ലഹരിയുടെ ചുഴിയില്‍ വീണുപോയ ഒരാളെ രക്ഷിച്ചെടുക്കുക അതീവ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനം തന്നെയാണ്. രോഗി അറിയാതെ മദ്യപാനത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. 

അമിത മദ്യപാനാസക്തിയെ രോഗമായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്. മദ്യപാന വിമുക്ത ചികിത്സ ഏറ്റവും ഗൗരവവും ശാസ്ത്രീയവുമായിരിക്കണമെന്ന് പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. അത് തുടര്‍ച്ചയായ മദ്യപാനം ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളുടെ ഗൗരവം കണക്കിലെടുത്തുകൊണ്ടാണ്. ഒരാള്‍ വര്‍ഷങ്ങളോളം തുടര്‍ച്ചയായി മദ്യപിക്കുമ്പോഴാണ് അതില്‍ അടിമപ്പെട്ടുപോകുന്നത്. തുടര്‍ച്ചയായ മദ്യപാനം ഉണ്ടാക്കുന്ന സങ്കീര്‍ണതകള്‍ വളരെ അപകടകരമാണ്. ആരോഗ്യപ്രശ്നങ്ങള്‍ക്കും മാനസിക പ്രശ്നങ്ങള്‍ക്കും അത് കാരണമാകുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കാം. ആല്‍ക്കഹോളിക് ഡിമന്‍ഷ്യവരാം. മദ്യപിച്ച് വീണ് പരിക്ക് പറ്റി തലച്ചോറില്‍ ചെറിയ തോതില്‍ രക്തം കട്ടപിടിക്കുന്ന സബ്ഡ്യൂറല്‍ ഹെമറ്റോമ എന്ന അവസ്ഥ ഉണ്ടാകാം. പക്ഷാഘാതം വരാം. തലച്ചോറിന്റെ ഞരമ്പുകളെ ബാധിച്ച് ഓര്‍മക്കുറവ് വരുന്ന കോര്‍സകോഫ് സൈക്കോസിസ് എന്ന അസുഖമുണ്ടാകാം. ഇതുകൂടാതെ കരളിലെ സിറോസിസ്, പാന്‍ക്രിയാറ്റൈറ്റിസ്, ആല്‍ക്കഹോളിക് ഗ്യാസ്ട്രൈറ്റിസ് ഇതെല്ലാം പരിഹരിക്കണമെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള വിദഗ്ധമായ ചികിത്സയാണ് ആവശ്യമായിവരുക -കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ.പി.എന്‍. സുരേഷ് കുമാര്‍ പറയുന്നു.

'മദ്യത്തിന് അടിമപ്പെട്ടുപോയ ഒരാള്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുമ്പോഴുള്ള പ്രശ്നങ്ങളെയും മനസ്സിലാക്കേണ്ടതുണ്ട്. അത്തരം സന്ദര്‍ഭങ്ങളെക്കുറിച്ചുള്ള അറിവ് നേടേണ്ടതുണ്ട്. ആ ശാരീരിക-മാനസിക പ്രതിസന്ധികളെ നേരിടാനുള്ള തയ്യാറെടുപ്പ് വേണം'- ഡോ. ഡാനിഷ് പറയുന്നു

