കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാണെന്ന് അറിയാത്തവര്‍ ആരുമില്ല. അങ്ങനെ വാഹനമോടിക്കരുതെന്ന് മദ്യക്കുപ്പിയില്‍ എഴുതിവെച്ചിട്ടുമുണ്ട്. പക്ഷേ, ഇപ്പോഴും മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ ധാരാളം. 

liquor
പ്രതീകാത്മക ചിത്രം

മദ്യപിച്ചതുകൊണ്ടുള്ള വാഹനാപകടത്തെ സൂചിപ്പിക്കുന്ന ചിത്രം കുപ്പിയില്‍ മുന്നറിയിപ്പായി കൊടുത്താല്‍ മദ്യപര്‍ പിന്തിരിയുമോ? അതു പരീക്ഷിക്കാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. എല്ലാ മദ്യക്കുപ്പികളിലും ഇത്തരം ചിത്രങ്ങള്‍ നിര്‍ബന്ധമാക്കാന്‍ അതോറിറ്റി തീരുമാനിച്ചു. 

മുന്നറിയിപ്പ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് 'കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിങ്' എന്ന സംഘടന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുപ്പികളില്‍ ഇപ്പോഴുള്ള മുന്നറിയിപ്പിലെ എഴുത്തിന്റെ വലിപ്പം കൂട്ടാനോ അതിലെന്തെങ്കിലും മാറ്റം വരുത്താനോ നിര്‍ദേശം നല്‍കാനാവില്ലെന്നായിരുന്നു കോടതിവിധി. ചിത്രങ്ങളുടെ കാര്യം ആലോചിക്കാന്‍ അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ് ഇക്കാര്യം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. മദ്യക്കമ്പനിയുടമകള്‍, ജനപ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരുമായി അതോറിറ്റി മുന്നറിയിപ്പു ചിത്രങ്ങളുടെ രൂപകല്പനയെക്കുറിച്ച് ചര്‍ച്ചചെയ്തു. ആറുതരത്തിലുള്ള മുന്നറിയിപ്പു ചിത്രങ്ങള്‍ പരിഗണനയ്ക്കുവന്നു. ഇതില്‍ ഒന്നായിരിക്കും തിരഞ്ഞെടുക്കുക.

എല്ലാ മദ്യനിര്‍മാതാക്കള്‍ക്കും ഇത്തരമൊരു നിര്‍ദേശം ഔദ്യോഗികമായി നല്‍കും. രാജ്യത്തിന് പുറത്തുള്ള മദ്യനിര്‍മാണക്കമ്പനികളെ നിര്‍ബന്ധിക്കില്ലെങ്കിലും അവരുടെയും സഹകരണം തേടും. ഭൂരിപക്ഷം കമ്പനികളും ഇത്തരമൊരു നിയമത്തിനെതിരാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പി. വിജയന്‍, മധ്യമേഖല ഐ.ജി

Anti-drugനല്ല തീരുമാനമാണിത്. മുന്നറിയിപ്പ് ചിത്രങ്ങളില്‍ കാഴ്ചക്കാരുടെ കണ്ണുടക്കണം. എന്നാലേ കാര്യമുള്ളൂ. അല്ലെങ്കില്‍ ബ്രാന്‍ഡിന്റെ പേരാകും ആളുകള്‍ ശ്രദ്ധിക്കുക. പേരുപോലും നോക്കാതെ മദ്യക്കുപ്പികള്‍ വാങ്ങുന്നവരുണ്ട്. അവരുടെ ശ്രദ്ധ മദ്യത്തില്‍ മാത്രമാണ്. മറ്റു മാധ്യമങ്ങള്‍ വഴിയും ബോധവത്കരണം വേണം. എന്നാലേ കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിക്കൂ. 

കെ.അനില്‍കുമാര്‍, ജോയന്റ് കമ്മിഷണര്‍,

ഭക്ഷ്യസുരക്ഷാ വകുപ്പ് 

മദ്യക്കുപ്പികളില്‍ ചിത്രമുന്നറിയിപ്പു നല്‍കുന്നത് നല്ല ഫലം ചെയ്യും. എഴുത്തുപോലെയല്ല, ചിത്രം കാണുമ്പോള്‍ എന്താണോ അതിന്റെ ഉദ്ദേശ്യം, അത് വേഗത്തില്‍ കാഴ്ചക്കാരുടെ ഉള്ളിലെത്തും. സിഗററ്റ് പാക്കറ്റില്‍ മുന്നറിയിപ്പായി എഴുത്ത് മാത്രമായിരുന്ന കാലത്തേക്കാള്‍ വലിയ ഫലമാണ് ചിത്രം വന്നപ്പോള്‍ ഉണ്ടായത്. ഒരുപാടാളുകള്‍ വലി നിര്‍ത്തിയത് പാക്കറ്റിലെ കാഴ്ചകള്‍ കണ്ടാണ്.