തൃശ്ശൂര്‍: വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ലക്ഷ്യംവെച്ച് കൊണ്ടുവന്ന അരക്കിലോയില്‍ അധികം ഹാഷിഷ് ഓയില്‍ എക്സൈസ് അധികൃതര്‍ പിടികൂടി. ഇതു കടത്താന്‍ ഉപയോഗിച്ച, രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത പുതിയ ബൈക്കും പിടികൂടി. ഹാഷിഷ് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളും പിടികൂടിയിട്ടുണ്ട്. 

മലപ്പുറം, പാലപ്പെട്ടി സ്വദേശികളായ ആലുങ്ങല്‍ ജാബിര്‍ (28), പുളിക്കല്‍ നൗഷാദ് (30) എന്നിവരാണ് പിടിയിലായത്. മറ്റൊരാളെ കഴിഞ്ഞ ദിവസം ഹാഷിഷുമായി പിടികൂടിയിരുന്നു. ഇതിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഇത്രയും വലിയ മയക്കുമരുന്നുവേട്ടയ്ക്ക് വഴിതെളിയിച്ചത്. 

വിശാഖപട്ടണത്തുനിന്ന് ലഭിച്ചെന്നാണ് പിടിയിലായവരുടെ മൊഴി. ഒരു ഗ്രാമിന് രണ്ടായിരം രൂപയ്ക്കാണ് വില്‍പ്പന. ഹാഷ് ടാഗ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പും ലഹരിയുടെ വിപണനത്തിനായി ഉണ്ട്. സ്ലീപ്പിങ് ഗം എന്ന പേരുള്ള ഇതിന് കാമ്പസുകളിലും ആവശ്യക്കാര്‍ ഉണ്ടെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്.

കഞ്ചാവില്‍ കലര്‍ത്തി സിഗററ്റ് രൂപത്തിലാക്കുന്നതിനുള്ള കടലാസുകളും നിരവധി ഇവരില്‍നിന്നു പിടികൂടി. അരക്കിലോ ഹാഷിഷ് സിഗററ്റുകളാക്കാന്‍ വേണ്ടത്ര സിഗററ്റ് കടലാസുകളും ഉണ്ടായിരുന്നു. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനായി ആദ്യതവണകളില്‍ സൗജന്യമായി കൊടുക്കുന്ന രീതിയും ഇവര്‍ക്കുണ്ടായിരുന്നുവെന്ന് തൃശ്ശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.വി. റാഫേല്‍ പറഞ്ഞു.

തൃശ്ശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ കൃഷ്ണപ്രസാദ്, തൃശ്ശൂര്‍ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ദക്ഷിണാമൂര്‍ത്തി, ജോസഫ്, സന്തോഷ്ബാബു, സുധീര്‍കുമാര്‍, ബിജു, ദേവദാസ്, സണ്ണി എന്നിവരാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ഷാജി എസ്. രാജന്‍, തൃശ്ശൂര്‍ എക്സൈസ് സി.ഐ. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യംചെയ്യുന്നുണ്ട്.