പുകവലി എന്നന്നേക്കുമായി നിര്‍ത്തിയാല്‍ അതുവരെ ശ്വാസകോശത്തിന് സംഭവിച്ച ക്ഷതങ്ങളെ സുഖമാക്കുന്ന മാന്ത്രിക കോശങ്ങള്‍ ശ്വാസകോശത്തിലുണ്ടെന്ന് പുതിയ കണ്ടെത്തല്‍. നേച്ചര്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലി മൂലം ഉണ്ടാകുന്ന ശ്വാസകോശ ക്യാന്‍സര്‍ തടയാന്‍ ഇങ്ങനെ രക്ഷപ്പെടുന്ന കോശങ്ങള്‍ക്ക് കഴിവുണ്ടെന്നും പഠനം പറയുന്നു. പക്ഷേ പുകവലി പൂര്‍ണമായും നിര്‍ത്തണമെന്ന് മാത്രം. 

പുകയിലയില്‍ അടങ്ങിയിരിക്കുന്ന ആയിരക്കണക്കിന് രാസ വസ്തുക്കള്‍ ശ്വാസകോശ കോശങ്ങളിലെ ഡി.എന്‍.എയെ മാറ്റിമറിച്ച് കാന്‍സര്‍ ഹേതുക്കളാക്കുന്നു. ഓരോ കോശങ്ങളും 10,000 ജനിതക വ്യതിയാനങ്ങള്‍ വരെ വരാന്‍ സാധ്യതയുള്ളവയാണെന്നും പഠനം പറയുന്നു. ' അതായത് അവ ടൈം ബോംബുകളെ പോലെയാണ്. ഓരോ തവണ പുകവലിക്കുമ്പോഴും കാന്‍സറിലേക്ക് അടുക്കുകയാണ് ചെയ്യുന്നത്.' പഠനത്തില്‍ പങ്കാളിയായ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനില്‍ നിന്നുള്ള ഡോ. കേറ്റ് ഗോവേഴ്‌സ് പറയുന്നു. 

എന്നാല്‍ ചില സെല്ലുകള്‍ ഇതില്‍ നിന്ന് മാറി പുറത്തു നില്‍ക്കും. ഒരു ന്യൂക്ലിയര്‍ ബങ്കറില്‍ നിന്ന് രക്ഷപ്പെടുന്ന പോലെ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല. ഒരാള്‍ എന്നെന്നേക്കുമായി പുകവലി നിര്‍ത്തുമ്പോള്‍ ഈ കോശങ്ങള്‍ പെരുകി ശ്വാസകോശത്തെ പഴയപോലെ ആക്കും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

പുകവലി മുഴുവനായി നിര്‍ത്തുമ്പോള്‍ ശ്വാസകോശത്തിലെ കോശങ്ങളില്‍ 40 ശതമാനം ഇതുവരെ പുകവലിക്കാത്തവരുടെ ശ്വാസകോശത്തിലേത് പോലെയാവും. ഇത്തരമൊരു കണ്ടെത്തല്‍ പ്രതീക്ഷിച്ചില്ലെന്നാണ് ഗവേഷകരില്‍ ഒരാളായ സംഗെര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. പീറ്റര്‍ കാംപ്‌ബെല്‍ പറയുന്നത്. ' ഒരാള്‍ പുകവലി നിര്‍ത്തുമ്പോള്‍ ഈ സെല്ലുകള്‍ ശ്വാസകോശത്തിന്റെ ഭിത്തിയില്‍ വീണ്ടും നിറയുന്നു, ഒരു മാജിക്ക് പോലെ.' എന്നാണ് അദ്ദേഹം ഇതേ പറ്റി പറയുന്നത്. ഈ പഠനം പുറത്തു വരുന്നതോടെ നിരവധിപ്പേര്‍ക്ക് പുകവലി നിര്‍ത്താന്‍ പ്രചോദനമാകും എന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

Content Highlights: Lungs cells magically heal damage from smoking