poster

കുടി പെട്ടെന്ന് നിര്‍ത്തുമ്പോള്‍

കൃത്യമായ ചികിത്സയില്ലാതെ മദ്യപാനം നിര്‍ത്തുന്നവര്‍ക്ക് വിത്ഡ്രോവല്‍ സീഷര്‍ ഉണ്ടാകാം. മദ്യപാനം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ ആല്‍ക്കഹോളിക് ഹാലൂസിനോസിസ് എന്ന അവസ്ഥ വരാം. ഇല്ലാത്ത ശബ്ദങ്ങള്‍, പേടിപ്പിക്കുന്ന ഭീകരമായ ശബ്ദങ്ങള്‍ ഇവര്‍ കേള്‍ക്കാം. കമാന്റ് ഹാലൂസിനേഷന്‍സ് എന്നു പറയും. നീ പോയി മരിച്ചോ, ചാടിക്കോ എന്നിങ്ങനെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കുന്ന മാനസികാവസ്ഥയിലൂടെ കടന്നുപോകാം. 
മദ്യപാനം നിര്‍ത്തി 48 മണിക്കൂറിനുള്ളില്‍ ചിലര്‍ക്ക് അപസ്മാരം വരാം. 72 മണിക്കൂറിനുള്ളില്‍ ആല്‍ക്കഹോളിക് ഡെലീറിയം വരാനുള്ള സാധ്യതയുണ്ട്. അതായത് സ്ഥലകാലബോധമില്ലാത്ത അവസ്ഥ. ഓട്ടം, ചാട്ടം, ഇല്ലാത്ത സാധനങ്ങള്‍ കാണുക, ശബ്ദം കേള്‍ക്കുക, ഉറക്കമില്ലയ്മ, ഇരിക്കാനും നില്‍ക്കാനും കഴിയാത്ത അവസ്ഥ എന്നിവയൊക്കെ വരാം. അത്തരം സന്ദര്‍ഭങ്ങളെയും ഗൗരവത്തോടെ കണ്ട് ചികിത്സ നല്‍കേണ്ടിവരും-ഡോ. സുരേഷ് കുമാര്‍ വിശദമാക്കുന്നു.

മദ്യത്തിന് അടിമപ്പെട്ടവര്‍ നേരിടുന്ന ശാരീരിക-മാനസിക പ്രശ്നങ്ങളും അവയുടെ പ്രത്യാഘാതങ്ങളെയും വിലയിരുത്തിവേണം അതില്‍ നിന്ന് രക്ഷിക്കാനുള്ള ശാസ്ത്രീയ ചികിത്സ നല്‍കുവാന്‍. ഡി അഡിക്ഷന്‍ ചികിത്സയില്‍ എറ്റവും ശാസ്ത്രീയമായ രീതികളെക്കുറിച്ച് ഡോ. സുരേഷ് കുമാര്‍ വിശദമാക്കുന്നു:

ആദ്യം വിശദമായ വിലയിരുത്തല്‍

മദ്യാസക്തി രോഗം ബാധിച്ചയാള്‍ ചികിത്സ തേടുമ്പോള്‍ ആദ്യം വിശദമായ വിലയിരുത്തല്‍ വേണ്ടി വരും. രണ്ട് തരത്തിലുള്ള വിലയിരുത്തല്‍ ആവശ്യമാണ്. മദ്യപാനവുമായി ബന്ധപ്പെട്ടുള്ള സൈക്കോളജിക്കല്‍-സൈക്യാട്രിക്കല്‍ വിലയിരുത്തലുകളും അതോടൊപ്പം ശാരീരികമായ പരിശോധനയും. ഓരോ രോഗിക്കും ഇത്തരത്തില്‍ പരിശോധന നടത്തി ശാരീരികമായ പ്രശ്നങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് വിലയിരുത്തിയാണ് ചികിത്സ തുടങ്ങുക. 

ഒരാള്‍ മദ്യപാനിയായി മാറാനിടയായ സാഹചര്യം എന്താണ്, അയാളുടെ സ്വഭാവവിശേഷങ്ങള്‍ എന്തൊക്കെയാണ്, മാനസികരോഗം കൊണ്ടാണോ, കുടുംബപ്രശ്നം കൊണ്ടാണോ എന്നൊക്കെ അറിയണം. ഇതിന് സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും സഹായം ആവശ്യമാണ്. ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമാണ് മറ്റ് പരിശോധന തീരുമാനിക്കുന്നത്. ഒരു വിലയിരുത്തലും നടത്താതെ പെട്ടെന്ന് കിടത്തിചികിത്സ തുടങ്ങുന്നതും വളരെ അപകടമാണ്. ആശുപത്രിയിലെത്തിയാല്‍ ഉടന്‍ അവര്‍ക്ക് മദ്യം നിര്‍ത്തേണ്ടിവരുന്നു. അങ്ങനെ മദ്യം പെട്ടെന്ന് നിര്‍ത്തുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഉണ്ട്. നേരത്തെ മദ്യം കഴിച്ചതിനെതുടര്‍ന്നുണ്ടായ സങ്കീര്‍ണതകളുമുണ്ട്. ഇത് രണ്ടും മാനേജ് ചെയ്യണം. അതിന് വിശദമായ പരിശോധന നടത്തണം. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്. ഷുഗര്‍, ബി.പി, വൃക്ക പരിശോധന, സാധാരണ രക്തപരിശോധന തുടുങ്ങിയവയ്ക്ക് ശേഷമാണ് ചികിത്സ നിശ്ചയിക്കുക.

Arogya masika
ആരോഗ്യമാസിക വാങ്ങാം

ഡിടോക്സിഫിക്കേഷന്‍ ചികിത്സ

ചികിത്സയുടെ ആദ്യഘട്ടം എന്നത് മദ്യം നിര്‍ത്തുമ്പോഴുള്ള അസ്വസ്ഥത കുറയ്ക്കാനുള്ള ചികിത്സയാണ്. ഇതിനെ ഡിടോക്സിഫിക്കേഷന്‍ എന്നുപറയും. അതായത് വിഷവിമുക്തി ചികിത്സ. ആല്‍ക്കഹോളിന്റെ അംശം ശരീരത്തില്‍ നിന്ന് പൂര്‍ണമായും പുറത്ത് കളയാനുള്ള ചികിത്സയാണിത്. അതോടൊപ്പം ആല്‍ക്കഹോള്‍ പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള ഹാല്യൂസിനോസിസ് തടയാനും ഡെലീറിയത്തിലേക്ക് പോകുന്നത് തടയാനും ഓര്‍മക്കുറവ് വരാതിരിക്കാനുമുള്ള മരുന്നുകള്‍ നല്‍കും. ആല്‍ക്കഹോളിന് അടിമപ്പെട്ടവരുടെ തലച്ചോറില്‍ തയാമിന്‍ എന്ന വൈറ്റമിന്‍ വലിയതോതില്‍ കുറയും. അതാണ് ഞരമ്പ് സംബന്ധമായ അപസ്മാരം, ഡെലീറിയം തുടങ്ങിയ ഓട്ടേറെ സങ്കീര്‍ണതകള്‍ക്ക് കാരണം. അതുകൊണ്ട് കുറഞ്ഞുപോയ തയാമിന്റെ അളവ് ശരിയായ രീതിയില്‍ കൊണ്ടുവരാനുള്ള ചികിത്സ നല്‍കുന്നു. തയാമിന്‍ ഇഞ്ചക്ഷന്‍ നല്‍കും. അനുബന്ധമായ ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കും. അതോടൊപ്പം രോഗിക്ക് ഉറക്കം കിട്ടാന്‍ ആവശ്യമായ കാര്യം ചെയ്യും.

അങ്ങനെ ഏകദേശം ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ചികിത്സയാണ് ഡിടോക്സിഫിക്കേഷന്‍ എന്നത്. ഈ ചികിത്സ കഴിയുന്നതോടെ രോഗിയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോള്‍ പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ടാകും. അതുപോലെ അയാള്‍ക്ക് ഉണ്ടായിട്ടുള്ള ശാരീരിക പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കുകയും ചെയ്യും. ഇതിന് മിക്കവാറും ഒരു സൈക്യാട്രിസ്റ്റിന്റെ സേവനം മാത്രം പോര. മള്‍ട്ടി ഡിസിപ്ലിനറി ടീം (ാൗഹശേറശരെശുഹശിമൃ്യ ലേമാ) തന്നെ വേണം. ചിലപ്പോള്‍ ഫിസിഷ്യന്‍ വേണ്ടിവരും. ഗ്യാസ്ട്രോഎന്റോളജിസ്റ്റ് വേണ്ടിവരും. കാരണം പലപ്പോഴും രോഗിയില്‍ ലിവര്‍ സിറോസിസും പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകാം.

ഡി ടോക്സിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതോടെ മദ്യത്തിന്റെ അംശം ശരീരത്തില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യുകയും മദ്യം നിര്‍ത്തുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതോടൊപ്പം മദ്യം കഴിച്ചതിനെതുടര്‍ന്നുള്ള ശാരീരികപ്രശ്നങ്ങളെ മാനേജ് ചെയ്യുകയും ചെയ്യും.

