'ഒരിക്കല്‍ മാത്രമേ അങ്ങനെയൊന്ന്  സംഭവിക്കാവൂ. ഇനി അത് സംഭവിച്ചാല്‍ കോമഡി ആയിപ്പോകും. സിനിമയുടെ ചരിത്രപരമായ ആവശ്യമായിരുന്നു അത്.' വരാന്തയിലെ  ചാരുകസേരയില്‍ ആരെയോ പ്രതീക്ഷിച്ചിരിപ്പായിരുന്നു ജോണ്‍ എബ്രഹാം സിനിമയിലെ കഥാപാത്രം. കൈയില്‍ കത്തിച്ചുപിടിച്ച സിഗരറ്റില്‍ നിന്നും പുകച്ചുരുളുകള്‍  ഉയരുമ്പോഴും പണ്ടെങ്ങോ എവിടെയോ കൈമോശം വന്നുപോയ ബാല്യകാലത്തെക്കുറിച്ച് തുറന്നുപറയാന്‍ അദ്ദേഹം മടി കാണിച്ചില്ല.'അമ്മ അറിയാന്‍' എന്ന ചലച്ചിത്രത്തെ ഇതിനേക്കാള്‍ മനോഹരമായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന മറ്റൊരു കലാകാരന്‍ ഉണ്ടോ? ഇനി ഒരു പക്ഷേ അതുപോലൊരു  സിനിമ വീണ്ടും ഉണ്ടാകുകയാണെങ്കില്‍ ഞാന്‍ ഒരിക്കലും അതിന്റെ ഭാഗമായിരിക്കില്ലെന്ന് തറപ്പിച്ചു പറയുന്ന ഹരിനാരായണന്‍ ഇവിടെ ഓര്‍ത്തെടുക്കുന്ന പലതുമുണ്ട്. ലഹരിയാണ് സര്‍ഗ്ഗാത്മകത ഉണര്‍ത്തുന്നതെന്നത് വെറും തെറ്റിദ്ധാരണയാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം പറയുന്നു. drug

കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്ന് വേണ്ട പരിഗണന കിട്ടാതെ വന്നപ്പോള്‍ ലഹരിയുടെ പിടിയില്‍ അകപ്പെട്ടുപോയ ഒരു കലാകാരന്‍! കൂടെ നിന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാനും ശ്രദ്ധിക്കാനും ആരുമില്ലാതെ മാനസികമായി അനാഥത്വത്തിന്റെ വഴികള്‍ താണ്ടിയ ഇദ്ദേഹം കുടുംബബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ് ഓര്‍മിപ്പിക്കുന്നത്.

ഒരിക്കല്‍ പെട്ടുപോയാല്‍ ജീവിതകാലം മുഴുവന്‍ മനുഷ്യന് ലഹരിയുടെ കെണിയില്‍ നിന്ന് മോചനമുണ്ടാകില്ലെന്ന താക്കീതാണ് ഇവിടെ അദ്ദേഹം നല്‍കുന്നത്.

ഒരു ഐഡിയയുമില്ലാതെ സിനിമയിലേക്ക്

സിനിമയെന്നത് ഒരിക്കലും എന്റെ മേഖലയായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ കലാപ്രേമികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് സംഘടിപ്പിച്ച തിയേറ്ററിന്റെ ഭാഗമായി മ്യൂസിക് ചെയ്യാന്‍ പറ്റിയ ഒരാളെ കിട്ടാതെ വന്നപ്പോള്‍ എന്നെ സമീപിക്കുകയായിരുന്നു. അവിടെ ഒരു പ്രത്യേക ഘട്ടത്തില്‍ എത്തപ്പെട്ട ആളായിരുന്നു ജോണ്‍ എബ്രഹാം. സംഗീതത്തിന്റെയും സാഹിത്യത്തിന്റെയുമൊക്കെ ആഴങ്ങളില്‍ വ്യാപരിക്കാന്‍ കിട്ടിയ അവസരമായിരുന്നു അത്. പാശ്ചാത്യസംഗീതത്തില്‍ അഗാധമായ പാണ്ഡിത്യമുള്ള ആളായിരുന്നു ജോണ്‍. സര്‍ഗ്ഗാത്മകമായി സമ്പന്നമായ ആ നാളുകള്‍ എന്റെ ജീവിതത്തില്‍ ഏറെ വിലപ്പെട്ടതാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഞാന്‍ ന്യൂജനറേഷന്‍ സിനിമയുടെ ഭാഗമാകുകയാണ് . സിനിമ നിങ്ങളെ പണക്കാരനാക്കുമെന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം.

ഒരിക്കല്‍ പെട്ടുപോയാല്‍.......

