കോവിഡ്-19 വ്യാപനത്തിനിടയിലാണ് ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധദിനം ആചരിക്കുന്നത്. കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ് എന്നിരിക്കെ പുകയില വിരുദ്ധ ദിനാചരണത്തിന് പ്രസക്തിയേറുകയാണ്. 

പുകവലി ശ്വാസകോശത്തിന് നിരവധി പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്. കോവിഡ്-19 പുകവലിക്കാരില്‍ മാരകമായേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രതിവര്‍ഷം 80 ലക്ഷത്തോളം പേര്‍ പുകവലി മൂലവും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതു മൂലവും മരണപ്പെടുന്നുണ്ട്. പത്തു ലക്ഷത്തോളം പേരാണ് ഇന്ത്യയില്‍ ഇപ്രകാരം മരിക്കുന്നത്. 12 ലക്ഷത്തോളം പേര്‍ പാസ്സീവ് സ്മോക്കിങ് വഴിയും ലോകത്ത് മരണപ്പെടുന്നുണ്ട്. 

പുകവലിക്കുമ്പോള്‍

പുകവലിക്കുന്നവരില്‍ കടുത്ത ചുമ, മ്യൂക്കസ് ദ്രാവകം കൂടുതലുണ്ടാകുന്നു, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വലിവോടെയുള്ള ശ്വസനം(wheezing), ആസ്ത്മ, സി.ഒ.പി.ഡി., ന്യൂമോണിയ, ശ്വാസകോശ അണുബാധകള്‍, ശ്വാസകോശ കാന്‍സര്‍ എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. 

പുകവലി ശ്വാസകോശത്തിനും ശ്വാസകോശത്തിലെ കോശങ്ങള്‍ക്കും നാശമുണ്ടാക്കും. ഇതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലെ രക്തക്കുഴലുകളിലെ വായുവിന്റെ അളവ് കുറയുകയും ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെത്തുന്ന ഓക്സിജന്റെ അളവില്‍ വലിയ കുറവുണ്ടാക്കുകയും ചെയ്യും. 

പുകവലിക്കുന്നത് ശ്വാസവഴിയുടെ പ്രതിരോധ കവചമായ മുടി പോലെ കാണുന്ന സീലിയകള്‍ നശിക്കാനിടയാക്കും. ഇവയാണ് ശ്വാസവഴിയില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കുന്നതും അണുബാധയ്ക്ക് ഇടയാക്കുന്ന നിരവധി ഘടകങ്ങളെയും അകറ്റി അണുബാധയില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്നതും. 

പുകവലിക്കാരില്‍ ഈ സംരക്ഷണപാളി നശിക്കുമെന്നതിനാല്‍ ഇവരില്‍ അണുബാധകള്‍ പെട്ടെന്ന് മാരകമായേക്കാം. അതിനാല്‍ തന്നെ പുകവലിക്കാര്‍ക്ക് കോവിഡ് മാരകമാകാന്‍ സാധ്യത ഏറെയാണ്. ന്യുമോണിയ, സി.ഒ.പി.ഡി., ആസ്ത്മ തുടങ്ങി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് മാരകമാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ പുകവലി ഒഴിവാക്കൂ. ശ്വാസകോശത്തെ സംരക്ഷിക്കൂ. 

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. സാബിര്‍ എം.സി. 
പള്‍മണോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ്