംഗമോ പുകവലിക്കാന്‍ തോന്നുന്ന സമയത്ത് വായിലിടാം.

പുകവലിക്കാരെ കൂടെ കൂട്ടണോ?

പുകവലിക്കാര്‍ക്കൊപ്പമുള്ള കൂട്ട് നിങ്ങളെ വീണ്ടും ഈ ശീലത്തിലേക്ക് വലിച്ചിഴച്ചേക്കാം. അതിനാല്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചവര്‍ ഇത്തരക്കാര്‍ക്കൊപ്പമുള്ള കൂട്ടുകെട്ടില്‍ നിന്നും പരമാവധി മാറി നില്‍ക്കണം. പോസിറ്റീവ് ആളുകള്‍ക്ക് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ കഴിയും. 

നല്ല കൂട്ടുകര്‍ക്ക് നല്‍കാം നല്ല ചിന്തകള്‍

പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്ന ആളുകള്‍ പലരീതിയിലുള്ള സമ്മര്‍ദ്ദം അനുഭവിച്ചേക്കാം. പുകവലിക്കാതിരിക്കുമ്പോഴുള്ള തലവേദന, ശാരീരിക അസ്വസ്ഥകള്‍, ക്ഷീണം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. കൂടെ നില്‍ക്കുന്ന കൂട്ടുകാര്‍ക്ക് ഈ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കാനാവും. എന്നാല്‍ അത് ഉപദേശത്തിന്റെ രൂപത്തിലാവരുത്. 

പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍

പുകവലി നിര്‍ത്താന്‍ തീരമാനിക്കുമ്പോള്‍ നിക്കോട്ടിന്‍, ശരീരത്തില്‍ നിന്നും പിന്‍വാങ്ങുന്നതു മൂലം ചില പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ (Withdrawal Symptoms) ഉണ്ടാകാം. ഏതാനും ദിവസങ്ങളോ ആഴ്ചകളോ ഇതുണ്ടായേക്കാം. സാധാരണയായി പ്രകടമാകുന്ന നിക്കോട്ടിന്‍ വിത്ത്ഡ്രോവല്‍ സിംപ്റ്റംസ് ഇവയാണ്. സിഗരറ്റിനോടുള്ള ആസക്തി, ദേഷ്യം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ദാഹം, തലവേദന, ഉറക്കമില്ലായ്മ, വിറയല്‍, ചുമ, ക്ഷീണം, മലബന്ധം, വയറ്റില്‍ അസ്വസ്ഥത, വിഷാദം, ഹൃദയമിടിപ്പിന്റെ നിരക്ക് കുറയുക. ഇവയെല്ലാം താല്‍ക്കാലികം മാത്രമാണ് എന്നോര്‍ക്കുക. ഏതാനും ആഴ്ചകൊണ്ട് ശരീരം വിഷാംശങ്ങളെ (toxins) എല്ലാം പുറന്തള്ളുമ്പോള്‍ ഈ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമാകും. പുകവലി നിര്‍ത്താന്‍ ചികിത്സാരീതികളും മരുന്നുകളും ഉണ്ട്. നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി, നോണ്‍ നിക്കോട്ടിന്‍ മെഡിക്കേഷന്‍ ഇവയും കൂടാതെ ഹിപ്നോസിസ്, അക്യുപങ്ചര്‍, ബിഹേവിയറല്‍ തെറാപ്പി, മോട്ടിവേഷണല്‍ തെറാപ്പീസ് തുടങ്ങിയ ആള്‍ട്ടര്‍നേറ്റ് തെറാപ്പികളും ഉണ്ട്.

Content Highlights: world no tobacco day how to quit smoking