പട്ടിണിയും പ്രാരാബ്ദ്ധവുമൊക്കെ അനുഭവിച്ച കലാകാരന്‍മാരായിരുന്നു 1980 കളുടെ മുഖമുദ്ര. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലുള്ള കവികളുടെ കവിതകള്‍ മാറ്റൊലിക്കൊള്ളുന്ന കാലം. ഒപ്പിയം അഥവാ കറുപ്പിന്റെ  അതിപ്രസരമായിരുന്നു അന്നൊക്കെ. കോഴിക്കോട് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ലഹരിയില്‍ മയങ്ങി ജീവിച്ച ആ കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നു. ഹെറോയിനും ബ്രൗണ്‍ ഷുഗറും വ്യാപകമായതോടെ കറുപ്പ് പതുക്കെ പതുക്കെ പിന്‍വാങ്ങാന്‍ തുടങ്ങി.

'അത്യാവശ്യം നല്ല സാമ്പത്തികമുള്ള കുടുംബത്തിലായിരുന്നു ഞാന്‍ ജനിച്ചത്. 1984ല്‍ ഞാന്‍ ബാംഗ്‌ളൂരിലെ നിംഹാന്‍സില്‍ ലഹരിവിമുക്തി നേടാനുള്ള ചികിത്സയ്ക്കായി പോയി. അവിടെ ഏറ്റവും നല്ല ചികിത്സ തന്നെ എനിക്കു കിട്ടി. ഇതൊന്നുമില്ലാതെ തന്നെ സ്വയം നിയന്ത്രിച്ചുകൊണ്ട് പല ക്രിയേറ്റീവായ ജോലികളും ഞാന്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ പെട്ടുപോയാല്‍  വീണ്ടും ലഹരി ഉപയോഗിക്കണമെന്ന തോന്നല്‍ ശക്തമാകും. ഈ അവസ്ഥയിലേക്കെത്തിയതില്‍ ഞാന്‍ ഏറെ വേദനിക്കുന്നുണ്ട്. '

കലാകാരന്‍മാര്‍ ഒരിക്കലും ലഹരിക്ക് അടിമയല്ല

കലാലോകത്ത് ആരെങ്കിലും കുറച്ചുപേര്‍ ലഹരി ഉപയോഗിക്കുന്നതുകൊണ്ട് എല്ലാവരും അങ്ങനെയാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്യരുത്. കലാകാരന്‍മാര്‍ ഒരിക്കലും ലഹരിക്ക് അടിമയായി ബോധം നഷ്ടപ്പെട്ടവരെപ്പോലെ പെരുമാറുകയില്ല. അവരുടെ ഉള്ളില്‍ അക്രമ വാസന ഉണ്ടാകില്ല. സര്‍ഗ്ഗാത്മകത കൈമുതലായുള്ളവര്‍ ഒരിക്കലും വ്യക്തിത്വം നഷ്ടപ്പെട്ടവരെപ്പോലെ പെരുമാറുകയില്ല.

ലഹരിയല്ല സര്‍ഗ്ഗാത്മകത ഉണര്‍ത്തുന്നത്. തികച്ചും തെറ്റായ ധാരണയാണ് അത്. ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും ഉപേക്ഷിക്കണം.

പുതുതലമുറയിലെ ചെറുപ്പക്കാര്‍ ലഹരിയ്ക്ക് അടിമയാകാനുള്ള സാഹചര്യങ്ങളെക്കുറിച്ച് പൂര്‍ണബോധമുള്ളവരാണ്. ആരും സ്വബോധം നഷ്ടപ്പെട്ടവരല്ല. ഒരാളെ ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമയാക്കുന്നതില്‍ അയാളുടെ ഡി.എന്‍.എയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് എനിക്കു തോന്നുന്നത്. തികച്ചും മനശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടുകൂടിയാണ് ഒരാള്‍ ലഹരിക്ക് അടിമയാകുന്നത്. 

'അമ്മ അറിയാന്‍'

കുടുംബ ബന്ധങ്ങള്‍ താളം തെറ്റുമ്പോള്‍ ലഹരിക്ക് അടിമയാകുന്നവരാണ് അധികമാളുകളും. വളരെ ബുദ്ധിമാന്‍മാരായ കുട്ടികളാണ് ഇന്ന് ലഹരിക്ക് അടിമയാകുന്നതില്‍ ഏറെയും. വീട്ടില്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ വരുമ്പോഴാണ് അവന്‍ ലഹരി പദാര്‍ഥങ്ങള്‍ തേടിപ്പോകുന്നത്. കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ കുട്ടികള്‍ ഇങ്ങനെയൊരു അവസ്ഥയിലെത്തിച്ചേരില്ല.

സാംസ്‌കാരികമായ അനാഥത്വമാണ് ഇന്ന് എവിടെയും. അമ്മമാര്‍ കുഞ്ഞുങ്ങളെ സ്‌നേഹിക്കണം. നിങ്ങള്‍ക്കു മാത്രമേ നിങ്ങളുടെ കുടുംബം രക്ഷിക്കാന്‍ കഴിയു.

(പുന:പ്രസീദ്ധീകരണം)