കണ്ണൂര്‍: ഇന്ന് ലോക പുകയിലവിരുദ്ധദിനം. 'പുകയില ഉപേക്ഷിക്കാനുള്ള പ്രതിബദ്ധത' എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം. പ്രതിവര്‍ഷം ലോകത്ത് 80 ലക്ഷം ആളുകള്‍ പുകയിലയുടെ ഉപയോഗം കാരണം മരിക്കുന്നതായാണ് കണക്കുകള്‍. ഇതില്‍ 12 ലക്ഷം പേര്‍ നിഷ്‌ക്രിയ പുകവലി കാരണം മരിക്കുന്നു എന്നതാണ് ഗൗരവതരമായ കാര്യം. പുകവലി ഉപേക്ഷിക്കുന്നതിന് പ്രായമോ ശീലത്തിന്റെ കാലയളവോ വിലങ്ങുതടിയല്ലെന്നും ദോഷവശങ്ങള്‍ തിരിച്ചറിഞ്ഞ് ശീലം ഉപേക്ഷിക്കാനുള്ള ആഗ്രഹമാണ് പ്രധാനമെന്നും വിദഗ്ധര്‍ പറയുന്നു.

എങ്ങനെ ഞങ്ങള്‍ പുകവലി നിര്‍ത്തി, പുകവലി ഉപേക്ഷിച്ചവര്‍ പറയുന്നു... 

പരാതി പോയ ദിവസം നിര്‍ത്തി

ദിവസം എട്ട് പാക്കറ്റ് സിഗരറ്റ് വരെ വലിക്കുന്ന 'ചെയിന്‍ സ്‌മോക്കറാ'യിരുന്നു. വലി നിര്‍ത്തിയിട്ട് 22 വര്‍ഷമായി. മാഷ് സിഗരറ്റ് വലിക്കുന്നതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ട സംഭവത്തെത്തുടര്‍ന്നാണ് പുകവലി നിര്‍ത്തിയത്. മനഃസ്ഥൈര്യം കാരണമാണ് പരാതി പോയ അതേ ദിവസംതന്നെ വലി നിര്‍ത്താന്‍ കഴിഞ്ഞത്. ഏറ്റവും വലിയ ദുശ്ശീലങ്ങളിലെന്നാണ് പുകവലിയെന്നാണ് പുതുതലമുറയോട് പറയാനുള്ളത്. പുകവലി കാരണം ഒരു അസുഖം വരാന്‍ ഒരിക്കലും നമ്മള്‍ ശരീരത്തെ വിട്ടുകൊടുക്കരുത്

എം. രമേശന്‍

റിട്ട. കായികാധ്യാപകന്‍/എന്‍.സി.സി. ഓഫീസര്‍, ഇരിട്ടി എച്ച്.എസ്.എസ്.

നവോന്മേഷം പകര്‍ന്ന തീരുമാനം

ദൈനംദിന ജീവിതത്തില്‍ പ്രയാസമുണ്ടാക്കുമെന്ന സ്ഥിതിയായപ്പോഴാണ് ശീലമാക്കിയ പുകവലി നിര്‍ത്താന്‍ ശക്തമായ തീരുമാനമെടുത്തത്. 'നാളെമുതല്‍ പുകവലിക്കില്ല' എന്നത് ദൃഢപ്രതിജ്ഞയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ ദിവസം ഇന്നോര്‍ക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. ആ തീരുമാനം മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായ എനിക്ക് നവോന്മേഷം പകര്‍ന്നു എന്നത് യാഥാര്‍ഥ്യമാണ്.

കോടൂര്‍ ബാലന്‍,

പൊതുപ്രവര്‍ത്തകന്‍, കരിയാട്

വലി നിര്‍ത്തിയത് വാശിയില്‍

ചങ്ങാതിമാരോട് സിഗരറ്റ് ചോദിച്ച് കിട്ടാഞ്ഞതിന്റെ നിരാശയില്‍നിന്നും വാശിയില്‍നിന്നുമാണ് പുകവലി നിര്‍ത്തിയത്; 1983-ല്‍. പിന്നെ അറുപത് വയസ്സിനിടെ ഇതുവരെ തൊട്ടിട്ടില്ല. അച്ഛന്‍ ഉപേക്ഷിക്കുന്ന മുറിബീഡിയില്‍നിന്നായിരുന്നു തുടക്കം. സ്‌കൂള്‍ പഠനകാലത്ത് കൂട്ടുകാരനില്‍നിന്നാണ് പുകവലി ശീലമായത്. പഠനത്തിന്റെ ഇന്റര്‍വെല്ലിനുപോലും വലിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡിലുള്ള ബീഡികള്‍ക്ക് പിറകെ വലി സിഗരറ്റിലേക്ക് കടന്നു. പണ്ടത്തേതുപോലെ ഇന്ന് സമൂഹത്തില്‍ പുകവലിക്കാരന് 'ഗമ'യില്ലെന്നാണ് മനസ്സിലാക്കുന്നത്

കെ.വി. ചന്ദ്രന്‍

'ഫാഷന്‍' ബാര്‍ബര്‍ ഷോപ്പുടമ, പേരാവൂര്‍

50 വര്‍ഷത്തിനുശേഷം നിര്‍ത്തി

18 വയസ്സില്‍ തുടങ്ങിയ പുകവലി 50 വര്‍ഷത്തോളം നീണ്ടു. ദിവസം പതിനഞ്ചില്പരം സിഗരറ്റ് വലിച്ചിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി സ്വമേധയാ പുകവലി നിര്‍ത്തിയിട്ട്. അടുത്തിടപഴകുന്ന ചിലര്‍ പുകവലിക്കുന്നത് വളരെ മോശമാണെന്നും അതിനോട് അറപ്പാണെന്നും പറഞ്ഞതോടെയാണ് നിര്‍ത്തിയത്. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. വലി നിര്‍ത്തിയതോടെ കൂടുതല്‍ ഉന്മേഷമാണ് അനുഭവപ്പെടുന്നത്

പി. കേളു,

കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് റിട്ട. ജീവനക്കാരന്‍, മാങ്ങാട്

ദീര്‍ഘനാളായുള്ള പുകവലിശീലം ഉപേക്ഷിച്ച ചിലരുടെ അഭിപ്രായങ്ങളാണ് മുകളില്‍, (പുകവലി നിര്‍ത്തിയ യുവാക്കള്‍ നിരവധിയാണെങ്കിലും പ്രതികരിക്കാനോ അനുഭവം പങ്കിടാനോ മിക്കവരും തയ്യാറായില്ല)