ദ്യം ശരീരത്തെ മാത്രമല്ല പോക്കറ്റിനെയും ദ്രവിപ്പിക്കുന്ന ദ്രാവകമാണ്. അത് വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ദരിദ്രമാക്കും. അജ്ഞാത മദ്യാസക്തരുടെ കൂട്ടായ്മയിലേക്ക് കടന്നു ചെല്ലുമ്പോള്‍ മദ്യാസക്തിയുടെ ദിനങ്ങളിലെ ദുരിതങ്ങളിലേക്ക് കടക്കുകയായിരുന്നു ആ മെലിഞ്ഞ് നീണ്ട മനുഷ്യന്‍.. 

ഞാനൊരു കുടിയന്‍, ദൈവ സഹായത്താല്‍ ഇന്ന് കുടിച്ചിട്ടില്ല. പേര് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ കേള്‍വിക്കാര്‍ അയാളെ ഹായ് പറഞ്ഞ് അഭിവാദ്യം ചെയ്തു.

എന്റെ അച്ഛനമ്മമാര്‍ അധ്യാപകരായിരുന്നു. സാമാന്യം നല്ല സാമ്പത്തിക നിലയുള്ള കുടുംബം. വീട്ടില്‍ മദ്യപിക്കുന്നവരാരുമുണ്ടായിരുന്നില്ല. ഞാന്‍ ആദ്യമായി മദ്യം രുചിക്കുന്നത് കോളേജ് പഠന കാലത്താണ്. ബീറില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ലെന്ന കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരല്‍പം . Anti-drug

പക്ഷേ അപ്പോഴും കുടിയോടെനിക്ക് ഒട്ടും ഇഷ്ടം തോന്നിയില്ല. വീട്ടില്‍ അങ്ങനെയാണ് ഞാന്‍ വളര്‍ത്തപ്പെട്ടിരുന്നത്. പിന്നീട് പക്ഷേ മദ്യം ജീവിതത്തിന്റെ ഭാഗമായി മാറി. ജോലി തേടി ഗള്‍ഫിലെത്തിയപ്പോഴായിരുന്നു അത്. മസ്‌കറ്റില്‍ തൊഴിലുടമയുടെ ലിക്കര്‍ പെര്‍മിറ്റ് എന്റെ പേരിലായിരുന്നു. മുന്തിയ ഇനം മദ്യം കുറഞ്ഞ വിലയ്ക്ക് ലഭിക്കുമ്പോഴും തുടക്കത്തില്‍ എനിക്ക് താല്‍പര്യം തോന്നിയിരുന്നില്ല. വ്യാഴവും വെള്ളിയും അവിടെ അവധിയാണ്. അത്തരം അവധി ദിനങ്ങളിലൊന്നിലാണ് സുഹ്യത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരിക്കല്‍ മദ്യപിച്ചത്. ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്.

ഒരു പെഗ് ടീച്ചേഴ്സ് വിസ്‌കിയായിരുന്നു അത്. പിന്നെയത് രണ്ടും മുന്നും നാലും പെഗ്ഗുകളായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മദ്യപിച്ചാല്‍ ഞാന്‍ നന്നായി പാടും, കവിത ചൊല്ലും. അതുകൊണ്ട് ദിനവും സുഹ്യത്തുക്കളുടെ സത്കാരങ്ങളായി. 

അങ്ങനെ മദ്യസത്കാരങ്ങളില്‍ ഞാന്‍ സ്ഥിരം സാന്നിധ്യമായി മാറി. കുട്ട് കൂടിയുള്ള കുടിക്കിടയില്‍ മദ്യപാനം എന്റെ പിടി വിട്ടുപോവുകയാണെന്ന് ഞാന്‍ അറിഞ്ഞില്ല. ഒടുവില്‍ പൂര്‍ണ മദ്യാസക്തനായി ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക്. നാട്ടിലെ ബാറുകളിലൂടെയായി പിന്നെ സഞ്ചാരം. രാവിലെ മക്കള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ എന്നും കൈവിറ മാറ്റാനായി ഞാന്‍ മദ്യഷാപ്പില്‍ ക്യൂ നില്‍ക്കുകയായിരിക്കും. കൈയിലുള്ള പണം മുഴുവന്‍ തീരുന്നത് വരെ അത് തുടര്‍ന്നു. പിന്നെ കടം വാങ്ങലായി. അമ്മയോടും ഭാര്യയോടും നുണപറഞ്ഞ് പണം വാങ്ങും. പിന്നെ നാട്ടുകാരോടായി കടം വാങ്ങല്‍. ഒടുവില്‍ കടക്കാരെ പേടിച്ച് ബാറിലേക്ക് ഒളിച്ചും പാത്തുമായി യാത്ര.

നാട്ടില്‍ നിന്ന് പണം കിട്ടാതായപ്പോള്‍ ബാറില്‍ പോലും കടം പറഞ്ഞിട്ടുണ്ട്. ബസില്‍ പോകാന്‍ പൈസയില്ലാതെ കിലോമീറ്ററുകള്‍ നടന്നിട്ടുണ്ട്. ഒടുവില്‍ കടം പെരുകി വീടു വില്‍ക്കേണ്ടി വന്നു. 

