കാടുപിടിച്ചു കിടക്കുന്ന കെട്ടിടങ്ങള്‍ പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് പ്രേതാലയമായേ തോന്നുകയുള്ളൂ. എന്നാല്‍, സാമൂഹ്യവിരുദ്ധര്‍ക്ക് അതൊരു താവളമാണ്. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കാനുള്ള സൈ്വര്യ വിഹാര കേന്ദ്രങ്ങളായാണ് അവര്‍ അതിനെ കാണുന്നത്. സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടങ്ങളാണ് അതില്‍ പലതുമെന്നതാണ് ഏറ്റവും ഖേദകരമായ അവസ്ഥ. റെയില്‍വേ സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സ്, ജില്ലാ ത്വക്ക് രോഗാസ്പത്രിയിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം തുടങ്ങി വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യവസ്തുക്കള്‍ വരെ ഇന്ന് ഇത്തരക്കാരുടെ കൈയിലാണ്. Anti-drug

റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകള്‍ 

നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ കോഴിക്കോട്ടെയും കല്ലായിയിലെയും റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകള്‍ ഇന്നും കാടുമൂടിയ നിലയില്‍ തന്നെയാണ്. മാസങ്ങള്‍ക്കുമുമ്പാണ് കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ ഒരു കൊലപാതകം നടന്നത്. എന്നിട്ടും അധികാരികളുടെ കണ്ണുതുറക്കാറായില്ല എന്നതു തന്നെയാണ് ഇന്നത്തെ അതിന്റെ അവസ്ഥ കാണിക്കുന്നത്. 

ചെറിയ റെയില്‍വേസ്റ്റേഷനായിട്ടു പോലും കല്ലായിയില്‍ ഒമ്പതോളം ക്വാര്‍ട്ടേഴ്‌സുകളുണ്ട്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കിയെല്ലാം പൂര്‍ണമായും കാടു മൂടി കിടക്കുകയാണ്. പലതിന്റെയും വാതിലുകളും മറ്റും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഈ കെട്ടിടങ്ങള്‍ ശ്രദ്ധിക്കാന്‍ കാവല്‍ക്കാരോ മറ്റോ ഇവിടെ ഇല്ല എന്നതിനാല്‍ എപ്പോഴും ഇവിടെ സമൂഹവിരുദ്ധരുടെ ശല്യമാണ്. 

കല്ലായി റെയില്‍വേസ്റ്റേഷനില്‍ നിന്ന് പാസഞ്ചര്‍ ട്രെയിന്‍ പതുക്കെ ഓടിത്തുടങ്ങുമ്പോള്‍ ക്വാര്‍ട്ടേഴ്‌സുകളില്‍നിന്ന് രാവിലെ തന്നെ ശരീരപ്രദര്‍ശനം നടത്തുന്നവരെ ഇടയ്ക്ക് കാണാറുണ്ടെന്ന് യാത്രികര്‍ പറയുന്നു. രാത്രിസമയങ്ങളില്‍ ഇവിടെ പാസഞ്ചറില്‍ വന്നിറങ്ങിയാല്‍ മേല്‍ക്കൂരയില്ലാതെ കിടക്കുന്ന പ്ലാറ്റ്‌ഫോമിന്റെ അറ്റത്തേക്കുള്ള ഇരിപ്പിടങ്ങള്‍ ഇവര്‍ കൈയടക്കുന്നതും കാണാം. സമൂഹവിരുദ്ധര്‍ക്കു മാത്രമായി ഒരുക്കിക്കൊടുത്ത പോലെയാണ് ഈ ക്വാര്‍ട്ടേഴ്‌സുകള്‍. 

