കൊല്ലം: നഗരത്തില്‍ കഞ്ചാവിനും മയക്കുമരുന്നിനുമെതിരെ പോലീസ് അന്വേഷണം ശക്തമാക്കുന്നു. നഗരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും കെട്ടിടങ്ങളിലും മദ്യവും മയക്കുമരുന്നുപയോഗവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കുന്നത്.

20 വയസ്സില്‍ താഴെയുള്ളവരാണ് ഇത്തരം കേസുകളില്‍ കൂടുതല്‍ അകപ്പെട്ടിരിക്കുന്നത് സിറ്റി പോലീസ് കമ്മിഷണര്‍ അജിതാ ബീഗം പറഞ്ഞു. നഗരത്തിലെ കോളനികള്‍, പുറംമ്പോക്ക് പ്രദേശങ്ങള്‍, ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇനി പോലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകും. 

സിറിഞ്ച് ഉപയോഗിക്കുന്നെന്ന് സംശയമുള്ളവരെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. കൊല്ലം കുന്നിന്‍പുറം ഐക്യനഗര്‍ പ്രദേശത്ത് മയക്കുമരുന്നുപയോഗം കൂടുതലാണെന്ന് പരാതി ലഭിച്ചിരുന്നു.

ലഹരിക്കടിമപ്പെട്ട യുവാക്കള്‍ പ്രദേശത്തെ വീടുകള്‍ ആക്രമിക്കുകയും ചെടിച്ചട്ടികളും മറ്റും എറിഞ്ഞുടക്കുകയും ചെയ്തിരുന്നു. കുന്നിന്‍പുറത്തിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തമ്പടിക്കുന്ന മദ്യപസംഘങ്ങള്‍ എതിര്‍ത്തവര്‍ക്കെതിരേ വധഭീഷണി മുഴക്കുന്നതിനാല്‍ കൂടുതല്‍പേരും പരാതിപ്പെടാന്‍ തയ്യാറല്ല.

കാടുപിടിച്ചുകിടന്ന പുരയിടത്തില്‍ മുമ്പ് പ്രസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലമാണ് മയക്കുമരുന്നിന്റെ കേന്ദ്രമായി മാറിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇവിടെ സന്ദര്‍ശകരാണെന്ന് മനസിലാക്കിയാണ് പോലീസ് ഇവിടെ നിരീക്ഷണം കര്‍ശനമാക്കിയത്. 

ആംപ്യൂളുകളും സിറിഞ്ചുകളുമെല്ലാം കെട്ടിടത്തില്‍ ചിതറിക്കിടക്കുകയാണ്. കെട്ടിടത്തില്‍ ആവശ്യക്കാര്‍ക്കുവേണ്ടി പ്രത്യേക കോഡുകളും അടയാളങ്ങളും വില്‍പ്പനക്കാര്‍ പതിപ്പിക്കുന്നതായി വിവരമുണ്ട്.

അമിതവേഗത്തില്‍ ബൈക്കിലെത്തി ലഹരിപദാര്‍ഥങ്ങള്‍ കൈമാറുന്ന യുവാക്കള്‍ ഇവിടെ സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇവര്‍ക്കായുള്ള അന്വേഷണവും ശക്തമാണ്.

ആശ്രാമം ലിങ്ക് റോഡിന് സമീപമുള്ള കുറ്റിക്കാട്ടില്‍ സംശയാസ്പദമായരീതിയില്‍ രണ്ടുപേരെ മരിച്ചനിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. ഇവിടെയും മദ്യപസംഘങ്ങള്‍ സ്ഥിരമായി തമ്പടിക്കുന്നതായി വിവരം ലഭിച്ചിരുന്നു. മദ്യക്കുപ്പികളും ഗ്ലാസുകളുമെല്ലാം കൂടിക്കിടന്നിരുന്നു.

റോഡിന്റെ എതിര്‍വശത്തുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലയില്‍നിന്ന് പലരും മദ്യംവാങ്ങി ഇവിടെ കൊണ്ടുവന്നാണ് കഴിക്കാറുള്ളത്. സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.