കുടിക്കാനുള്ള സൗകര്യത്തിന് വീടിന്റെ വില ആറുമാസം കൊണ്ട് കുറേശ്ശെ തന്നാല്‍ മതിയെന്ന് പോലും ഞാന്‍ കരാറുണ്ടാക്കി. വീടൊഴിയുമ്പോള്‍ ഒരു ടിവിയും ഒന്നോ രണ്ടോ പാത്രങ്ങളും മാത്രമാണവശേഷിച്ചിരുന്നത്. ബാക്കിയെല്ലാം വിറ്റു തുലച്ചു. ഒരോ മദ്യാസക്തനും ഇത്തരം ഒരുപാട് അനുഭവങ്ങള്‍ പറയാനുണ്ടാവും. ദുരിതങ്ങളുടെയും ദാരിദ്ര്യത്തിന്റെയും കടക്കെണിയുടെയും കണ്ണീരനുഭവങ്ങള്‍. 

മദ്യം ശരീരത്തെ മാത്രമല്ല. പോക്കറ്റിനെയും ദ്രവിപ്പിക്കുന്ന ദ്രാവകമാണ്. സര്‍വസമ്പാദ്യങ്ങളെയും അതിവേഗം ദ്രവിപ്പിക്കാന്‍ പോന്ന ഈ ദ്രാവകം വ്യക്തിയെ മാത്രമല്ല, സമൂഹങ്ങളെയും ദരിദ്രമാക്കും.

ചരിത്രത്തില്‍ നിരവധി സംസ്‌കാരങ്ങള്‍ നശിച്ച് നാറാണക്കല്ലായത് ഈ ദ്രാവകത്തിന്റെ വീര്യത്തിലാണ്. ഓരോ മദ്യപാനിയുടെയും മൂക്കിന് താഴെ ഒരു ദ്വാരമുണ്ട്. അവന്റെ പണം മുഴുവന്‍ ഒഴുകിപ്പോകുന്ന ദ്വാരം എന്ന് തോമസ് ഫുള്ളര്‍ പറഞ്ഞത് എത്ര കൃത്യമാണ്. ആ ദ്വാരത്തിന്റെ മറുപുറത്തിരുന്നിട്ടാണ് സര്‍ക്കാറുകള്‍ വരുമാനത്തിന്റെ മേനിപറയുന്നത്. 

Arogya masika
ആരോഗ്യമാസിക വാങ്ങാം

ഓരോ ബഡ്ജറ്റിലും മദ്യത്തിനുള്ള നികുതി വര്‍ധിപ്പിക്കുമ്പോള്‍ പട്ടിണിയാവുന്നത് മദ്യപന്റെ കുടുംബമാണ്, കുത്തുപാളയെടുക്കുന്നത് അവനെ ആശ്രയിച്ച് കഴിയുന്നവരാണ്. നശിക്കുന്നത് പൊതുസമൂഹത്തിന്റെ വികസന സ്വപ്നങ്ങളാണ്. 

2004 ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആറരക്കോടി മദ്യപാനികളാണുള്ളത്. ഇക്കാലയളവില്‍ മദ്യവില്‍പനയില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നേടിയത് 21, 600 കോടി രൂപയാണ്. ചെലവ് 24, 400 കോടിയും. മദ്യപാനത്തിന്റെ സാമൂഹിക സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ സഹായത്തോടെ ഈയിടെ നിംഹാന്‍സ് നടത്തിയ ബാംഗ്ലൂര്‍ പഠനത്തില്‍ കണ്ടെത്തിയത് മദ്യത്തില്‍ നിന്നുള്ള കര്‍ണാടക സര്‍ ക്കാറിന്റെ വരുമാനം 846 കോടി യും ചെലവ് 1839 കോടിയും എന്നാണ്- ഇന്‍ഡ്യന്‍ ആല്‍ക്കഹോള്‍ പോളിസി അലയന്‍സ് എക്സസിക്യട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. എടയാറന്‍മുള പറയുന്നു. 

ആസ്പ്രതി ചെലവ്, പോലീസ്, കോടതി, ജയില്‍, ഇന്‍ഷുറന്‍സ് തുടങ്ങി പ്രത്യക്ഷമായ ചെലവുകള്‍ മാത്രമേ ഇതില്‍ കണക്കാക്കിയിട്ടുള്ളു. കുടുംബത്തിലുണ്ടാകുന്ന ദുരിതങ്ങള്‍, തൊഴില്‍ നഷ്ടം, വിദ്യാഭ്യാസം, മാനസിക ദുരിതം, സാമൂഹിക അന്തരീക്ഷ ത്തിനേല്‍ക്കുന്ന ആഘാതങ്ങള്‍ തുടങ്ങി പരോക്ഷമായ ചെലവുകള്‍ കൂടി കൂട്ടിയാല്‍ നഷ്ടം വീണ്ടും കുതിച്ചുയരും.

ഓരോ മദ്യപാനിയുടെയും വരുമാനത്തിന്റെ 60-70 ശതമാനവും മദ്യത്തിനു വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത്-അദ്ദേഹം പറയുന്നു. 2011 ല്‍ മലയാളികള്‍ മദ്യത്തിനായി മാത്രം ചെലവാക്കിയത് 11, 09 55000 കോടിയാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് ചെലവാക്കിയത് വെറും 3000 കോടിയും. അരിവാങ്ങാന്‍ ചെലവാക്കുന്നതിന്റെ മൂന്നിരട്ടി മദ്യത്തിന് വേണ്ടി ചെലവഴിക്കുന്നുവെന്ന് സാരം.

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)