sk
എസ്.കെ ടെമ്പിള്‍ റോഡില്‍ ഒഴിഞ്ഞുകിടക്കുന്ന സഹകരണ ബാങ്ക് കെട്ടിടം

ചുറ്റുമതിലില്ലാത്ത ത്വക്ക് രോഗാസ്പത്രി 

ജില്ലാ ത്വക്ക് രോഗാസ്പത്രി ലഹരിമാഫിയയുടെ കേന്ദ്രമായി മാറുന്നുവെന്നാണ് അന്തേവാസികള്‍ പറയുന്നത്. ചേവായൂരില്‍ 26 ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സര്‍ക്കാര്‍ ആസ്പത്രിക്ക് ചുറ്റുമതിലുള്ളത് പേരിനുമാത്രം. ആസ്പത്രിയുടെ പ്രധാന ഗേറ്റിനോട് ചേര്‍ന്നുകാണുന്ന ചുറ്റുമതിലാണ് സംരക്ഷണഭിത്തിയെന്ന് പറയാന്‍ ആസ്പത്രിക്കുള്ളത്. ബാക്കിവരുന്ന മുഴുവന്‍ഭാഗവും തുറന്നുകിടക്കുകയാണ്.  പകല്‍സമയങ്ങളില്‍പ്പോലും ഇവിടെ ഒരു സെക്യൂരിറ്റി ഇല്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം എന്ന അവസ്ഥയാണ്. 

പകല്‍ ഇതാണ് അവസ്ഥയെങ്കില്‍ രാത്രികാലങ്ങളുടെ അവസ്ഥ ഇതിലും ഭീകരമാണ്. തുറന്ന് കിടക്കുന്ന കോമ്പൗണ്ടില്‍ മദ്യപിക്കാനും  ലഹരിവസ്തുക്കള്‍ ഉപയോഗിക്കാനുമായി പലരും എത്താറുണ്ടെന്നും അന്തേവാസികള്‍ പറയുന്നു.  ഒരിക്കല്‍ ഇവരെ പിടികൂടാനായി പോലീസ് രാത്രി എത്തിയിരുന്നു. എന്നാല്‍, ചുറ്റുമതില്‍ പോലുമില്ലാതെ നീണ്ടുനിവര്‍ന്നു കിടക്കുന്ന സ്ഥലത്ത് അവര്‍ പലവഴിക്കോടിയത് പോലീസുകാരെ കുഴക്കി. ആസ്പത്രിയിലെ വെല്‍ഫെയര്‍ സൊസൈറ്റി കമ്മിറ്റി ഈ വിഷയത്തില്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഇ.വി. ഉസ്മാന്‍ പറഞ്ഞു.  

മൂക്കുപൊത്തി നടക്കണം...

പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്ന് മാനാഞ്ചിറയിലേക്കുള്ള എളുപ്പ വഴിയാണ് എസ്.കെ. ടെമ്പിള്‍ റോഡ്. ഈ വഴിയില്‍ തന്നെ ഉപയോഗശൂന്യമായ രണ്ട് കെട്ടിടങ്ങളാണുള്ളത്. ഈ വഴിയില്‍ പോകുമ്പോള്‍ ആദ്യം കാണുന്ന ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിനരികിലൂടെ മൂക്കു പൊത്തിയല്ലാതെ നടക്കാന്‍ സാധിക്കില്ല. ഒഴിഞ്ഞ് കിടക്കുന്ന മദ്യക്കുപ്പികളും പുകഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റികളും കൊണ്ടാണ് ഈ കെട്ടിടത്തിന്റെ മുറ്റം അലങ്കരിച്ചിരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് ഇവിടെയെന്ന് സമീപവാസികള്‍ പറയുന്നു. മാത്രമല്ല നഗരത്തിന്റെയുള്ളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലമെന്ന നിലയ്ക്ക് പലരും മാലിന്യങ്ങള്‍ നിക്ഷേപിക്കാനൊരിടം എന്ന നിലയ്ക്കാണ് ഇതിനെ കാണുന്നത്. കൂടിക്കിടക്കുന്ന മാലിന്യവും അതില്‍ നിന്നൊഴുകുന്ന മലിനജലവും കാരണം ഇവിടെമാകെ ദുര്‍ഗന്ധമാണ്. ഇതേ വഴിയില്‍ ഏകദേശം മാനാഞ്ചിറ റോഡ് അടുത്തേക്കായി മറ്റൊരു സ്വകാര്യ കെട്ടിടം കൂടിയുണ്ട്. സഹകരണ ബാങ്കിന്റെ കെട്ടിടമാണിത്. ഇവിടെ അതിക്രമിച്ച് കടക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള ഗേറ്റോ വാതിലുകളോ ഇല്ലാത്ത ആ കെട്ടിടത്തിലേക്ക് കയറാന്‍ അനായാസം ആര്‍ക്കും സാധിക്കും. 

