രു വ്യക്തി ലഹരി ഉപയോഗിക്കുന്നതിനും ലഹരിക്ക് വിധേയപ്പെടുന്നതിനും പിന്നില്‍ ശാരീരികവും മാനസികവും സാമൂഹികവുമായ കാരണങ്ങളുണ്ട്. അതുകൊണ്ടു തന്നെ വ്യക്തിയുടെ ശാരീരിക-മാനസിക സാമൂഹിക അവസ്ഥകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു പുനക്രമീകരണമാണ് ലഹരി ചികിത്സയുടെ അടിസ്ഥാനം. ലഹരിയില്‍ നിന്നും വിമുക്തി നേടാനുള്ള വ്യക്തിയുടെ ആഗ്രഹവും അതിനു വേണ്ടിയുള്ള പരിശ്രമവും ചികിത്സയുടെ വിജയത്തെ കാര്യമായി  സ്വാധീനിക്കുന്നുണ്ട്. മനോരോഗ വിദഗ്ധര്‍, മനശാസ്ത്രഞര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നെഷ്‌സ് എന്നിവരടങ്ങിയ വിദഗ്ധരുടെ സേവനം ചികിത്സയിലുടനീളം ആവശ്യമാണ്. മരുന്നുപയോഗിച്ചും മാനസിക-പെരുമാറ്റ രൂപീകരണത്തെ അടിസ്ഥാനമാക്കിയുള്ള സൈക്കൊതെറാപ്പിയും, കുടുംബ ബന്ധങ്ങളെ ആരോഗ്യകരമാക്കാനുതകുന്ന തരത്തിലുള്ള കുടുംബ കൗണ്‍സലിങ്ങും ഗ്രൂപ്പ് തെറാപ്പി ചികിത്സകര്‍ അവലംബിക്കുക. ഇത് രോഗിയുടെ 
ചികിത്സാപരമായ ആവശ്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കപ്പെടുന്നു. ലഹരി വിധേയത്വം ചികിത്സിക്കപ്പെടേണ്ട ഒരു രോഗമായി എത്രത്തോളം നമ്മുടെ സമൂഹത്തില്‍  അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് ഇന്നും ഒരു ചോദ്യ ചിഹ്നമാണ്, എന്നാല്‍ ലഹരി വിധേയത്വത്തെ ഒരു രോഗമായി കണക്കാക്കുന്നുവെന്നും ചികിത്സയിലൂടെ ഭേദമാക്കാമെന്നുമുള്ള അവബോധം സമൂഹത്തിന് അത്യാവശ്യമാണ്.Anti-drug

ലഹരി ചികിത്സയ്ക്ക് ശേഷം ജീവിതം ലഹരിയാക്കി ജീവിക്കുന്നവര്‍ ഒരു പാടു പേരുണ്ടെങ്കിലും ചിലരൊക്കെ വീണ്ടും ലഹരിയിലേക്ക് വഴുതി വീഴാറുണ്ട്. ചികിത്സയിലൂടെ കിട്ടിയ ആത്മവിശ്വാസവുമായി തിരിച്ചു ചെന്ന് വീടിനു തൊട്ടടുത്തുള്ള ബാറിന്റെ മുന്നിലൂടെ പോയപ്പോള്‍ അറിയാതെ ബാറിലേക്ക് അല്ലെങ്കില്‍ ബിവറെജസ്  ഔട്‌ലെറ്റിലേക്ക് ഒരു ഉള്‍വലി! തീരുമാനിച്ചു ഇന്നും കൂടി കുടിച്ചങ്ങു നിര്‍ത്താം! പക്ഷെ അങ്ങനെ ഇന്ന് കൊണ്ട് നിര്‍ത്തുന്ന പല ദിനങ്ങള്‍....അതുപോലെ തന്നെ മാനസിക സമ്മര്‍ദം കുറയ്ക്കാനും ഉറങ്ങാനും ക്ഷീണം മാറ്റാനുമൊക്കെയായി വീണ്ടും ലഹരി ഉപയോഗിക്കാന്‍ പ്രേരിതരാവുകയും പിന്നീട് ലഹരി ഉപയോഗം അനിയന്ത്രിതമാവുകയും ചെയ്യാറുണ്ട്. ഒരിക്കല്‍ ലഹരി ഉപയോഗിച്ചിരുന്ന ആള്‍ പൂര്‍ണമായും ലഹരി ഉപയോഗം നിര്‍ത്തിയതിനു ശേഷം വീണ്ടും ലഹരിയിലേക്ക് വഴുതി വീഴുന്ന പ്രക്രിയയാണ് പുനര്‍ഭ്രംശം അല്ലെങ്കില്‍ പുന:പതനം അഥവാ  റിലാപ്‌സ് (Relapse). ലഹരി ചികിത്സയുടെ ശരിയായ വിജയത്തിന് ഒരു സുപ്രധാന പ്രതിബന്ധമാണ് പുനപതനം. പുന:പതനത്തിലേക്ക് പോകുന്ന സാഹചര്യങ്ങളെ കൃത്യമായി പരിഹരിക്കാനായാല്‍ വിജയകരമായ ലഹരി വിമുക്ത ജീവിതം നയിക്കാനാവും.

ലഹരി ഉപയോഗിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളെ ഒഴിവാക്കുക

ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്നുറച്ചു തീരുമാനമെടുക്കുമ്പോഴും മുന്‍പ് മദ്യം വാങ്ങിയിരുന്ന മദ്യശാലയും ഒരുമിച്ചു കൂടിയ കൂട്ടുകാരെയുമൊക്കെ കാണുമ്പോള്‍ ആളുകള്‍ നിയന്ത്രണം വിട്ടു പോവാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ ഇത്തരം സാഹചര്യങ്ങളെ ശരിയായി നേരിടാനായാല്‍ വീണ്ടും ലഹരിയിലേക്ക് പോവുന്നത് തടയാനാവും. നിശാ പാര്‍ട്ടികളും, കൂട്ടുകാരുടെ നിര്‍ബന്ധവും, ജോലി ചെയ്ത ക്ഷീണവും, ഏകാന്തതയുമൊക്കെ മറ്റു ചില സാഹചര്യങ്ങളാണ്. അതുപോലെ തന്നെ ചില ആളുകള്‍് സങ്കടം സഹിക്കാന്‍ വയ്യാതെ ലഹരിയിലേക്ക് പോവുമ്പോള്‍ മറ്റു ചിലര്‍ സന്തോഷം സഹിക്കാന്‍ വയ്യാതെ ലഹരിയിലേക്ക് പോവുന്നവരാണ്. ഇത്തരം സാഹചര്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ പലപ്പോഴും പുന:പതനത്തിലേക്ക് നയിക്കാം. കഴിവതും ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി മനസിലാക്കി ലഹരി വിളമ്പുന്ന സദസുകളെ ബുദ്ധിപൂര്‍വ്വം ഒഴിവാക്കുന്നതുമാണ് നല്ലത്. ഇത്തരം സദസുകളില്‍ ഞാന്‍ ഇനി മദ്യം തൊടില്ല എന്ന അമിത വിശ്വാസത്തില്‍ മദ്യം വിളമ്പി കൂട്ടുകാരെ സഹായിക്കാന്‍ നിന്ന് വീണ്ടും ലഹരി വിധേയത്വത്തിലേക്ക് പിടിവിട്ട് പോയവര്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ തനിക്കു നിയന്ത്രണം പോയേക്കാമെന്ന് വ്യക്തിക്ക് തോന്നുന്ന സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം ഉപേക്ഷിക്കുകയാണ് വേണ്ടത്.

ആസക്തി കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍

ദീര്‍ഘകാലം ലഹരി ഉപയോഗിച്ചിരുന്ന ആളുകള്‍ക്ക് ലഹരി വിമുക്തി നേടിയതിനു ശേഷവും ആസക്തി തോന്നാനുള്ള സാധ്യതകളുണ്ട്. എന്നാല്‍ കുറച്ചു സമയത്തേക്ക് മാത്രം തോന്നുന്ന ഈ ആസക്തിയെ പരിഹരിക്കാനായാല്‍ പിന്നീട് ആസക്തി കുറയും. ഒന്നാമതായി ലഹരി ഉപയോഗിക്കണമെന്ന ചിന്തയെ താമസിപ്പിക്കുകയാണ് (Delay) ചെയ്യേണ്ടത്. അതായത് ലഹരി ഉപയോഗിക്കണം എന്ന ചിന്തയെ പിന്നത്തേയ്ക്ക് മാറ്റിവെച്ചുകൊണ്ട്, ''ഇന്ന് ഞാന്‍ കുടിക്കില്ല'' എന്ന ഉറച്ച തീരുമാനമെടുക്കുക.

ലഹരി ഉപയോഗിക്കണം എന്ന ചിന്തയില്‍ നിന്നും ശ്രദ്ധ തിരിക്കുക (Distraction)

ഉദാഹരണത്തിന് ലഹരി എടുക്കണം എന്നു വിചാരിക്കുമ്പോള്‍ പാട്ട് കേള്‍ക്കാന്‍ ഇഷ്ടമുള്ളയാളാണെങ്കില്‍ പാട്ട് കേള്‍ക്കുക, ലഹരി ഉപയോഗിക്കാത്ത സുഹൃത്തുമായി സംസാരിക്കുക, നടക്കാന്‍ പോവുക, പുസ്തകം വായിക്കുക അതുപോലെ തന്നെ ഏതു സാഹചര്യത്തിലിരുന്നപ്പോഴാണോ ചിന്തയുണ്ടായത് ആ സ്ഥലത്തു നിന്നും മാറിനില്‍ക്കുക തുടങ്ങിയവയൊക്കെ ഉപകാരപ്രദമാണ്.

ലഹരി ഉപയോഗിക്കാന്‍ തോന്നുന്ന സമയത്ത് തന്നെ ധാരാളം വെള്ളം കുടിക്കുക (Drink water)

നാലാമതായി ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്തു കൊണ്ട്, ഏതെങ്കിലും ശാന്തമായ ഒരു സ്ഥലത്ത് ഇരുന്നുകൊണ്ട് ശ്വസന ക്രിയ (Deep Breathing) ചെയ്യാവുന്നതാണ്. കൈകാലുകളിലെ മസിലുകള്‍ അയച്ചു വിട്ടുകൊണ്ട് വളരെ ശാന്തമായ അന്തരീക്ഷത്തില്‍ ഇരുന്നുകൊണ്ട്  ശ്വാസം ഉള്ളിലെക്കെടുക്കുകയും അത് അല്‍പ സമയം പിടിച്ചു വച്ചതിനു ശേഷം പുറത്തേക്കുവിടുകയും ആവര്‍ത്തിക്കുകയുമാണ് ചെയ്യേണ്ടത്.

അതുപോലെ തന്നെ ഒറ്റയ്ക്കിരിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും, ശരിയായ രീതിയില്‍ അമിതമായ ദേഷ്യം, ക്ഷീണം, സങ്കടം, തുടങ്ങിയ മാനസിക നിലയിലുള്ള മാറ്റങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നത് പുനപതനത്തെ തടയാന്‍ സഹായിക്കും. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുകയും വിശന്നിരിക്കുകയും  ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

അവസരോചിതമായി 'നോ' പറയാന്‍ പഠിക്കുക

കൃത്യമായി 'നോ' പറയാന്‍ കഴിയാത്ത നല്ലൊരു ശതമാനം ആളുകള്‍ ലഹരിയിലേക്ക് വീണ്ടും പോവുന്നതായി കാണാറുണ്ട്. ലഹരി ചികിത്സയ്ക്ക് ശേഷം തിരിച്ചു ചെല്ലുമ്പോള്‍ ഏല്‍ക്കേണ്ടി വരുന്ന പരിഹാസശരങ്ങളെ കൃത്യമായി പരിഹരിക്കാന്‍ കഴിയാത്തവര്‍, ഭാര്യയെ പേടിയാണെന്നും, ആണുങ്ങള്‍ രണ്ടെണ്ണം അടിക്കുമെന്നുമൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കുമ്പോഴും ഒരു പെഗ് മതിയെന്ന് നിര്‍ബന്ധിക്കുമ്പോഴും നല്ലൊരു 'നോ' പറയാന്‍ കഴിയാത്തവര്‍, അങ്ങനെ പറഞ്ഞാല്‍ തന്റെ പ്രിയപ്പെട്ട ബാര്‍മേറ്റ് എന്ത് വിചാരിക്കുമെന്നോര്‍ത്തു വിലപിക്കുന്നവരും പുനപതനത്തിലേക്ക് പോവാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ ചിലയാളുകളാകട്ടെ 'നോ' പറയാന്‍ കഴിയാതെ, തന്നെ  കുടിക്കാന്‍ നിര്‍ബന്ധിച്ച കൂട്ടുകാരനെ മദ്യപാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് അവസാനം  ഒരുമിച്ചു കുടിച്ച് ബോധം കെട്ട സാഹചര്യങ്ങളുമുണ്ട്. ശരിയായ സമയത്ത് 'നോ' പറയുകയും ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി വെറുതെ സമയം കളയാതെ എത്രയും പെട്ടന്ന് തന്നെ ആ സാഹചര്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയുമാണ് ഉചിതം.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തെറ്റായ വിശ്വാസങ്ങളെ തിരുത്തുക

മദ്യം പോലുള്ള ലഹരികള്‍ വിശപ്പ് വര്‍ധിപ്പിക്കുമെന്നും, ഹൃദയത്തിനു നല്ലതാണെന്നും, ഉന്മേഷം പകരുമെന്നും, നല്ല ഉറക്കം തരുമെന്നുമൊക്കെ പറഞ്ഞു വീണ്ടും കുടി തുടങ്ങുന്നവര്‍ ഒരുപാടുണ്ട് . അതുപോലെ തന്നെ ഞാന്‍ ഏതു മദ്യപാന സദസില്‍ പോയാലും ഞാന്‍ കുടിക്കില്ല എന്ന അമിതമായ ആത്മവിശ്വാസവും വിനയായേക്കാം. ഇങ്ങനെയുള്ള തെറ്റായ വിശ്വാസങ്ങളെ പുനര്‍ വിചിന്തനം ചെയ്യേണ്ടതായുണ്ട്. അതുപോലെ തന്നെ നിത്യജീവിതത്തിലഭിമുഖീകരിക്കേണ്ടിവരുന്ന വിഷമതകളെ യാഥാര്‍ത്ഥ്യബോധത്തോടെ പരിഹരിക്കുകയും ആരോഗ്യകരമായ നല്ല ശീലങ്ങള്‍ അവലംബിക്കുകയും ചെയ്യുമ്പോള്‍ ലഹരിയിലേക്ക് വീണ്ടും വഴുതി വീഴുന്ന അവസ്ഥയെ  ഒഴിവാക്കാനാകും.

ലഹരി തുടര്‍ ചികിത്സ അനിവാര്യം

ലഹരി ചികിത്സയ്ക്ക് ശേഷവും കൃത്യമായി ചികിത്സകരെ സന്ദര്‍ശിക്കുന്നതു ചികിത്സയുടെ വിജയത്തെ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ലഹരി ചികില്‍സ കഴിഞ്ഞതിനു ശേഷം ലഹരി വിമുക്ത കൂട്ടായ്മകളില്‍ അംഗങ്ങളാവുന്നതും, ഇത്തരം കൂട്ടായ്മകളില്‍ സജീവമാവുന്നതും ഗുണകരമാണ്. ആല്‍ക്കഹോളിക് അനോണിമസ് കൂട്ടായ്മകളും, നാര്‍ക്കോട്ടിക് അനോണിമസ് കൂട്ടയ്മകളൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. ഇത്തരം കൂട്ടായ്മകളെപ്പറ്റി അറിയുകയുമാവാം.   

(മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്Contact number: 85472 81985)