പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

പുകയില നിയന്ത്രണത്തിനെതിരെ 

പുകയില നിയന്ത്രണത്തിന്റെ പരമപ്രധാനമായ ലക്ഷ്യം പുകയിലജന്യ രോഗങ്ങളും തന്മൂലമുണ്ടായേക്കാവുന്ന മരണങ്ങളും തടയുക എന്നതാണ്. പുകയിലയുടെ ഉപയോഗം തടയുന്നതിനും ഈ ശീലത്തിന് അടിമപ്പെട്ടവരെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുമുള്ള അടിയന്തര നടപടികളിലൂടെ മാത്രമേ ഈ ലക്ഷ്യം സാധ്യമാവുകയുള്ളൂ.

ഇത്തരം നടപടികള്‍ തീര്‍ച്ചയായും പുകയിലക്കമ്പനികളുടെയും അനുബന്ധമേഖലകളുടെയും താത്പര്യങ്ങള്‍ക്ക് കടകവിരുദ്ധമാകുമെന്നതില്‍ സംശയമില്ല. ആയതുകൊണ്ടുതന്നെ സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് ഇവയെ അതിജീവിക്കാനുള്ള വിപണനതന്ത്രങ്ങളാണ് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.drug

കായികമത്സരങ്ങള്‍ മുതല്‍ ശാസ്ത്ര ഗവേഷണങ്ങള്‍വരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഈ തന്ത്രങ്ങളുടെ ഭാഗമാണ്. ഇത്തരം കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ചെറുത്ത് തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയാണ് പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളുടെയും അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്.

ആഗോളതലത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പേരുടെ മരണഹേതുവാകുന്നതും എന്നാല്‍ തടയപ്പെടാവുന്നതുമായ മാരകവിപത്താണ് പുകയിലജന്യരോഗങ്ങള്‍. വര്‍ഷംതോറും ആറ് ദശലക്ഷം ആളുകളുടെ മരണത്തിന് ഇത് കാരണമാവുന്നു.

ഇങ്ങനെ സംഭവിക്കുന്ന മരണങ്ങളില്‍ ഏറിയപങ്കും വികസ്വര രാഷ്ട്രങ്ങളിലാണ്. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ 2030-ഓടെ മരണനിരക്ക് എട്ട് ദശലക്ഷം കവിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 2003-ല്‍ നടന്ന കണ്‍വെന്‍ഷന്‍ അന്തര്‍ദേശീയ തലത്തില്‍ പുകയില ഉപയോഗ നിയന്ത്രണം നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ പുറപ്പെടുവിക്കുകയുണ്ടായി. ഈ രേഖ ഏറ്റവുമാദ്യം അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. 2010-ല്‍ പൂര്‍ത്തിയായ സര്‍വേ ഫലമനുസരിച്ച് ഏകദേശം 275 ദശലക്ഷം ഇന്ത്യക്കാര്‍ പുകയില ഉപയോഗിക്കുന്നു.

പുരുഷന്മാരില്‍ 48 ശതമാനവും സ്ത്രീകളില്‍ 20 ശതമാനവുമാണ് ഇതിന്റെ തോത്. പുകവലിക്കാരുടെ എണ്ണത്തില്‍ ചൈനയ്ക്ക് തൊട്ടുപിറകെയാണ് നമ്മുടെ സ്ഥാനം. 19 വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ മൂന്നിലൊരാള്‍ പുകയില ഉപഭോക്താവാണ്. പ്രതിവര്‍ഷം 10 ലക്ഷം ഇന്ത്യക്കാര്‍ പുകയിലജന്യ രോഗങ്ങളാല്‍ മരിക്കുന്നു.

ഒരു സിഗരറ്റോ ബീഡിയോ എരിയുമ്പോഴുണ്ടാകുന്ന പുകയില്‍ നാലായിരത്തിലധികം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. കാന്‍സറിന് കാരണമായേക്കാവുന്ന അറുപതില്‍പ്പരം വസ്തുക്കള്‍ ഇതില്‍പ്പെടുന്നു. വാതകരൂപത്തിലുള്ള ചില ഘടകങ്ങള്‍ ശ്വസന നാളികളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ക്രമേണ വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, വലിവ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ശ്വാസകോശാര്‍ബുദങ്ങളില്‍ 95 ശതമാനം പുകവലിമൂലമുണ്ടാകുന്നവയാണ്.

