പഴയകാല ജീവിതത്തിന്റെ വേദനിക്കുന്ന കാഴ്ചകളില്‍ നിന്നൊരു തുറന്നുപറച്ചില്‍. അതായിരുന്നു ഫിലിപ്പ് മമ്പാട് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ വായനക്കാര്‍ക്ക് നല്‍കിയത്.

ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളുമായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മനസ്സു തുറന്നപ്പോള്‍ ഇന്നോളം പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് നമ്മള്‍ കേട്ടത്. പോലീസ് ട്രെയിനിങ്ങ് ക്യാമ്പില്‍ ഷൂസുകള്‍ തുന്നാനും മുടി വെട്ടാനും വരുന്ന ജീവനക്കാര്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ട്രെയിനിങ്ങ് ഇന്‍സ്ട്രക്റ്റര്‍മാര്‍ കാണാതെ ബാത്ത്‌റൂമില്‍ കൊണ്ടു പോയി വലിച്ച് ലഹരിയുടെ ദാഹം തീര്‍ത്തിരുന്നുവെന്ന് വെളിപ്പെടുത്തിയ ഫിലിപ്പ് സമൂഹത്തിന് നല്‍കിയത് ശക്തമായ ലഹരി വിരുദ്ധ സന്ദേശമാണ്.

കര്‍മനിരതനായ ഈ പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. പോലീസുകാര്‍ക്ക് സമൂഹത്തില്‍ ഉപകാരപ്രദമായ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച ഫിലിപ്പ് പങ്കുവെക്കുന്ന മറ്റുചില അനുഭവങ്ങളിലേക്ക് ......

ഇത് പുതിയ മുഖം

ഫിലിപ്പും സുഹൃത്തായ മഹേഷും നടത്തിയ ലഹരി വിരുദ്ധ ക്ലാസുകള്‍ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കിയ തിരിച്ചറിവ് വളരെ വലുതാണ്. അത്തരമൊരു ക്ലാസിനെക്കുറിച്ചാണ് ഫിലിപ്പ് പറയുന്നത്, 'വയനാട് ജില്ലയിലെ പുല്‍പ്പള്ളിയിലെ സി.ഐ ആയിരുന്ന ബഷീര്‍ എന്നെയും മഹേഷിനെയും അവിടെയുള്ള ഒട്ടുമിക്ക കലാലയങ്ങളിലും കോളനികളിലും വിളിച്ചു വരുത്തി ക്ലാസുകള്‍ നടത്തിയിട്ടുണ്ട്. പതിനൊന്നോളം കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിച്ചത് ഏറെ സന്തോഷമുണ്ടാക്കുന്നു. അതുപോലെ എടക്കര എസ്.ഐ ആയിരുന്ന സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വഴി ഇരുപത്തിമൂന്നോളം കുട്ടികളെ കഞ്ചാവിന്റെ ഉപയോഗത്തില്‍ നിന്ന് മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്'.

മനസാന്നിദ്ധ്യം മാത്രമാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി തളരാതെ മുന്നോട്ട് പോകാന്‍ ഇന്ന് ഫിലിപ്പിനെ സഹായിക്കുന്നത്. പാലക്കാട്, കണ്ണൂര്‍,വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ലഹരിയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍ നടത്തുന്ന ഫിലിപ്പ് വീട്ടിലെത്തുന്നത് മിക്കവാറും രാത്രി ഒരു മണിക്ക് ശേഷമാണ്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തരത്തിലുള്ള ക്ഷീണവും തന്നെ അലട്ടാറില്ലെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

philip
പൂക്കോട്ടുംപാടം എസ്.ഐ അമൃദ് രംഗനൊപ്പം ഫിലിപ്പ് മമ്പാടും മഹേഷും

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒരുപാട് വ്യക്തികള്‍ ഫിലിപ്പിനൊപ്പം സഹകരിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ ഓര്‍ക്കുകയാണ് ഇദ്ദേഹം. അരീക്കോട് എസ്.ഐ ആയ സിനോദ് 'തിരിച്ചറിവ്-2017' ന്റെ ബോധവത്കരണ പരിപാടിയില്‍ ഒന്നുപോലും മുടക്കം വരാതെ പങ്കെടുത്തിട്ടുണ്ട്. ലഹരിക്കെതിരെ പോരാടുന്ന പൂക്കോട്ടുംപാടം എസ്.ഐ അമൃദ് രംഗന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ മാത്രം ലഭ്യമായിരുന്ന വിവിധ തരം ആമ്പ്യൂളുകള്‍, സിലിക്കണ്‍  ഡ്രഗ്‌സ് എന്നിവയെല്ലാം എസ്.ഐ അമൃദ് രംഗന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. അദ്ദേഹം സംഘടിപ്പിച്ച ബോധവത്കരണ ക്ലാസുകള്‍ സമൂഹത്തില്‍ ലഹരി നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Anti-drug

ഏറ്റവുമധികം ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാഴക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എസ്.ഐ സന്തോഷിന്റെ നേതൃത്വത്തില്‍ നാല്പത്തഞ്ചോളം ആളുകളെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐ സന്തോഷിനൊപ്പം വേദി പങ്കിട്ട ഓര്‍മകളും ഇവര്‍ മനസില്‍ സൂക്ഷിക്കുന്നു. 

