ല്‍പനേരത്തേക്കുള്ള ഉന്മാദം. അതിനായി എന്ത് തരം മരുന്നുകളും ഉപയോഗിക്കാന്‍ മടിയില്ലാത്ത ചെറുപ്പം. നമ്മുടെ സമൂഹം കഴിഞ്ഞ കുറച്ച് കാലമായി ഇങ്ങനെ മാറിയിരിക്കുകയായണ്. ഇന്ത്യയില്‍ തന്നെ ലഹരി ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്തേക്ക് തന്നെ നമ്മുടെ കൊച്ചു കേരളം എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ലഹരി നമ്മുടെ ഓരോരുത്തരുടേയും ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കോഴിക്കോട് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ.മിഥുന്‍.എസ് വ്യക്തമാക്കുന്നു.  

മദ്യപാനത്തിനും പുകവലിക്കും പുറമെ വിവിധതരം മയക്കുമരുന്നുകളും ലഹരിക്കു വേണ്ടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. മയക്കുമരുന്നുകളുടെ വ്യാപകമായ ഉപയോഗം ഗൗരവതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സന്തുലനാവസ്ഥയെ തകര്‍ക്കുന്നതു വഴി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ അവയുടെ ഉപയോഗത്തിനു കഴിയും. സാധാരണയായി ഉപയോഗിക്കപ്പെടുന്ന, മയക്കുമരുന്നുകളെന്ന് സാമാന്യേന വ്യവഹരിക്കപ്പെടുന്ന ചില ലഹരിപദാര്‍ഥങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.

കഞ്ചാവ് 

മദ്യപാനവും പുകവലിയും കഴിഞ്ഞാല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ലഹരി പദാര്‍ഥം കഞ്ചാവാണ്. കഞ്ചാവ് ചെടിയില്‍ നിന്നും ലഭിക്കുന്ന വിവിധതരം ഉല്‍പ്പന്നങ്ങളാണ് ലഹരിക്കായി ഉപയോഗപ്പെടുത്തുന്നത്. സാധാരണ ഉപയോഗത്തിലുള്ള കഞ്ചാവ് ഉണക്കിയ ഇലകളും പൂക്കളും ഉള്‍പ്പെടുന്നതാണ്.  കൂടുതലളവില്‍ കഞ്ചാവടങ്ങിയ ഹാഷിഷ് കഞ്ചാവു ചെടിയുടെ റെസിനില്‍ നിന്നും പൂക്കളില്‍ നിന്നുമാണ് എടുക്കുന്നത്. 

കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന ഡെല്‍റ്റാ-9-ടെട്രാഹൈഡ്രോകാനബിനോള്‍ ആണ് കഞ്ചാവുപയോഗിക്കുമ്പോഴത്തെ ലഹരിക്കു കാരണം.

സിഗരറ്റിലോ ബീഡിയിലോ ചേര്‍ത്ത് പുകവലിക്കുന്ന രൂപത്തിലാണ് പ്രധാനമായും കഞ്ചാവ് ഉപയോഗിക്കുന്നത്. 

കഞ്ചാവുപയോഗിക്കുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ 

(1) ഉപയോഗിച്ചതിന് അല്‍പ്പ സമയത്തിനകം തന്നെ ശാന്തതയും ആഹ്ലാദവും അനുഭവപ്പെടുകയും ഇന്ദ്രിയാനുഭൂതികളില്‍ അസാധാരണമായ വ്യത്യാസങ്ങളുണ്ടാവുകയും ചെയ്യുക, ശ്രദ്ധയിലും ഓര്‍മശക്തിയിലും പിഴവുകള്‍ വരിക. ചില ആളുകള്‍ക്ക് അമിതമായ ഉത്കണ്ഠയും, ഭയവും, അസ്വസ്ഥതയും കൂടി ചേര്‍ന്ന് വളരെ ഭയാനകമായ ഒരു മാനസികാനുഭവവും ഉണ്ടാവുന്നതായി കാണാറുണ്ട്. മിഥ്യാനുഭവങ്ങളും ഉണ്ടാകാം.  

