എല്ലാ വര്‍ഷവും മെയ് 31-ാം തീയതിയാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്. വിജയിയാകാന്‍ പുകയില ഉപേക്ഷിക്കൂ എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധദിനത്തിന്റെ പ്രമേയം. 

പുകവലിക്കുന്നവരില്‍ കോവിഡ് മാരകമാകുമെന്ന വാര്‍ത്തകള്‍ വന്നത് ദശലക്ഷകണക്കിന് പുകവലിക്കാരെ അത് ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ പുകയില ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന ക്യാമ്പെയിനുകളാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. 

#CommitToQuit

പുകയില ഉപേക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കുന്ന ക്യാമ്പെയിനും ഇത്തവണത്തെ പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ പേരും മറ്റും ചേര്‍ത്ത് പുകയില ഉപേക്ഷിക്കാനുള്ള പ്രതിജ്ഞയെടുക്കാം. ഇതോടൊപ്പം പുകയില ഉപേക്ഷിക്കാന്‍ സഹായിക്കുന്ന ആശയങ്ങളും മറ്റുവിവരങ്ങളും #CommitToQuit എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാം. പുകയില ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറെ സഹായകരമാവും. 

പുകയില സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് അത് ഉപേക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ കൃത്യമായ സഹായവും പിന്തുണയും അവര്‍ക്ക് നല്‍കുകയാണെങ്കില്‍ പുകയില ഉപയോഗം പൂര്‍ണമായും ഉപേക്ഷിക്കാം. അതിനുവേണ്ട ടൂള്‍കിറ്റും ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ പുകയില ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍, പുകയില ഒഴിവാക്കാനുള്ള ഉപദേശങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കാനുള്ള അവസരം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 

ലോകത്ത് പുകയില ഉപയോഗിക്കുന്ന 1.3 ബില്യണ്‍ പേരില്‍ 70 ശതമാനത്തിലധികം പേര്‍ക്കും അത് ഉപേക്ഷിക്കേണ്ടതിന് ആവശ്യമായ സഹായങ്ങളോ മറ്റുസംവിധാനങ്ങളോ ലഭ്യമല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. നിലവില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ കോവിഡ് വ്യാപനം കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയതോടെ പുകയില ഉപേക്ഷിക്കുന്നതിന് വേണ്ടിയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ഏറെ കുറവുണ്ടായെന്നും ലോകാരോഗ്യസംഘടന വിലയിരുത്തുന്നുണ്ട്. 

Content Highlights: no tobacco day 2021 theme quit tobacco to be a winner commit to quit