കൊച്ചി: പുകയില ഉത്പന്നങ്ങളില്‍ താരമായ സിഗരറ്റ് വ്യവസായ മേഖലയില്‍ ഇന്ത്യയില്‍ കുറച്ച് വര്‍ഷങ്ങളായി പുകച്ചിലാണ്. പുകയിലവിരുദ്ധ ദിനാചരണവും വ്യാപാരവും പരസ്യവും നിയന്ത്രിക്കുന്നതിനുള്ള നടപടികളും സിഗരറ്റ്, ബീഡി വില്‍പ്പന കുറച്ചിട്ടുണ്ടെന്നാണ് കണക്ക്. 1981-'82ല്‍ രാജ്യത്തെ മൊത്തം പുകയില ഉത്പന്നങ്ങളുടെ ഉപഭോഗത്തില്‍ ഏകദേശം 21 ശതമാനമായിരുന്നു സിഗരറ്റിന്റെ (നിയമപരമായിട്ടുള്ള) വിഹിതം. ഇപ്പോഴിത് ഒന്‍പത് ശതമാനത്തോളമായി. അതേസമയം, ആഗോള ശരാശരി 90 ശതമാനമാണ്.

സിഗരറ്റുകളുടെ വില്‍പ്പനയില്‍ പത്ത് ശതമാനത്തിനടുത്ത് ഇടിവാണ് 2020-ല്‍ ഉണ്ടായിട്ടുള്ളത്. ഭീമമായ നികുതിയും കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായിട്ടുള്ള അടച്ചിടല്‍ നടപടികളുമാണ് ഇതിനുകാരണം. ഇതിനുമുമ്പ് വില്‍പ്പന വലിയ തോതില്‍ കുറഞ്ഞത് 2015-ലാണ്, 8.2 ശതമാനം.

അതേസമയം, അനധികൃത സിഗരറ്റ് വില്‍പ്പനയില്‍ വലിയ വര്‍ധനയാണ്. മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ 'യൂറോമോണിറ്റര്‍ ഇന്റര്‍നാഷണല്‍' തയ്യാറാക്കിയ വ്യാജ സിഗരറ്റ് വില്‍പ്പന കൂടുതലുള്ള രാജ്യങ്ങളുടെ റാങ്കിങ്ങില്‍ നാലാമതാണ് ഇന്ത്യ. 2010-'11 മുതല്‍ 2019-'20 വരെ സിഗററ്റ് വില്‍പ്പന 20 ശതമാനം കുറഞ്ഞപ്പോള്‍ അനധികൃത വില്‍പ്പന 36 ശതമാനം വര്‍ധിച്ചു. പ്രതിവര്‍ഷം 15,000 കോടിയുടെ നികുതി നഷ്ടമുണ്ട്.

വിവേചനപരമായിട്ടുള്ള നികുതിയും നിയന്ത്രണങ്ങളും വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് ഐ.ടി.സി. അടക്കമുള്ള കമ്പനികള്‍ പറയുന്നു. 2016-'17 മുതല്‍ സിഗരറ്റിനുമേലുള്ള നികുതി 40 ശതമാനത്തോളം വര്‍ധിച്ചു. നിലവില്‍ 64 ശതമാനം എക്സൈസ് നികുതിയും 28 ശതമാനം ജി.എസ്.ടി.യും അഞ്ച് ശതമാനം സെസുമുണ്ട്. ലോകത്ത് ഏറ്റവും ഉയര്‍ന്ന നികുതിയുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.

കേരളത്തിലും താഴേക്ക്

കേരളത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് വില്‍പ്പനയില്‍ 25-30 ശതമാനത്തിനടുത്ത് ഇടിവാണുണ്ടായി. ബീഡിക്കും ആവശ്യക്കാര്‍ കുറയുന്നതായി ദിനേശ് ബീഡി ചെയര്‍മാന്‍ എം.കെ. ദിനേഷ് ബാബു പറയുന്നു. 1990 കളി ല്‍ 1200 കോടി ദിനേശ് ബീഡി ഉത്പാദിപ്പിച്ച സ്ഥാനത്ത് ഇപ്പോള്‍ 64 കോടിമാത്രം.

Content Highlights: no tobacco day cigarette sales decreasing in india