ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറലിന്റെ പ്രത്യേക പുരസ്‌കാരം കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ നടപ്പിലാക്കിയതിനാണ് പുരസ്‌കാരം. 2019-ല്‍ ഇ-സിഗരറ്റുകളും ഹീറ്റഡ് ടൊബാക്കോ പ്രൊഡക്ടുകളും(എച്ചടിപി) നിയമംമൂലം നിരോധിച്ച നടപടിയാണ് കേന്ദ്രമന്ത്രിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബ്രിട്ടനിലെ ബാത്ത് സര്‍വകലാശാലയിലെ ടൊബാക്കോ കണ്‍ട്രോള്‍ റിസര്‍ച്ച് ഗ്രൂപ്പിനും പ്രത്യേക പുരസ്‌കാരമുണ്ട്. ദക്ഷിണേഷ്യന്‍ മേഖലയിലെ പുരസ്‌കാരത്തിന് മധ്യപ്രദേശ് ഹെല്‍ത്ത് അസോസിയേഷനും ഉത്തര്‍പ്രദേശിലെ സംസ്ഥാന പുകയില നിയന്ത്രണ സെല്ലും അര്‍ഹരായി. 

അതിനിടെ, പുകവലിക്കുന്നവരില്‍ കോവിഡ് കാരണം ഗുരുതരമായ രോഗങ്ങള്‍ വരാനും മരണം സംഭവിക്കാനും 50 ശതമാനം വരെ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് കാരണം അര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവ പുകവലിക്കാരില്‍ ഉണ്ടാകുമെന്നും ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. 

'പുകവലിക്കുന്നവര്‍ക്ക് കോവിഡ് കാരണം ഗുരുതരമായ രോഗങ്ങള്‍ വരാനും മരണം സംഭവിക്കാനും 50 ശതമാനം വരെ സാധ്യത കൂടുതലാണ്. അതിനാല്‍ പുകവലി ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും നല്ലകാര്യം. ഇതിലൂടെ കൊറോണ വൈറസില്‍നിന്നുള്ള അപകടസാധ്യതയും മറ്റു ഗുരുതരരോഗങ്ങള്‍ വരാനുള്ള സാധ്യതയും കുറയ്ക്കാനാകും''- ടെഡ്രോസ് പറഞ്ഞു. 

പുകയില വിമുക്തമായ ചുറ്റുപാട് സൃഷ്ടിക്കാനായി എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടനയുടെ ക്യാമ്പെയിനില്‍ അണിചേരാനും അദ്ദേഹം അഭ്യര്‍ഥിച്ചു. പുകയില ഉപേക്ഷിക്കാനായി ലോകാരോഗ്യ സംഘടന വിപുലമായ ക്യാമ്പെയിനാണ് സംഘടിപ്പിച്ചിരിക്കുന്ന.് പുകയില ഉപയോഗിക്കുന്നവര്‍ക്ക് അത് ഉപേക്ഷിക്കാന്‍ സഹായിക്കുന്ന ക്വിറ്റ് ചലഞ്ചിനും രൂപംനല്‍കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് വാട്‌സാപ്പ്, വൈബര്‍, ഫെയ്‌സ്ബുക്ക്, വീചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ ആറുമാസത്തേക്ക് വിവിധ ടിപ്പുകളും വിവരങ്ങളും നല്‍കും. 

Content Highlights: no tobacco day 2021 awards