തലശ്ശേരി: കഞ്ചാവ് കേസിലെ പ്രതിയായ വടക്കുമ്പാട് കാരാട്ട് കുന്നുമ്മല്‍ എടത്തട്ട വീട്ടില്‍ പി.നാസറിനെ (50) കഞ്ചാവുമായി തലശ്ശേരി എക്സൈസ് സംഘം പിടികൂടി. തലശ്ശേരി ജനറല്‍ ആസ്പത്രിക്ക് സമീപം കടപ്പുറത്തേക്ക് പോകുന്ന റോഡില്‍െവച്ചാണ് പിടിയിലായത്. വില്പനയ്ക്കായുള്ള ഒരുകിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടികൂടി.

Ganja
പ്രതീകാത്മക ചിത്രം

ചെറുകിട കച്ചവടക്കാര്‍ക്ക് വില്പന നടത്താന്‍ വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്. തിരുപ്പൂരില്‍നിന്നാണ് കഞ്ചാവ് തലശ്ശേരിയില്‍ കൊണ്ടുവന്നത്. ഏഴു കിലോഗ്രാം കഞ്ചാവ് കൈവശം വച്ചതിന് നാസറിനെതിരെ കേസുണ്ട്. 

ഒരു മാസത്തോളമായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തലശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ മനോഹരന്‍ പയ്യന്‍, അസി. ഇന്‍സ്പെക്ടര്‍മാരായ കെ.പി.പ്രമോദ്, യു.പി.മുരളീധരന്‍, പി.മോഹനദാസന്‍, പി.ഒ.പ്രതീഷ് ചന്ദ്രന്‍ തുടങ്ങിയവരാണ് പിടികൂടിയത്. തലശ്ശേരി ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.