ലോകാരോഗ്യ സംഘടന രൂപംകൊണ്ടതിന്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 1988 ഏപ്രില്‍ 7-നാണ് ആദ്യമായി പുകയിലവിരുദ്ധ ദിനം ആചരിച്ചത്. 1989 മുതല്‍ ദിനാചരണം മേയ് 31-ലേക്ക് മാറ്റുകയും പേര് ലോക പുകയിലവിരുദ്ധ ദിനം എന്നാക്കുകയും ചെയ്തു.

ലോകത്തില്‍ ലഹരിദായക വസ്തുവായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് പുകയില. പച്ചമുളകും വഴുതനയും കത്തിരിയും തക്കാളിയും ഉരുളക്കിഴങ്ങുമെല്ലാം ഉള്‍ക്കൊള്ളുന്ന സൊളനേസിയേ സസ്യകുടുംബത്തിലെ, നിക്കോട്ടിയാന റ്റബാക്കം എന്ന ശാസ്ത്രനാമമുള്ള സസ്യത്തിന്റെ ഇലയാണ് സാധാരണ കണ്ടുവരുന്ന പുകയില. 

പുകയിലയുടെ രസതന്ത്രം

പുകയിലപ്പുകയില്‍നിന്ന് 4000-ത്തിലധികം രാസഘടകങ്ങള്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ 250 എണ്ണം വിഷവസ്തുക്കളാണ്. ശ്വാസകോശരോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, അലര്‍ജി, ക്ഷീണം, മന്ദത, വൃക്കത്തകരാറുകള്‍ തുടങ്ങി അനേകം ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകും. അസെറ്റാല്‍ഡിഹൈഡ്, അമിനോ നാഫ്ത്തലിന്‍, ബെന്‍സീന്‍, ബെന്‍സോപൈറീന്‍, ബ്യൂട്ടാഡൈയീന്‍, നൈട്രോസമീനുകള്‍, അക്രിലോനൈട്രൈല്‍, കാഡ്മിയം, നിക്കല്‍, ക്രോമിയം, ടാര്‍ തുടങ്ങിയ 60-ലധികം രാസവസ്തുക്കള്‍ അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്നവയാണ്. 
പുകയിലയിലെ രാസവസ്തുക്കളില്‍ ഏറ്റവും മുഖ്യമാണ് നിക്കോട്ടിന്‍. പുകയിലയുടെ ലഹരിദായകസ്വഭാവത്തിന് അടിസ്ഥാനം ഈ ആല്‍ക്കലോയ്ഡാണ്. പുകയിലച്ചെടിയുടെ വേരിലാണ് നിക്കോട്ടിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇത് സംഭരിക്കപ്പെടുന്നത് അധികവും ഇലകളിലാണ്.  

പുകയിലയോടുള്ള ആസക്തി

ലോകത്തെ മുതിര്‍ന്നവരില്‍ മൂന്നിലൊന്നുപേരും പുകയില ഉപയോക്താക്കളാണ്. ലോകത്ത്  1.1 കോടി മനുഷ്യര്‍ പുകയില ഉപയോഗിക്കുന്നുണ്ട്.  35 ശതമാനത്തോളം ഇന്ത്യക്കാര്‍ പുകയില ഏതെങ്കിലുംതരത്തില്‍ ഉപയോഗിക്കുന്നവരാണ്. പുകയിലയോടുള്ള ആസക്തി ഇതേ തോതില്‍ തുടരുകയാണെങ്കില്‍ 2030 ആകുമ്പോള്‍ ലോകത്ത് പ്രതിവര്‍ഷം ഏതാണ്ട് എട്ടു ദശലക്ഷം ആളുകള്‍ രോഗംബാധിച്ച് മരിക്കും. 

പുകയിലയുടെ പ്രഹരശേഷി

പുകയില ഉപയോഗം ഗര്‍ഭിണികളില്‍ മാസമെത്താതെയുള്ള പ്രസവത്തിന് കാരണമായേക്കാം. തൂക്കക്കുറവുള്ള കുട്ടികള്‍ പിറക്കാനും ഇത് വഴിവെക്കും. വെറ്റില മുറുക്കുന്നവരില്‍ വായിലും തൊണ്ടയിലും അര്‍ബുദം വരാന്‍ സാധ്യതയേറെയാണ്. പുകവലിക്കുന്നവരില്‍ ശ്വാസകോശം,  അന്നനാളം, പാന്‍ക്രിയാസ്, വൃക്കകള്‍, വന്‍കുടല്‍ എന്നീ ഭാഗങ്ങളിലെ അര്‍ബുദത്തിനും പുകയില കാരണമാകുന്നു.

പുകയിലയിലെ നിക്കോട്ടിന്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ അടിഞ്ഞുകൂടി രക്തനാളിയുടെ വ്യാസം കുറച്ചും പേശികളെ സങ്കോചിപ്പിച്ചും രക്തപ്രവാഹം തടസ്സപ്പെടുത്തി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. നാഡീകോശങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കാനും ഇതിന് കഴിവുണ്ട്.പുകവലിക്കാര്‍ വലിച്ചുതള്ളുന്ന പുക ശ്വസിക്കാനിടയാകുന്ന സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്കേഴ്‌സ് അഥവാ പാസീവ് സ്‌മോക്കേഴ്‌സ്    എന്നൊരുവിഭാഗംകൂടിയുണ്ട്.     ഇവരാണ് പുകവലിക്കാതെ പുകവലിയാല്‍ വലയുന്നവര്‍. മരിക്കുന്ന ഓരോ പുകവലിക്കാരനും ശരാശരി 30 പേരെയെങ്കിലും ഇത്തരത്തില്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതായാണ് കണക്കുകള്‍. 

Content Highlights: world no tobacco day 2021 chemistry behind tobacco