രണം വരുമൊരു നാള്‍, ഓര്‍ക്കുക മര്‍ത്യാ നീ...' രാവിലെ മരണപ്പാട്ടു കേട്ടുകൊണ്ടാണല്ലോ ദൈവമേ എഴുന്നെല്‍ക്കേണ്ടി വന്നത്.ഇന്നത്തെ ദിവസത്തിന്റെ ഗതിയെന്താണെന്നാര്‍ക്കറിയാം! സ്വയം പ്രഖ്യാപിച്ച് കണ്ണും തിരുമ്മിയെഴുന്നേറ്റ് മരിച്ചത് ആരാണെന്ന് അമ്മയോട് തിരക്കി.

'ആ പള്ളിയുടെ മുകളിലത്തെ വീട്ടിലെ വര്‍ക്കിയാ പോയത്'

അതാരണപ്പാ ഈ വര്‍ക്കി, അറിയാനുള്ള ആഗ്രഹം കണ്ടാല്‍ തോന്നും നാട്ടിലുള്ള എല്ലാവരെയും അറിയാമെന്ന്, എങ്കിലും ചോദിക്കാതെ വയ്യല്ലോ,
'എന്താണാവോ കാരണം'

'കുടിച്ച് കുടിച്ച് കരളു പോയതാ...'
അടുത്ത വീട്ടിലെ അപ്പാത്തെ മുത്തശ്ശി ലോകം മുഴുവന്‍ നടന്ന് വാര്‍ത്ത പറയുന്നത് വെറുതെയല്ല! കുടിച്ച് കുടിച്ച് ചങ്ക് വാടിപ്പോയ വര്‍ക്കി ചേട്ടനെ ഇനിയിപ്പോ പ്രാകുന്നതെങ്ങനെ, ആത്മാവിനു ഒരു പ്രാര്‍ത്ഥന കൊടുത്തു മൊബൈല്‍ എടുത്ത് ഫെയ്‌സ്ബുക്ക് എടുത്തു. 'ബാബുവേട്ടന് ആദരാജ്ഞലികള്‍!'

ദൈവമേ ചെറിയച്ഛന്റെ ഓര്‍മ്മ ദിവസം. മറന്നും പോയല്ലോ...

ഇതുവരെ ഇത്രമാത്രം അനുഭവിച്ച് മരിച്ചു പോയ മനുഷ്യരെ കണ്ടിട്ടേയില്ല. എന്ന് മുതലാവും ചെറിയച്ഛന്‍ മദ്യത്തിന് അടിമയായിപ്പോയത്!ജീവിതം വഴി മാറിയൊഴുകി തുടങ്ങിയപ്പോള്‍ മുതലോ അതോ മദ്യപാനം ജീവിതം വഴിമാറ്റി ഒഴുക്കിയതോ. എന്തുതന്നെയായാലും ഏറ്റവുമവസാനത്തെ ദിവസങ്ങളില്‍ ശരീരം പണിമുടക്കി , ബോധം നഷ്ടപ്പെട്ടു ആശുപത്രിയിലും വീട്ടിലുമായി മുന്നോട്ടു പോകുമ്പോള്‍ ഇനിയുമെത്രനാള്‍ എന്ന് ആരെങ്കിലുമൊക്കെ ചോദിച്ചിട്ടുണ്ടാകണം! കുട്ടിക്കാലം മുതലേയുണ്ട് പലര്‍ക്കും മദ്യപാനം എന്നാല്‍ അതിന്റെ അളവ് എല്ലായ്പ്പോഴും സാഹചര്യങ്ങള്‍ക്കും ജീവിതത്തിനുമനുസരിച്ച് ക്രമപ്പെടുത്തേണ്ടതുണ്ട്. പൂര്‍ണമായും നിര്‍ത്തുക എന്നത് അപ്രാപ്യമായിരിക്കുമ്പോഴും മദ്യമോ അതുപോലെയുള്ള ലഹരിയോ മനസ്സിനെ നിയന്ത്രിക്കാതെയിരിക്കാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടതല്ലേ. 

ആരോട് പറയാന്‍!

