കല്പറ്റ: ന്യൂജെന്‍ ലഹരിമരുന്നായ എം.ഡി.എം.എ. (മിഥലിന്‍ ഡയോക്സി മെത്താഫിറ്റമിന്‍ - methylene dioxy methamphetamine) യുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കല്പറ്റ തെക്കുംതറ ശാന്താലയത്തില്‍ കെ.പി. ലാല്‍കൃഷ്ണ (21) ആണ് അറസ്റ്റ് ചെയ്തത്. 560 മില്ലി ഗ്രാം എം.ഡി.എം.എ. പൊടിയാണ് പ്രതിയില്‍നിന്ന് കണ്ടെടുത്തത്. ജില്ലയില്‍നിന്ന് ആദ്യമായാണ് എം.ഡി.എം.എ. പരിശോധനയില്‍ കണ്ടെത്തുന്നത്.

Anti-drugഞായറാഴ്ച വൈകീട്ട് ആറുമണിയോടെ വാഹന പരിശോധനയ്ക്കിടെ മീനങ്ങാടിയില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയില്‍ എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപഭോഗം വര്‍ധിക്കുന്നത് സംബന്ധിച്ച് മാതൃഭൂമി 'ലഹരിവലയില്‍ വയനാട്' എന്ന പേരില്‍ പരമ്പര നല്‍കിയിരുന്നു. ജില്ലയിലെ റിസോര്‍ട്ടുകളിലും സമ്പന്നരായ വിദ്യാര്‍ഥികള്‍ക്കിടയിലും എം.ഡി.എം.എ. ഉപയോഗം വര്‍ധിക്കുന്നുവെന്നും മാതൃഭൂമി സൂചിപ്പിച്ചിരുന്നു.

വയനാട് എക്സൈസ് ഇന്റലിജന്‍സിന്റെ ഏറെനാളത്തെ ശ്രമഫലമായാണ് എം.ഡി.എം.എ. പിടികൂടിയത്. ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ എ.കെ. വിജേഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എ.ജെ. ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ സി.ബി. വിജയന്‍, കെ.ജെ. സന്തോഷ്, രാജേഷ് കോമത്ത്, കെ. രമേശ്, കെ.വി. ഷാജിമോന്‍, സി.ഇ.ഒ.മാരായ എ. മുജീബ് റഹ്മാന്‍, എം.ജെ. ജോമോന്‍, ഡ്രൈവര്‍മാരായ എ. സന്തോഷ്, കെ.കെ. ബാലചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

എന്താണ് എം.ഡി.എം.എ.?

സമ്പന്നര്‍ക്കിടയില്‍ പ്രചാരത്തിലുള്ള എം.ഡി.എം.എ. പാര്‍ട്ടി ഡ്രഗ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയതാണ്. 560 മില്ലിഗ്രാമിന് തന്നെ 2000 രൂപയോളം വിലയുണ്ട്. എക്സ്, മോളി, എക്സ്റ്റസി എന്നീ പേരുകളിലും എം.ഡി.എം.എ. അറിയപ്പെടുന്നുണ്ട്. സാധാരണയായി പലനിറങ്ങളിലുള്ള ഗുളികരൂപത്തിലാണ് വിറ്റഴിക്കാറുള്ളത്. കാപ്സ്യൂള്‍, ക്രിസ്റ്റല്‍, പൊടിരൂപങ്ങളിലും ലഭ്യമാണ്. പൊടി രൂപത്തിലുള്ള എം.ഡി.എം.എ.യാണ് പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുള്ളത്. കല്‍പ്പറ്റയിലുള്ള വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്നതിനായി കൊണ്ടുപോകുമ്പോഴാണ് ഇയാളെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാണ് പ്രതി എം.ഡി.എം.എ. എത്തിച്ചത്.

എം.ഡി.എം.എ. ചെറിയ അളവ് കഴിച്ചാല്‍പ്പോലും ആറ് മണിക്കൂറോളം ലഹരി നില്‍ക്കും. ഓര്‍മക്കുറവ്, വിഷാദരോഗം, ഉറക്കമില്ലായ്മ, കാഴ്ചശക്തി നഷ്ടമാകല്‍, തളര്‍ച്ച, ഹൃദ്രോഗം എന്നിവയാണ് പരിണിത ഫലങ്ങള്‍.