കണ്ണുകള്‍ ചുവന്നു വരിക, വിശപ്പ് വര്‍ധിക്കുക, വായ ഉണങ്ങിയതായി അനുഭവപ്പെടുക, നെഞ്ചിടിപ്പ് കൂടി വരിക എന്നീ ലക്ഷണങ്ങളും സാധാരണയായി കാണാറുണ്ട്.

(2)  കഞ്ചാവിന് അടിമപ്പെടുന്ന അവസ്ഥ തുടര്‍ച്ചയായി കഞ്ചാവുപയോഗിച്ചുകൊണ്ടിരുന്നാല്‍ പിന്നീട് കഞ്ചാവുപയോഗിക്കാതിരിക്കാന്‍ അങ്ങേയറ്റം വിഷമം നേരിടുന്ന ഒരവസ്ഥയാണിത്.  ഈ അവസ്ഥയിലുള്ള വ്യക്തികള്‍ക്ക് കഞ്ചാവുപയോഗിക്കാനുള്ള തീവ്രമായ ആസക്തി ഉണ്ടായിരിക്കും.  കഞ്ചാവുപയോഗവുമായി ബന്ധപ്പെട്ട സ്വഭാവങ്ങള്‍ (ഉപയോഗം തുടങ്ങുന്നത്, നിര്‍ത്തുന്നത്, ഉപയോഗിക്കുന്ന അളവ്) സ്വയം നിയന്ത്രിക്കാന്‍ ഇവര്‍ക്കു കഴിയാതാകും.  കഞ്ചാവുപയോഗം നിര്‍ത്തുമ്പോള്‍ ദേഷ്യം, ഉത്കണ്ഠ, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, അസ്വസ്ഥത തുടങ്ങിയ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍  പ്രത്യക്ഷപ്പെടും. മുമ്പു കഞ്ചാവുപയോഗിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായിരുന്ന ഫലം ലഭിക്കാന്‍ കൂടുതല്‍ അളവ് കഞ്ചാവ് ഉപയോഗിക്കേണ്ട അവസ്ഥ ഉണ്ടായിത്തീരും.  ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളും വിനോദങ്ങളും കഞ്ചാവുപയോഗത്തിനു വേണ്ടി മാറ്റിവെയ്ക്കാന്‍ തുടങ്ങും. ഇത്തരം അവസ്ഥയില്‍ എത്തിയ ആളുകള്‍ക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ വന്നുപെടാനുള്ള സാധ്യത വലുതാണ്.

ചിത്തഭ്രമത്തിനോടു സാദൃശ്യമുള്ള സൈക്കോട്ടിക് മാനസികാവസ്ഥകളും, ചില ആളുകളില്‍ ചിത്തഭ്രമം തന്നെയും, സ്ഥിരമായ കഞ്ചാവുപയോഗം മൂലം ഉണ്ടാകാറുണ്ട്.

കറുപ്പ്, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയ ഓപ്പിയോയിഡ് ഗണത്തില്‍പ്പെട്ട ലഹരി വസ്തുക്കള്‍

ഓപ്പിയം പോപ്പി എന്ന ചെടിയില്‍ നിന്നാണ് കറുപ്പ് ലഭിക്കുന്നത്. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന കറുപ്പ് നൂറ്റാണ്ടുകളായി ഒരു വേദനാസംഹാരിയായും ലഹരി ഉല്‍പന്നമായും ഉപയോഗിക്കപ്പെട്ടുവരുന്ന ഒന്നാണ്. മോര്‍ഫിനും കൊഡീനും പ്രകൃതിദത്തമായ ഓപ്പിയോയിഡുകളില്‍ ഉള്‍പ്പെടുന്നവയാണ്.  വൈദ്യശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ഈ മരുന്നുകളുടെ ലഹരിക്കുവേണ്ടിയുള്ള ദുരുപയോഗം തടയാന്‍ കര്‍ശന മാനദണ്ഡങ്ങള്‍ നിലവിലുണ്ട്.

ഈ ഗണത്തില്‍പെട്ട വസ്തുക്കളില്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഹെറോയിനാണ്.  ബ്രൗണ്‍ഷുഗറില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത് ഹെറോയിനാണ്.  ഹെറോയിന്‍ പലരീതികളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.  ഞരമ്പുകളിലൂടെയും, പേശികളിലൂടെയും, തൊലിക്കടിയിലൂടെയുമുള്ള ഇഞ്ചക്ഷനുകളായും ശ്വാസത്തിലൂടെ വലിച്ചും ഇത് ഉപയോഗിക്കാന്‍ കഴിയും. 

ടിന്‍ഫോയിലിനു മുകളില്‍ ഹെറോയിന്‍വെച്ച് ചൂടാക്കി ബാഷ്പീകരിച്ച രൂപത്തില്‍ ശ്വാസത്തിലൂടെ വലിച്ചെടുക്കുന്ന രീതിക്ക് ചേസിംഗ് എന്നാണു പറയുക.  പൊതുവെ വ്യാപകമായ ഒരു രീതി കൂടെയാണിത്.  പക്ഷേ ഇത്തരമുപയോഗത്തിലൂടെ ശരീരത്തിലെത്തുന്ന ഹെറോയിന്റെ അളവ് താരതമ്യേന കുറവായിരിക്കും.  അതുകൊണ്ടു തന്നെ, തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ വേണ്ടത്ര ലഹരി ലഭിക്കാതിരിക്കുകയും അതിനു വേണ്ടി ഇഞ്ചക്ഷനുകളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും.

ഓപ്പിയോയിഡ് ഗണത്തില്‍പ്പെട്ട മരുന്നുകള്‍ കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍

വൈകാരികാവസ്ഥയില്‍ മാറ്റം വരിക, മയക്കം അനുഭവപ്പെടുക, ശ്വാസഗതി താഴുക, ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാവുക, ഹൃദയമിടിപ്പ് കുറയുക, രക്തസമ്മര്‍ദ്ദം കുറയുക, ശരീരോഷ്മാവ് കുറയുക. കൃഷ്ണമണി ചുരുങ്ങിയതായി കാണുക, മലബന്ധമുണ്ടാവുക. ദീര്‍ഘകാല ഉപയോഗം വിഷാദരോഗത്തിനും ആത്മഹത്യക്കും കാരണമായേക്കും. ഇഞ്ചക്ഷന്‍ ഉപയോഗിക്കുന്ന ആളുകള്‍ ഒരേ സൂചി തന്നെ കൈമാറി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാല ഉപയോഗത്തിലൂടെ ഇത്തരം മരുന്നുകള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് ഈ മരുന്നുകള്‍ ലഭിക്കാതിരിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ തീവ്രമായ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്.

ഓക്കാനം, ഛര്‍ദ്ദി, പേശികളുടെ അസഹ്യമായ വേദന, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും തടുര്‍ച്ചയായി വെള്ളമൊലിക്കുക, രോമങ്ങള്‍ ഉയര്‍ന്നു നില്‍ക്കുക, അമിതമായി വിയര്‍ക്കുക, കൃഷ്ണമണി കൂടുതലായി വികസിക്കുക, നിരന്തരം കോട്ടുവാ ഇടുക, വയറിളക്കം ഉണ്ടാവുക, ഉറക്കക്കുറവും അമിതമായ ദേഷ്യവും കാണപ്പെടുക തുടങ്ങിയവ ഓപ്പിയോയിഡ് മരുന്നുകളുടെ പിന്‍വാങ്ങല്‍ ലക്ഷണങ്ങളാണ്.

കൊക്കെയ്ന്‍ 

കൊക്കോ ചെടികളില്‍ നിന്നാണ് കൊക്കെയ്ന്‍ വേര്‍തിരിച്ചെടുക്കുന്നത്.  കൊക്കെയ്ന്‍ പൗഡര്‍ രൂപത്തിലും ക്രാക്ക് എന്ന പേരില്‍ സോഡിയം ബൈകാര്‍ബണേറ്റും ജലവുമായി ചേര്‍ത്ത കട്ടകളായും ലഭ്യമാണ്.  ക്രാക്ക് ആണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രൂപം.  ശ്വാസത്തിലൂടെ വലിച്ചെടുത്താണ് പ്രധാനമായും ഇതുപയോഗിക്കുന്നത്.  ഇതിന് സ്നോര്‍ട്ടിംഗ് എന്നാണ് പറഞ്ഞുവരുന്നത്. 

