മദ്യപാനത്തേക്കാള്‍ വലിയ സാമൂഹ്യ വിപത്തായാണ് പലരും പുകവലിയെ വിലയിരുത്തുന്നത്. കാരണം ഉപയോഗിക്കുന്ന ആളില്‍ മാത്രമല്ല ചുറ്റമുള്ള ആളുകളെയും പുകവലി ദോഷകരമായി ബാധിക്കുന്നു. മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല മരണത്തിന് വരെ പുകവലി കാരണമാകുന്നു. ഒരു രോഗത്തെയല്ല ഒരുപാട് രോഗങ്ങളെ സമ്മാനിക്കുന്ന ഒരു ദുശീലം കൂടിയാണ് പുകവലി.

പുകയിലയുടെ ഉപയോഗം മൂലം ഒരു വര്‍ഷം 60 ലക്ഷം പേര്‍ മരിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ ഇന്ത്യക്കാര്‍ മാത്രം 10 മുതല്‍ 15 ലക്ഷം പേരോളം വരും.  പ്രധാനമായും പുകവലി ബാധിക്കുന്നത് നമ്മുടെ ശ്വാസകോശത്തെയാണ്. കാരണം പുകയിലയില്‍ അതി മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കാരണം. ഇവയില്‍ പലതും മാരകമായ ക്യാന്‍സറിന്  വരെ കാരണമാകുന്നവയാണ്. 

ഗര്‍ഭിണികളിലെ പുകവലി ശിശുവിന്റെ മുഖവൈകല്യത്തിനിടയാക്കും

ഗര്‍ഭകാലത്തിന്റെ ആദ്യ ആഴ്ചകളിലുള്ള പുകവലി, മദ്യപാനം എന്നിവ ശിശുക്കളില്‍ മുഖവൈകല്യമുണ്ടാകാന്‍ ഇടയാക്കുമെന്ന് പഠനം.

എയിംസിലെ ദന്ത പഠന-ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മുറിച്ചുണ്ട്, നാക്കിന്റെ വ്യതിയാനം തുടങ്ങിയ വൈകല്യങ്ങളിലേക്കാണ് ഇക്കാര്യം നയിക്കുക. ആഹാരം ചവയ്ക്കുന്ന രീതിയില്‍ മാറ്റമുണ്ടാകുകയും തുടര്‍ന്ന് പല്ലുകള്‍ അസാധാരണമാവിധം ക്രമംതെറ്റുകയും ചെയ്യും. ഒടുവില്‍ മുഖത്തിന് പ്രകടമായ വൈകല്യം ബാധിക്കും. ഏഷ്യന്‍ രാജ്യത്ത് ജനിക്കുന്ന ശിശുക്കളില്‍ 1,000-ത്തില്‍ രണ്ടില്‍ത്താഴെ പേര്‍ക്കാണ് ഇത്തരം വൈകല്യം ബാധിക്കുന്നത്. മൂന്നുഘട്ടങ്ങളായാണ് പഠനം. 2010 മുതല്‍ 2012 വരെയുള്ള കാലയളവിലായിരുന്നു ആദ്യഘട്ടം. തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ നടന്ന രണ്ടാംഘട്ടത്തില്‍ ദേശീയ തലസ്ഥാന മേഖലയിലെ മൂന്നു ആശുപത്രികളിലുണ്ടായ 164 കേസുകള്‍ പഠനവിധേയമാക്കി. 


പുകവലി കൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ :-
1.  രക്താര്‍ബുദം 
2.  മൂത്രാശയ കാന്‍സര്‍
3. ഗര്‍ഭാശയ മുഖത്തെ കാന്‍സര്‍       
4.  അന്നനാള കാന്‍സര്‍
5. വൃക്കയുടെ കാന്‍സര്‍
6.  സ്വനപേടകത്തിലെ കാന്‍സര്‍
7.  ശ്വാസകോശാര്‍ബുദം
8.  വായക്കുള്ളിലെ കാന്‍സര്‍                    
9.  ആഗ്നേയ ഗ്രന്ഥിയുടെ കാന്‍സര്‍            
10. തൊണ്ടയിലെ കാന്‍സര്‍                
11. ആമാശയ കാന്‍സര്‍                    
12. ഹൃദയസ്തംഭനം       
13. രക്തസമ്മര്‍ദ്ദം   
14. മാസം തികയാതെ പ്രസവിക്കല്‍
15.  ചാപിള്ളയെ പ്രസവിക്കല്‍
16.  വന്ധ്യത
17.  കുഞ്ഞിന്റെ പെട്ടെന്നുള്ള മരണം

പുകവലിയില്‍ നിന്നുള്ള രക്ഷപ്പെടല്‍  ഇത്രയും രോഗങ്ങളില്‍ നിന്നുള്ള രക്ഷപ്പെടല്‍ കൂടിയാണ്