കണ്ണൂര്‍: കല്യാണപ്രായമായ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്. പുകയില ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പെണ്ണുകിട്ടില്ല.

'പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കില്ലെന്നും പുകയില ഉപയോഗിക്കുന്ന ശീലമുള്ളവരെ ജീവിതപങ്കാളിയായി സ്വീകരിക്കില്ലെന്നും' പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഒരുകൂട്ടം പെണ്‍കുട്ടികള്‍. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഓണ്‍ലൈന്‍ പരിപാടിയിലാണ് പെണ്‍കുട്ടികള്‍ പ്രതിജ്ഞയെടുത്തത്.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ 220 വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ചാണ് സൂം വെബിനാര്‍ നടത്തിയത്. സൊസൈറ്റിയുടെ ബോധവത്കരണത്തിലൂടെ പുകവലിശീലം ഒഴിവാക്കിയ അഞ്ച് വ്യക്തികളെ യോഗം അഭിനന്ദിച്ചു.

ബോധവത്കരണ പരിപാടി ഡോ. ബാബു മാത്യു ഉദ്ഘാടനംചെയ്തു.

എം.സി.സി.എസ്. പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ബി.വി.ഭട്ട്, ഡോ. സുചിത്ര സുധീര്‍, ഡോ. ആര്‍.ജയകൃഷ്ണന്‍, മേജര്‍ പി.ഗോവിന്ദന്‍, ടി.എം.ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. വി.സി.രവീന്ദ്രന്‍, ഡോ. ഹര്‍ഷ ഗംഗാധരന്‍ എന്നിവര്‍ ക്ലാസെടുത്തു.