ഇതോടൊപ്പം സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും രോഗിയെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് സംസാരിക്കുന്നതോടെ രോഗിയുടെ പശ്ചാത്തലത്തെക്കുറിച്ച് മനസ്സിലാക്കും. അയാള്‍ മദ്യം ഇങ്ങനെ കഴിക്കാന്‍ ഇടയാക്കിയ സാഹചര്യം എന്താണ്, വിഷാദം, ഉത്കണ്ഠ, പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഇവയെന്തെങ്കിലും ഉണ്ടായിരുന്നോ എന്നൊക്കെ മനസ്സിലാക്കും. ചിലര്‍ ധൈര്യത്തിന് വേണ്ടി മദ്യം കഴിച്ചവരുണ്ടാകും അതല്ല സുഹൃത്തുകളുടെ നിര്‍ബന്ധത്തിന് കഴിച്ചവരുണ്ടാകും. ഇതെല്ലാം സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും വിലയിരുത്തിയ ശേഷം മദ്യപാനത്തിലേക്ക് നയിച്ച കാരണങ്ങളെ കണ്ടെത്തും.

ഡി അഡിക്ഷന്‍ ചികിത്സ

രണ്ടാഴ്ചത്തെ ഡിടോക്‌സിഫിക്കേഷന്‍ ചികിത്സയ്ക്ക് ശേഷം ഡി അഡിക്ഷന്‍ ചികിത്സ തുടങ്ങും. ലഹരിയോടുള്ള ആസക്തി കുറയ്ക്കാനുള്ള മരുന്നാണ് നല്‍കുക. ലഹരിയോട് ആസക്തി ഉണ്ടാക്കുന്നത് തലച്ചോര്‍ തന്നെയാണ്. തലച്ചോറിലെ പ്രീഫ്രോണ്ടല്‍ ലോബ് ഉണ്ട്. ഇതില്‍ ലഹരിയോട് ആസക്തി ഉണ്ടാക്കുന്ന പ്ലഷര്‍ സെന്ററുണ്ട്. ഇത് അമിതമായി പ്രവര്‍ത്തിക്കുന്നവരില്‍ എപ്പോഴും ലഹരിയോട് കൂടുതല്‍ ആസക്തി തോന്നിക്കൊണ്ടിരിക്കും. ചില ആളുകള്‍ക്ക് മാത്രമേ അത് ഉണ്ടാവുന്നുള്ളൂ. ഇത്തരത്തില്‍ പ്ലഷര്‍ സെന്റര്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തമായി മദ്യം നിര്‍ത്തിയാലും ഒന്നോ രണ്ടോ ആഴ്ച അല്ലെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും മദ്യത്തിലേക്ക് തന്നെ ആകര്‍ഷിക്കപ്പെടും. അവര്‍ക്ക് നിയന്ത്രിക്കണം എന്ന് വിചാരിച്ചാലും അതിന് സാധിക്കാതെ വരും. അത്തരത്തില്‍ മദ്യത്തോടുള്ള ആസക്തി കുറയ്ക്കുക എന്നതാണ് ഡി അഡിക്ഷന്‍ ചികിത്സയില്‍ ചെയ്യുന്നത്. അതിന് പലതരത്തിലുള്ള മരുന്നുകളുമുണ്ട്. 

പ്രധാനമായും ഡൈസള്‍ഫിറാം എന്ന മരുന്നാണ് ഉപയോഗിക്കുന്നത്. ഈ ഗുളിക പ്രധാനമായും മദ്യത്തോടുള്ള ആസക്തികുറയ്ക്കുക എന്നതിനേക്കാള്‍ മദ്യം ശരീരത്തില്‍ പിടിക്കാതിരിക്കാനുള്ള മരുന്നാണ്. ഡൈസള്‍ഫിറാം കഴിക്കുന്ന ഒരാള്‍ മദ്യം കഴിച്ചാല്‍ അവര്‍ക്ക് ഡൈസള്‍ഫിറാം റിയാക്ഷന്‍ ഉണ്ടാകും. അതായത് ശരീരത്തില്‍ മദ്യം പിടിക്കാതിരിക്കാനുള്ള ഒരു മെക്കാനിസം ഉണ്ടാകും. മദ്യം മണക്കുമ്പോള്‍ തന്നെ ഛര്‍ദി ഉണ്ടാകും. മദ്യം കഴിച്ചാല്‍ ബി.പി കുറയാം, നെഞ്ചടിപ്പ് കൂടാം, ശ്വാസം മുട്ടല്‍, മുഖമെല്ലാം ചുവന്ന് തടിച്ച് വരാം. അങ്ങനെ ഡൈസള്‍ഫിറാം കഴിക്കുന്ന ഒരാള്‍ക്ക് മദ്യം കഴിക്കാന്‍ പേടിയുണ്ടാകും. മദ്യത്തില്‍നിന്ന് രക്ഷപ്പെടണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാള്‍ക്ക് മാത്രമാണ് ഈ മരുന്ന് നല്‍കുക. അതായത് ഈ മരുന്ന് എല്ലാവര്‍ക്കും നല്‍കാനാവില്ല. 

ഹൃദയത്തിന്റെയും കരളിന്റെയുമെല്ലാം പ്രവര്‍ത്തനം കൃത്യമായിരിക്കണം. മാത്രമല്ല രോഗിയുടെ അനുമതി വാങ്ങിയ ശേഷമേ ഈ മരുന്ന് നല്‍കുകയുള്ളൂ. നിങ്ങള്‍ക്ക് ഈ ഗുളിക നല്‍കാന്‍ പോകുകയാണ്. ഇത് കഴിച്ചാല്‍ പിന്നീട് മദ്യപിച്ചാല്‍ ഇത്തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് മദ്യം പൂര്‍ണമായും നിര്‍ത്താന്‍ തയ്യാറാകുമെങ്കില്‍ മാത്രമേ ഇത് നല്‍കുകയുള്ളൂ എന്നെല്ലാം വിശദമായി പറഞ്ഞ് മനസ്സിലാക്കും. അതിന് തയ്യാറാണെങ്കില്‍ രോഗിയുടെയും ബന്ധുവിന്റെയും അനുമതിയോടെയാണ് നല്‍കുന്നത്. ഈ മരുന്ന് എത്രകാലം കഴിക്കേണ്ടിവരും എന്ന ചോദ്യത്തിന് കൃത്യമായ കാലയളവ് പറയാനാകില്ല. അത് ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ചിരിക്കും. കാരണം അത് എത്രകാലം കഴിക്കുന്നുവോ അത്രയും കാലം അതിന്റെ ഇഫക്ട് നിലനില്‍ക്കും. ഗുളിക നിര്‍ത്തിയാല്‍ മദ്യത്തോടുള്ള റിയാക്ഷനും ഇല്ലാതാകും. അപ്പോള്‍ മദ്യം കഴിച്ചാല്‍ റിയാക്ഷന്‍ വരാതെയാകും. അതോടെ ചിലര്‍ക്ക് വീണ്ടും മദ്യപിക്കാനുള്ള ചിന്ത ഉണരും.

ആസക്തി കുറയ്ക്കാന്‍ അതായത് പ്ലഷര്‍ സെന്ററിന്റെ അമിത പ്രതികരണം കുറയ്ക്കാന്‍ സഹായിക്കുന്ന പുതിയ തരത്തിലുള്ള മരുന്നുകളുണ്ട്.  പക്ഷേ ഇത് മദ്യത്തോടുള്ള ആസക്തി കുറയ്ക്കുകയേ ഉള്ളൂ. മദ്യത്തോടുള്ള റിയാക്ഷന്‍ ഉണ്ടാക്കുകയില്ല. അതുകൊണ്ട് സെക്കന്‍ഡ്‌ലൈന്‍ മരുന്നായാണ് ഇവ നല്‍കുക. ചിലര്‍ മദ്യം പൂര്‍ണമായും ഒഴിവാക്കാതെ തന്നെ മദ്യത്തോടുള്ള ആസക്തി കുറയ്ക്കാന്‍ താത്പര്യപ്പെടാറുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് ഈ മരുന്നുകള്‍ സഹായകരമാകും. എന്നാല്‍ പല പഠനങ്ങളും പറയുന്നത് ഇത്തരത്തില്‍ നിയന്ത്രിത മദ്യപാനം പിന്നീട് നിയന്ത്രണം വിട്ട് മദ്യത്തിന് അടിമപ്പെടാനുള്ള സാധ്യതയുണ്ട് എന്നാണ്.

മദ്യാസക്തിക്ക് അടിമപ്പെട്ട മിക്കവരിലും മാനസികരോഗവും ഉണ്ടായെന്ന് വരാം. മിക്കവാറും ആളുകള്‍ക്ക് വിഷാദവും ഉത്കണ്ഠയുമെല്ലാം ഉണ്ടാകാറുണ്ട്. അവര്‍ക്ക് അത് പരിഹരിക്കാനുള്ള മരുന്നുകളും ഇതോടൊപ്പം നല്‍കേണ്ടതുണ്ട്. 

(മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)