അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം ആരോഗ്യ രംഗത്ത് മാരകമായ വിപത്തായി മാറിയിരിക്കുന്നു. ഇവ ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിക്കാനുള്ള തോന്നലുണ്ടാവുക സാധാരണമാണ്. ക്രമേണ ജീവിതം തന്നെ ലഹരിമരുന്നിനെ ആശ്രയിച്ചാകും. ലഹരിമരുന്ന് കിട്ടാന്‍ എന്തും ചെയ്യും എന്ന അവസ്ഥയിലേക്ക് ഇതിനോടുള്ള ആസക്തി കൊണ്ടു ചെന്നെത്തിക്കും.

ലഹരി മരുന്നുകള്‍: ലഹരി മരുന്നുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ചില പ്രധാന വിഭാഗങ്ങള്‍ ഇവയാണ്...

സ്റ്റിമുലെന്റ്‌സ്: കൊക്കെയ്ന്‍, ആംഫിറ്റമിന്‍, കഫീന്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു. സ്റ്റിമുലന്റ്‌സിന്റെ ഉപവിഭാഗമായ സിന്തറ്റിക് സ്റ്റിമുലന്റ്‌സില്‍ കീറ്റമിന്‍, മാന്‍ഡ്രക്‌സ്, സ്റ്റീറോയ്ഡ് ഗുളികകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

ആങ്‌സിയോളൈറ്റിക്‌സ്ഹിപ്‌നോട്ടിക്‌സ്: ഉറക്കഗുളികകളുടെ വിഭാഗമായ ഈ ഇനത്തില്‍ ഡയസിപാം, നൈട്രാസിപാം, ആല്‍പ്രസോളാം, ലോറാസിപാം, ക്ലോര്‍ഡയാസിപ്പോക്ലൈഡ് എന്നിവ ഉള്‍പ്പെടുന്നു.

ഡിപ്രസന്റ്‌സ്: കറുപ്പും അതില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓപിയോഡ്‌സും ഈ വിഭാഗത്തില്‍പ്പെടുന്നു. ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, മോര്‍ഫിന്‍, പെത്തഡിന്‍, ബ്യൂപ്രിനോര്‍ഫിന്‍, മെപ്പരിഡിന്‍, പെന്റസോസിന്‍, ഡെസ്‌ട്രോപ്രപ്പോക്‌സിഫീന്‍ എന്നിവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. ഇതില്‍ ഒട്ടുമിക്കവയും പല ശാരീരിക രോഗങ്ങളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നവയാണ്. എന്നാല്‍ ഇവയെ ഒട്ടേറെപ്പേര്‍ ദുരുപയോഗപ്പെടുത്തുന്നു.

കന്നാബിസ്: കഞ്ചാവിന്റെ വിവിധ രൂപങ്ങളായ ചരസ്സ്, ഭാംഗ്, മരിജുവാന, ഹാഷിഷ് മുതലായവയാണ് ഈ വകുപ്പില്‍പ്പെടുന്നത്.

ഹാലുസിനോജന്‍സ്: അതിമാരകമാണ് ഈ വിഭാഗം. എല്‍.എസ്.ഡി, സിലോസൈബിന്‍, മെസ്‌കാലിന്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.

ഇന്‍ഹലന്റ്‌സ്: പെയിന്റ്, തിന്നര്‍, പെട്രോള്‍, ഡീസല്‍, നെയില്‍പോളീഷ്, ഗ്യാസ്, പശ, എയ്‌റോസോള്‍ മുതലായവ തുടര്‍ച്ചയായി ശ്വസിച്ച് ലഹരിക്കടിമപ്പെടുന്നവരാണ് ഈ വിഭാഗത്തില്‍ വരുന്നത്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായും ഇത്തരം ലഹരിക്ക് അടിമപ്പെടുന്നത്.

പുകയില വിഭാഗം: മുറുക്ക്, സിഗരറ്റ്, ബീഡി എന്നിവയും ലഹരിയുണ്ടാക്കുന്ന വസ്തുക്കളില്‍പ്പെടുന്നു. ചെറുപ്പക്കാരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഹാന്‍സ്, മധു എന്ന പേരിലെല്ലാം അറിയപ്പെടുന്ന പുകയിലപ്പൊടിയുടെ ഉപയോഗം ലഹരിശീലത്തിനും പുറമെ വായില്‍ അര്‍ബുദം വരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.

ലഹരി മരുന്നിലെ മായങ്ങള്‍: ഗ്ലാസ്‌പൊടി, കൊതുകുതിരി കത്തിച്ചതിന്റെ ചാരം, ബാറ്ററി, ഉറക്കഗുളികകള്‍ പൊടിച്ചത്, പലതരം വിഷപദാര്‍ഥങ്ങള്‍, പാത്രം കഴുകാനും നിലം കഴുകാനുമുള്ള രാസവസ്തുക്കള്‍ എന്നിവയാണ് ലഹരിമരുന്നില്‍ കലര്‍ത്തുന്നത്. ഇതു കുത്തിവെക്കുമ്പോഴും കഴിക്കുമ്പോഴും മാരകമായ രാസവസ്തുക്കള്‍ രക്തത്തില്‍ കലര്‍ന്ന് മരണം വരെ സംഭവിക്കുന്നു.

മാനസിക -ശാരീരിക പ്രശ്‌നങ്ങള്‍: മാനസികരോഗം മുതല്‍ മരണംവരെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ നരകവാതിലുകളാണ് ലഹരി മരുന്നുകളുടെ ഉപയോഗം തുറന്നിടുന്നത്. തലച്ചോറിലെ നാഡികളെ തളര്‍ത്തുകയോ ഉത്തേജിപ്പിക്കുകയോ ആണ് ലഹരിമരുന്നുകള്‍ ചെയ്യുന്നത്. ഇവ മനസ്സിന്റെ താളംതെറ്റിച്ച് മാനസികവൈകല്യത്തിലേക്ക് നയിക്കും. മനോവിഭ്രാന്തി, വിഷാദരോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയവ ഇതിന്റെ പ്രത്യാഘാതങ്ങളാണ്. ലൈംഗിക ബലഹീനത, ഉറക്കക്കുറവ്, അപസ്മാരം, ഉത്കണ്ഠ എന്നിവയും ലഹരിമരുന്ന് ശീലക്കാരില്‍ കാണുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളാണ്.

സാമൂഹിക പ്രശ്‌നങ്ങള്‍: ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു. ലഹരി മരുന്ന് കിട്ടാതാകുമ്പോള്‍ കാണിക്കുന്ന വിഭ്രാന്തി കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നു. ഈ സമയത്ത് പോക്കറ്റടിയും പിടിച്ചുപറിയുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാനും ഇവര്‍ തയ്യാറാവും.

മാതാപിതാക്കള്‍ ശ്രദ്ധിക്കുക: കുട്ടികളുടെ വ്യക്തിത്വത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ ഉണ്ടായാല്‍ കാരണം ലഹരിമരുന്നാകാം. പഠനത്തില്‍ പിന്നോട്ടാകുന്ന കുട്ടിയുടെ സ്വഭാവം തന്നെ മാറിയാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കളോട് അകല്‍ച്ച, മുറിക്കുള്ളില്‍ അടച്ചുപൂട്ടിയിരിക്കുക, വീട്ടില്‍ നിന്ന് പണം എടുത്തുകൊണ്ടുപോകുക, ഭക്ഷണത്തില്‍ ശ്രദ്ധിക്കാതിരിക്കുക, ശുചിത്വം കുറയുക, കുളിമുറിയില്‍ ധാരാളം സമയം ചെലവഴിക്കുക, അലസത എന്നിവ ലഹരിമരുന്ന് ഉപയോഗിക്കുന്ന കുട്ടികളില്‍ കാണാറുണ്ട്.

സുഹൃത്തുക്കളുടെ കാര്യം കുട്ടികള്‍ രഹസ്യമാക്കിവെക്കുക, സുഹൃത്തുക്കളുടെ രഹസ്യമായ വരവും പോക്കും- ഇവ പ്രത്യേകം ശ്രദ്ധിക്കണം. ലഹരിമരുന്ന് കുത്തിവെക്കുന്നവരുടെ കൈകളില്‍ പാടുകള്‍ ഉണ്ടാകും. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ സ്വന്തം മുറിയിലേക്ക് മാതാപിതാക്കള്‍ കടന്നുവരുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്. അവശിഷ്ടങ്ങള്‍ കണ്ടാലോ എന്ന ഭയം കൊണ്ടുകൂടിയാണിത്.

മുന്‍കരുതല്‍ പ്രധാനം: കൗമാരപ്രായക്കാര്‍ക്കും യുവാക്കള്‍ക്കും ലഹരി മരുന്നിനെ കുറിച്ച് സമഗ്രമായ ബോധവത്കരണം നടത്തേണ്ടിയിരിക്കുന്നു. ലഹരിമരുന്നിന് അടിമപ്പെട്ടുപോയവരെ കുറ്റപ്പെടുത്താതെ വിദഗ്ധമായ ചികിത്സയ്ക്കും പരിചരണത്തിനും വിധേയരാക്കുക.

ഡീ -അഡിക്ഷന്‍: ഉപയോഗിക്കുന്ന ലഹരി മരുന്നിന് അനുസൃതമായാണ് ഡീ-അഡിക്ഷന്‍ സെന്ററുകളിലെ ചികിത്സയും മരുന്നുകളും. ലഹരിമരുന്ന് ഉപയോഗിച്ചതു മുതലുള്ള ശാരീരിക- മാനസിക വൈകല്യങ്ങളുടെ തീക്ഷ്ണതയ്ക്കനുസരിച്ചാണ് ചികിത്സാ ദൈര്‍ഘ്യവും ചികിത്സാരീതിയും നിശ്ചയിക്കുന്നത്.

ഉപയോഗിച്ചിരുന്ന മരുന്നുകളുടെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുന്ന മരുന്നു നല്‍കുകയാണ് ആദ്യപടി. ഇതോടൊപ്പം തലച്ചോറിനും കരളിനും മറ്റ് അവയവങ്ങള്‍ക്കും ഉണ്ടായിട്ടുള്ള ക്ഷതം കുറയ്ക്കാനുള്ള മരുന്നുകള്‍കൂടി നല്‍കുന്നു. കൂടാതെ കൗണ്‍സലിങ്, ഗ്രൂപ്പ് തെറാപ്പി, റീഹാബിലിറ്റേഷന്‍ എന്നിവയും രോഗിയെ രക്ഷപ്പെടാന്‍ സഹായിക്കുന്നു.