കുട്ടികളുടെ മദ്യപാനം നിയമംമൂലം നിരോധിച്ചിട്ടും നിയന്ത്രണ വിധേയമല്ലെന്ന് വസ്തുതകള്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച് പോലീസിനോ എക്സൈസിനോ നേരിട്ട് അറിവു കിട്ടുന്നില്ലെന്നതാണ് പ്രശ്നം. വീട്ടുകാരും കൂട്ടുകാരും അറിഞ്ഞാലും ആരോടും പറയുകയുമില്ല.Anti-drug

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആക്കിയിട്ടും നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ല.

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മദ്യപാനം കൂടുന്നതായാണ് പഠനങ്ങള്‍. തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വകുപ്പു മേധാവികളുടെ നേതൃത്വത്തില്‍ ശ്രീകാര്യത്തെ മൂന്നു ഹൈസ്‌കൂളുകളിലായി നടന്ന പഠനത്തിലും ഇത് വ്യക്തമായിരുന്നു.

എറണാകുളത്ത് 7560 കുട്ടികളിലായി 'ഓസ്ട്രലേഷ്യന്‍ പ്രൊഫഷണല്‍ സൊസൈറ്റി' നടത്തിയ പഠനത്തില്‍ നഗരമേഖലയിലെ കുട്ടികളില്‍ മദ്യപാനപ്രവണത കൂടുതലാണെന്നു പറയുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മദ്യപിക്കാനാരംഭിക്കുന്ന കുട്ടികള്‍ കേരളത്തിലാണെന്ന് അമൃത വിശ്വവിദ്യാപീഠത്തിന്റെ പഠനവും സൂചിപ്പിക്കുന്നു.

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പഠനം

ഹൈസ്‌കൂള്‍ കുട്ടികളിലെ മദ്യോപയോഗം-21%

കൗതുകത്തോടെ മദ്യപാനം തുടങ്ങുന്നവര്‍-61.9%

ബിയറില്‍ തുടക്കം-71%

10 വയസ്സെത്തുംമുമ്പ് ആദ്യമായി മദ്യപിച്ചവര്‍- 38.15%

എണ്‍പതുകളില്‍ മദ്യപാനം തുടങ്ങുന്ന ശരാശരി പ്രായം 28 ആയിരുന്നു. 2007-ല്‍ അത് 17 ആയി. 21 വയസ്സിനു താഴെയുള്ളവരുടെ മദ്യപാനം 15 വര്‍ഷത്തിനിടെ രണ്ടു ശതമാനത്തില്‍നിന്ന് 14 ശതമാനമായി.

ഓസ്ട്രലേഷന്‍ പ്രൊഫഷണല്‍ സൊസൈറ്റിയുടെ പഠനം

കുട്ടികളില്‍ മദ്യമുപയോഗിക്കുന്നവര്‍-25.3%

മിക്കവരും മദ്യം ഉപയോഗിച്ചുതുടങ്ങുന്നത് പുകവലിക്കു പിന്നാലെ.

ചടങ്ങുകളുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ തന്നെയുള്ളവരാണ് കുട്ടികള്‍ക്ക് മദ്യം പരിചയപ്പെടുത്തുന്നതെന്ന് രണ്ടു പഠനവും പറയുന്നു.

ചെറുപ്രായത്തില്‍ നന്നല്ല

തലച്ചോര്‍ വളരുന്ന ചെറിയ പ്രായത്തില്‍ മദ്യത്തിന്റെ സ്വാധീനമുണ്ടാകുന്നത് നന്നല്ല. മദ്യം കഴിക്കാനുള്ള കുറഞ്ഞ പ്രായം 23 ആക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇതോടൊപ്പം കുട്ടികള്‍ക്ക് മദ്യം ലഭിക്കാനും ഉപയോഗിക്കാനുമുള്ള സാഹചര്യം ഇല്ലാതാക്കണം.

- ഡോ. അനില്‍ പ്രഭാകരന്‍ (മനോരോഗ വിദഗ്ധന്‍)