ഇത് കൂടാതെ വായ, തൊണ്ട, മൂത്രസഞ്ചി, വൃക്ക, ആമാശയം എന്നിവയെ ബാധിക്കുന്ന കാന്‍സറിനും പ്രധാനകാരണം പുകയിലയുടെ ഉപയോഗമാണ്. ആധുനികസമൂഹം ഏറെ ഭയപ്പെടുന്ന ഹൃദ്രോഗത്തിന്റെ മുഖ്യകാരണവും പുകവലിയാണ്.

എന്തുകൊണ്ടാണ് ഒരാള്‍ പുകവലിക്കാരനാകുന്നത്? പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന പദാര്‍ഥം തലച്ചോറില്‍ പ്രവര്‍ത്തിച്ച് താത്കാലികമായ ഉന്മേഷവും അനുഭൂതിയും പ്രദാനം ചെയ്യുന്നതോടൊപ്പംതന്നെ തീവ്രമായ ആശ്രയത്വവും ഉണ്ടാകുന്നു.

അഥവാ ഒരിക്കല്‍ ഉപയോഗിച്ചയാളെ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. മദ്യമോ ഇതര ലഹരി പദാര്‍ഥങ്ങളോ മൂലമുണ്ടാകുന്നതിനേക്കാള്‍ അതിശക്തമായ വിധേയത്വമാണ് നിക്കോട്ടിന്‍ ഒരു വ്യക്തിയില്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ പുകവലിയെ കേവലം ഒരു ദുശ്ശീലമെന്നതിലുപരി ഒരു രോഗമെന്ന രീതിയില്‍തന്നെ പരിഗണിച്ച് ശരിയായ ചികിത്സ നല്‍കേണ്ടതാണ്.

ഒരാളുടെ പുകവലി ആ വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല കുടുംബാംഗങ്ങളെക്കൂടി ബാധിക്കുന്നുവെന്നത് പലരും മനസ്സിലാക്കിയിട്ടില്ല. സിഗരറ്റോ ബീഡിയോ എരിയുമ്പോള്‍ പുകവലിക്കാരന്‍ ഉള്ളിലേക്കെടുക്കുന്ന പുകയേക്കാള്‍ കൂടിയ അളവ് പരിസരത്ത് വ്യാപിക്കുന്നു.

ഇത് ശ്വസിക്കാനിടവരുന്നവര്‍ക്ക് അവരുടേതല്ലാത്ത കുറ്റംകൊണ്ട് മേല്‍പ്പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങളെല്ലാംതന്നെ ഉണ്ടാകുന്നു. 

പുകവലിക്കാരില്‍ ഭൂരിഭാഗവും ഈ ശീലം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. പലരും നിരവധി തവണ ഇതിനു ശ്രമിച്ച് പരാജയപ്പെട്ടവരുമാണ്. ദീര്‍ഘകാലമായി പുകവലിക്കുന്ന ഒരാള്‍ ഇതുപേക്ഷിക്കുമ്പോള്‍ താത്കാലികമായി ഉണ്ടാകാനിടയുള്ള ചില ശാരീരികാസ്വാസ്ഥ്യങ്ങളും ചുറ്റുപാടുകളില്‍ നിന്നുമുണ്ടാകുന്ന സമ്മര്‍ദങ്ങളും ഈ ശീലം തുടരാന്‍ ഒരാളെ പ്രേരിപ്പിക്കുന്നു.

ഇവിടെയാണ് ശരിയായ മാര്‍ഗനിര്‍ദേശങ്ങളും ചികിത്സയും ആവശ്യമായി വരുന്നത്. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ ഉത്തമം രോഗം വരാതെ തടയുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കലാണെന്ന തത്ത്വം ഏറ്റവും പ്രസക്തമാകുന്നത് ഈ രംഗത്താണ്.

സര്‍ക്കാര്‍ തലത്തില്‍ ഈ മേഖലയില്‍ പല നിയമനടപടികളും കൈക്കൊണ്ടിട്ടുണ്ടെങ്കിലും അവ പ്രയോഗവത്കരിക്കുന്നതില്‍ ഇനിയും ബഹുദൂരം മുന്നേറേണ്ടതുണ്ട്.

ഒരു വ്യവസായം എന്ന നിലയില്‍ ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ തുക പുകവലിജന്യരോഗങ്ങളുടെ ചികിത്സയ്ക്കും മറ്റുമായി ചെലവിടേണ്ടിവരുമെന്ന യാഥാര്‍ഥ്യം കണക്കിലെടുത്ത് ഈ വിപത്തിനെതിരെയുള്ള യജ്ഞത്തില്‍ ഓരോ വ്യക്തിയും പങ്കാളിയാകേണ്ടതാണ്.

(പുന:പ്രസീദ്ധീകരണം)