ഉപയോഗിച്ചു തുടങ്ങിയാല്‍ നിര്‍ത്താന്‍ വളരെ പ്രയാസകരമാംവിധം അടിമത്തം സൃഷ്ടിക്കാന്‍ കഴിയുന്ന തികച്ചും അപകടകരമായ ഒരു ലഹരിവസ്തുവാണ് കൊക്കെയ്ന്‍.

ഉപയോഗിക്കുന്ന വ്യക്തികളില്‍ അതി തീവ്രമായ ആനന്ദാനുഭൂതി ഉല്‍പ്പാദിപ്പിക്കുക വഴി നിരന്തരമായ ഉപയോഗത്തിന് പ്രേരിപ്പിക്കുക കൂടി ചെയ്യുന്ന ഒന്നാണ് കൊക്കെയ്ന്‍.

ഇന്‍ഹലന്റ്‌​  വസ്തുക്കളും ആരോഗ്യപ്രശ്‌നങ്ങളും

അളവില്‍ക്കവിഞ്ഞ ഉന്മേഷവും ഊര്‍ജ്ജവും തോന്നുന്ന അവസ്ഥ, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, സംശയരോഗം. ഉത്കണ്ഠ, വിഷാദം, അക്രമാസക്തി, സൈക്കോസിസ്, അമിതരക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പിലെ താളപ്പിഴകള്‍ , ഹൃദയാഘാതം തുടങ്ങിയവയും സംഭവിക്കാം.

പെട്ടന്ന് ബാഷ്പീകരിക്കപ്പെടുന്ന ചില വസ്തുക്കളും ലായനികളും ശ്വസിക്കുകയും അതിലൂടെ ലഹരി അനുഭവിക്കുകയും ചെയ്യുന്ന രീതി നിലവിലുണ്ട്.  വൈറ്റ്നറുകള്‍, പെയ്ന്റുകള്‍, പെയ്ന്റ് തിന്നറുകള്‍ നെയ്ല്‍ പോളിഷുകള്‍ തുടങ്ങിയവ നിരവധി വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കപ്പെടുന്നുണ്ട്.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഇടയിലും ഇത്തരം ലഹരി ഉപയോഗം വ്യാപകമായി കാണപ്പെടാറുണ്ട്.  നിരവധിയായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് വഴിവെക്കും.

ഉപയോഗിച്ച ഉടന്‍-ഉത്തേജനം  അനുഭവപ്പെടും അമിതാഹ്ലാദം തോന്നും.  ഇതിനുശേഷം ഉന്മേഷക്കുറവ്, മയക്കം, നടക്കുമ്പോള്‍ ആടിപ്പോവുക എന്നീ ലക്ഷണങ്ങള്‍ വരാം.  ശ്വാസഗതി പതുക്കയാവും.  ചില സന്ദര്‍ഭങ്ങളില്‍ മരണം വരെ സംഭവിക്കാം.  ദീര്‍ഘകാല ഉപയോഗം തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു.  ശ്വാസകോശത്തിനു ഹൃദയത്തിനും ദോഷകരമാണ്.

പ്രതിരോധം

ഇത്തരം ലഹരി പദാര്‍ത്ഥങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രതിരോധ മാര്‍ഗം.  കൗമാരപ്രായക്കാര്‍ക്കും, യുവാക്കള്‍ക്കും ആവശ്യമായ വിദ്യാഭ്യാസം ഈ മേഖലയില്‍ നല്‍കുകയും വേണം. ലഹരി മരുന്നുകള്‍ ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് ആവശ്യമായ ശാസ്ത്രീയ ചികിത്സാമാര്‍ഗങ്ങള്‍ ലഭ്യമാക്കുകയും വേണം.  വ്യക്തിയുടെ ധാര്‍മികമായ ഒരു പരാജയം എന്ന നിലയ്ക്കല്ല, മറിച്ച് ഇടപെടലുകള്‍ സാധ്യമായ ഒരു മാനസിക ശാരീരിക ആരോഗ്യ പ്രശ്നം എന്ന നിലയ്ക്കായിരിക്കണം ഈ വിഷയത്തെ നാം  സമീപിക്കേണ്ടത്.

(കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ മാനസികാരോഗ്യ വിദഗ്ദ്ധനാണ് ലേഖകന്‍)