കെട്ടിടത്തിന്റെ സമീപത്തായി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വകാര്യ സ്ഥാപനവും സര്‍ക്കാര്‍ സംരക്ഷണയില്‍ കുട്ടികളെ താമസിപ്പിക്കുന്ന വീടും ഉണ്ടായിരിക്കെയാണ് ഈ അവസ്ഥ. ഇതുകൂടാതെ മാവൂര്‍ റോഡിലെ  ഹോട്ടല്‍ ന്യൂ ഭാരത് കെട്ടിടം. കുടുംബവഴക്കിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി ഈ കെട്ടിടം പൂട്ടിക്കിടക്കുകയാണ്. നഗരത്തിന്റെ മധ്യത്തിലായതിനാല്‍ അധികമാരുടെയും ശ്രദ്ധ ഇവിടേക്ക് എത്താറില്ല. അതുകൊണ്ട് തന്നെ രാത്രികാലങ്ങളില്‍ ഇതും ഇവര്‍ക്കൊരു താവളമാണ്. എന്നാല്‍, ഇടയ്ക്ക് രാവിലെയും ചിലര്‍ ഇവിടെ എത്താറുണ്ടെന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. 

ഈ കെട്ടിടങ്ങള്‍ പലതും പൊളിച്ച് മാറ്റാനിരിക്കുന്നതും കേസില്‍പെട്ടു കിടക്കുന്നതുമാണ്. ഇത്തരം സ്ഥലങ്ങള്‍ ഏറ്റെടുത്ത് നവീകരിച്ചാല്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകും.  

നിരീക്ഷണം കൂടുതല്‍ ഊര്‍ജിതമാക്കും

നഗരത്തില്‍ എക്‌സെസ് വകുപ്പ് പരിശോധന ശക്തമാക്കിയതോടെ പലരും പുതിയ ഇടങ്ങള്‍ തേടി നഗരത്തിനു പുറത്തേക്കും പോകുകയാണ്. നേരത്തേ ലഹരി ഉപയോഗത്തിനും വില്‍പ്പനയ്ക്കും മുഖ്യകേന്ദ്രങ്ങളായിരുന്ന ബീച്ച് ആസ്പത്രി പരിസരം, കടപ്പുറം പരിസരം, നാലാം ഗേറ്റ് പരിസരം എന്നിവയെല്ലാം ഇന്ന് എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളിലുണ്ടായ ലഹരി വില്‍പ്പനക്കാരുടെ അറസ്റ്റും മറ്റും ഇത്തരക്കാരെ ഇവിടെനിന്ന് മാറ്റി മറ്റു സ്ഥലങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നു. പയ്യാനക്കല്‍ പോലുള്ള തീരദേശപ്രദേശങ്ങള്‍, വട്ടക്കിണര്‍-മീഞ്ചന്ത മേല്‍പ്പാലത്തിന് താഴെ, കല്ലായി പാലത്തിന് താഴെയും കല്ലായിറെയില്‍വേ ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങി പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് കണ്ണെത്തിപ്പെടാതിരിക്കുന്ന സ്ഥലങ്ങളാണിവര്‍ ഇപ്പോള്‍ താവളമടിക്കുന്നത്. ഇവിടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഉപയോഗത്തെപ്പോലെ തന്നെ വിപണനസാധ്യതയില്ലാതാക്കാനുള്ള കഠിനശ്രമങ്ങളും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.

ചെറുകിട വില്‍പ്പനക്കാരെ പിടികൂടുന്നതിലൂടെ ഓരോ നാട്ടുകാരെയും ബോധവത്കരിക്കാന്‍ സാധിക്കും. അഞ്ച് കിലോ കഞ്ചാവുമായി മറുനാടന്‍ സ്വദേശി പിടിയില്‍ എന്ന വാര്‍ത്തയെക്കാളും വീടിനടുത്തുള്ള പയ്യന്‍ കഞ്ചാവ് വില്‍പ്പനയില്‍ അറസ്റ്റിലായെന്ന വാര്‍ത്തയാണ് നാട്ടുകാരില്‍ അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്നത്. ഇത് ഏറെ സഹായകരമാണ്. ചെറിയ മയക്കുമരുന്ന് കച്ചവടക്കാരുടെ എണ്ണം ജില്ലയില്‍ കുറയുന്നുണ്ടെന്നും ഇത്തരത്തില്‍ ലഹരി ഉപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്നും ജില്ലാ എക്‌സൈസ് നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. ഗിരീഷ് പറയുന്നു.