ബാബു ചെറിയച്ഛനോടു ഒരിക്കലും അങ്ങനെ പറയാന്‍ കഴിഞ്ഞില്ല,
'നിന്റെ അച്ഛന് എന്ത് ദുശ്ശീലം ഇരുന്നിട്ടാ കാന്‍സര്‍ വന്നത്?' എന്നൊക്കെ ചെറിയച്ഛന്‍ ചോദിച്ചു കളയും. സംഭവം ശരിയാണ് മദ്യപാനം, പുകവലി, തുടങ്ങിയ ദുശീലങ്ങളൊന്നും അച്ഛനുണ്ടായിരുന്നില്ല, മസാല ചേര്‍ത്ത ഭക്ഷണം പോലും ഇഷ്ടമില്ല, വളരെ അത്യാവശ്യത്തിനു മാത്രം എന്നും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നയാള്‍. ആ ആള്‍ക്കാണ് കാന്‍സര്‍ , അതും വയറ്റില്‍. പക്ഷെ പുകവലിയും മദ്യപാനവും ഇല്ലെങ്കിലും പുകയിലയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം അദ്ദേഹത്തിനുണ്ടായിരുന്നു എന്നുള്ള കാര്യം എല്ലാവരും മനഃപൂര്‍വ്വമങ്ങു മറന്നു കളഞ്ഞു.

സംഗീതവും കലയും ജീവിതത്തോളം പ്രിയമായി കൊണ്ട് നടന്ന അച്ഛന്‍, എപ്പോഴും ചുണ്ടില്‍ ആവര്‍ത്തനമായി മുഴങ്ങികേള്‍ക്കുന്ന കഥകളി ഭംഗികള്‍, വിരലുകള്‍ക്ക് വഴങ്ങുന്ന ചിത്രകലയും കൊത്തുപണികളും. വീട്ടിലെ മതില് ചായം പൂശണമെങ്കില്‍ പോലും പെയിന്റും ബ്രഷും വാങ്ങി സ്വയം ഒറ്റയ്ക്ക് മണിക്കൂറുകളോളം നിന്ന് ചായം പൂശുന്ന അച്ഛന്റെ ചിത്രം ഓര്‍മ്മയിലിപ്പോഴുമുണ്ട്. വിവാഹം കഴിഞ്ഞു വന്ന സമയം മുതല്‍ അച്ഛന്‍ എന്റെ മുന്നില്‍ വ്യത്യസ്തനായിരുന്നു.

പുകയിലക്കറ പിടിച്ച് മെറൂണ്‍ നിറത്തിലുള്ള പല്ലുകള്‍ കാട്ടി അച്ഛന്‍ ഉറക്കെ ചിരിക്കുന്നത് അപൂര്‍വ്വമാണ്. പക്ഷെ എല്ലായ്പ്പോഴും അച്ഛനെ ഓരോന്ന് പറഞ്ഞു ചിരിപ്പിക്കാന്‍ ഞാനിഷ്ടപ്പെട്ടു. ചിലപ്പോള്‍ കുറുമ്പ് കാട്ടി, ചിലപ്പോള്‍ കളിയാക്കി, മറ്റാരുടെ അടുത്തും ചിരിച്ചില്ലെങ്കിലും അച്ഛന്‍ എന്റെ മുന്നില്‍ മനഃപൂര്‍വ്വമെന്നോണം തോറ്റു തന്നു. പെട്ടെന്നാണ് ഒരു ദിവസം അച്ഛന്‍ മിറ്റത്തെ പറമ്പില്‍ പണിയെടുത്തു നിന്നപ്പോള്‍ തല കറങ്ങി വീണത്. ആശുപത്രിക്കാര്‍ പലരും പലതും പറഞ്ഞു, ആരും കൃത്യമായി പരിശോധന നടത്തി ഉത്തരം കണ്ടെത്തിയില്ല, ഒടുവില്‍ മറ്റൊരാശുപത്രിയില്‍ വച്ച് അച്ഛന്റെ വയറ്റിലെ അര്‍ബുദ മുഴ കണ്ടെത്തുമ്പോള്‍ അതിന്റെ വ്യാപ്തി വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് അടുത്ത് നിന്ന എല്ലാ ജീവകണങ്ങളിലേയ്ക്കും അപകടകരമായ വിധത്തില്‍ വളര്‍ന്നിരുന്നു. അച്ഛന്റെ ജീവിത ക്രമം പാടെ തെറ്റി. ദിവസം ഒരു ഇഡ്ഡലി, അര തവി ചോറ്, കരിക്കിന്‍വെള്ളം, അങ്ങനെ അങ്ങനെ ...