Philip Mampad
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പുരസ്‌കാരം എം.ടി വാസുദേവന്‍ നായരുടെ കൈയില്‍ നിന്നും സ്വീകരിക്കുന്നു

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പേരിലുള്ള ആദരവ് എം.ടി വാസുദേവന്‍ നായരുടെ കൈകളില്‍ നിന്നും ഫിലിപ്പ് ഏറ്റുവാങ്ങി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് ഇവരുടെ പ്രവര്‍ത്തന മികവിന് പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. RAAF പുരസ്‌കാരം ,നെഹ്‌റു യുവകേന്ദ്രയുടെ പുരസ്‌കാരം, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പുരസ്‌കാരം, ദേശാഭിമാനി അക്ഷരമുറ്റം പുരസ്‌കാരം ,പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടെക്ഷന്‍ കൗണ്‍സില്‍ അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ് നടപ്പിലാക്കിയ Our responsibility to children ന്റെ (ORC) മലപ്പുറം ജില്ലയുടെ മാസ്റ്റര്‍ ട്രെയിനറും Safe campus, Clean campus ന്റെ ട്രെയിനറുമാണ് ഫിലിപ്പ്. നാഷണല്‍ ഡ്രഗ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ അംഗം കൂടിയാണ്.

Philip
Far East Trading Company യുടെ പുരസ്‌കാരം

ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുഹൃത്തായ മഹേഷുമൊത്ത് അഞ്ചോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രയില്‍ അംഗീകാരങ്ങളും ഇവരെ തേടിയെത്തി. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന Far -east trading company യുടെ പുരസ്‌കാരം ഏറ്റുവാങ്ങിയത് ഇവര്‍ ഒരുമിച്ചാണ്. ഇവര്‍ പങ്കുവെച്ച ജീവിതാനുഭവങ്ങളും ലഹരി വിരുദ്ധ ആശയങ്ങളും പ്രവാസികള്‍ക്ക് മറക്കാവുന്നതല്ല. കേരള പോലീസിലെ ഒരു ഉദ്യോഗസ്ഥന്റെ വാക്കുകള്‍ കേരളത്തില്‍ നിന്ന് ജീവിതമാര്‍ഗം തേടിപ്പോയ പ്രവാസികള്‍ ഹൃദയത്തോട് ചേര്‍ക്കുകയായിരുന്നു. 

dgp
മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിനൊപ്പം

അംഗീകാരങ്ങളും പിന്തുണയുമായി മുന്നോട്ട് പോകുമ്പോളും മറക്കാന്‍ കഴിയാത്ത ചില ഏടുകള്‍ ഫിലിപ്പിന്റെ ജീവിതത്തില്‍ ഉണ്ട്. അരീക്കോട് ഗവ.ഐ.ടി.ഐയില്‍ പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ നിന്നും ലഹരി ഉപയോഗത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട തനിക്ക് അഭയം നല്‍കിയ, ഇന്ന് മലപ്പുറം എ.ആര്‍ ക്യാമ്പിലെ എസ്.ഐ ആയ  കുഞ്ഞനെയും ഫിലിപ്പ് നന്ദിയോടെ ഓര്‍ക്കുന്നു.

ലഹരിയെക്കുറിച്ചും ദൂഷ്യവശങ്ങളെക്കുറിച്ചും ശാസ്ത്രീയമായ രീതിയില്‍ അപഗ്രഥിക്കുന്ന ഒരു പുസ്തകത്തിന്റെ രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫിലിപ്പിന് പൂര്‍ണ പിന്തുണയുമായി അച്ഛന്‍ പ്ലാമൂട്ടില്‍ ജയിംസ് എന്നും കൂടെയുണ്ട്. ഭാര്യയും മക്കളും വിചാരിച്ചാല്‍ എത്ര കടുത്ത മദ്യപാനിയെയും മാറ്റിയെടുത്ത് മാതൃകാപരമായ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അടിവരയിട്ടുറപ്പിക്കുകയാണ് ഫിലിപ്പ് തന്റെ പുസ്തകത്തിലൂടെ.

മാതൃകാപരമായ ഈ പ്രവര്‍ത്തനങ്ങള്‍ മാതാപിതാക്കള്‍ക്കും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കുകയാണ് ഇദ്ദേഹം.  ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന സഹപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് തന്റെ ഓരോ വിജയവുമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നിടത്താണ് ഈ പോലീസ് ഉദ്യോഗസ്ഥന്റെ യഥാര്‍ഥ വിജയം.

Contact number: 94979 343 03

 

Content highlights: Anti-drug campaign, Drug addiction, De-addiction