ഏറ്റവും സങ്കടകരമായ അവസ്ഥ പുകയിലയോടുള്ള അച്ഛന്റെ താല്‍പര്യമായിരുന്നു. ആരും കാണാതെ ഒരു തരിയെങ്കിലും തന്നൂടെ എന്ന് ദയനീയമായ മിഴികളോടെ അച്ഛന്‍ വീട്ടിലുള്ള പലരും അഭ്യര്‍ത്ഥിച്ചു.മരിക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പും അച്ഛന്‍ സങ്കടത്തോടെ ചോദിച്ചു,
'ലേശം ചവയ്ക്കാന്‍ എടുത്തു താടോ..'
'അമ്മ പിണങ്ങി എഴുന്നേറ്റു പോയി. ആ അവസാന ചോദ്യത്തിന് ശേഷം അതെ ചോദ്യം അച്ഛന്‍ ആവര്‍ത്തിച്ചില്ല, രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അച്ഛന്റെ ജീവനറ്റ ശരീരം മുന്‍വശത്തെ മുറിയിലെ തണുത്ത തറയില്‍ വിറങ്ങലിച്ച് കിടക്കുമ്പോള്‍ 'അമ്മ കരഞ്ഞു.
'അവസാനമായി ചോദിച്ചതാ ലേശം മുറുക്കാന്‍... അതുപോലും കൊടുത്തില്ല, ഇങ്ങനെ വേഗം പോകാനായിരുന്നെങ്കില്‍ കൊടുക്കാമായിരുന്നു...'
'അമ്മ പിന്നെയും കരഞ്ഞു. ഒന്നും ചെയ്യാനാകാതെ പോകുന്നു. നീണ്ടു നിവര്‍ന്നു അച്ഛന്‍ കിടക്കുന്നു. ഇതില്‍ കൂടുതല്‍ എന്ത് അനുഭവമാണ്, ചെറിയച്ഛന് അതുതന്നെ ആവര്‍ത്തിച്ച് പറയാം. പുകയില ചവയ്ക്കുന്നത് ലഹരിയുടെ കൂട്ടത്തില്‍ ആരും പെടുത്തിയിട്ടില്ലല്ലോ, പക്ഷെ കാരണങ്ങള്‍ക്ക് പിടിച്ചെടുക്കാന്‍ ചെറിയൊരു വേരിന്റെ പച്ചപ്പ്... അത്ര മതി.

ചെറിയച്ഛനും പെട്ടെന്നാരോടും പറയാതെയങ്ങു പോയി. അമിതമദ്യപാനം ചീര്‍പ്പിച്ച വയറ് മരിച്ചു കിടന്നപ്പോഴും ഉന്തി വലിഞ്ഞു ശരീരത്തിന് ചേരാത്തത് പോലെ മാറിക്കിടന്നു. മുഖത്തിനാകെ കറുത്ത് കരുവാളിച്ച ക്ഷീണം. എത്ര പെട്ടെന്നാണ് മരണം മനുഷ്യരെ വലിച്ചു കെട്ടി കൊണ്ട് പോകുന്നത്, യാതൊരു സമയപരിധിയും നല്‍കാതെ മുന്‍കൂട്ടിയറിയിക്കാതെ, ഉടലിനെ ബാക്കിയാക്കി ആത്മാവിനെ കൊണ്ട് പോകുമ്പോള്‍ പിന്നില്‍ ബാക്കിയാകുന്നത് പ്രിയപ്പെട്ട എത്രയോ മനുഷ്യരാണ്. അവര്‍ക്കുണ്ടാകുന്ന നഷ്ടം എത്ര വലുതാണ്. അച്ഛനാണ് പോയത്, ചെറിയച്ഛനാണ് പോയത്, രണ്ടു വീടുകളുടെ നാഥന്മാര്‍ ആയിരുന്നവര്‍.അവരില്ലാതെ ആ വീടുകള്‍ എങ്ങനെ മുന്നോട്ടു പോകണമെന്നാണ്!

നാളുകളേറെയെടുത്തു വീണ്ടുമൊരു താളത്തിലേയ്ക്ക് വീട് തിരികെയെത്താന്‍. അതുവരെ ഞങ്ങളനുഭവിച്ചത്!

അസുഖങ്ങള്‍ മനുഷ്യനെ വല്ലാതെ മാറ്റിക്കളയും , ജീവനും ജീവിതവും വരെ മാറ്റിക്കളയും.വീടുകള്‍ അനാഥമായിപ്പോകും, മക്കള്‍ ചിരി മറന്നു അച്ഛന്റെ ചിരിയിലേയ്ക്ക് ഓര്‍മ്മകളെ തിരഞ്ഞു പോകും. അമ്മമാര്‍ മരിക്കും മുന്‍പ് ചോദിച്ചിട്ടും കൊടുക്കാന്‍ മറന്ന എന്തെങ്കിലുമൊക്കെ ഓര്‍മ്മയില്‍ സൂക്ഷിച്ച് അതോര്‍ത്ത് വീണ്ടും വീണ്ടും പതം പറഞ്ഞു ഉളിലെങ്കിലും കരഞ്ഞുകൊണ്ടിരിക്കും. 

Content Highlights: world no tobacco day 2021 sree parvathy writes about his father's and relatives death