ഒരു തലമുറയുടെ ഭാവിയെ തന്നെ ഇല്ലാതാക്കുന്നവിധം കഞ്ചാവടക്കമുള്ള ലഹരി വസ്തുകളുടെ ഉപഭോഗം കേരളത്തില്‍  വ്യാപിക്കുകയാണ്. കഞ്ചാവിനും മയക്കുമരുന്നിനും പണം കണ്ടെത്താനായി കുട്ടികള്‍ മോഷ്ടാക്കളാകുന്ന അവസ്ഥ.....   ലഹരിക്ക് അടിമകളായി ജീവിതം നശിക്കുന്ന  വിദ്യാര്‍ത്ഥികളുടെ കഥകള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടും കൂടുതല്‍ കുട്ടികള്‍ ലഹരിയുടെ നീരാളിപിടിയിലേക്ക് പോകുന്നത് തടയാന്‍ നമുക്ക് സാധിക്കുന്നില്ല. ഇതിന് ഒരു കാരണം ഒരു കുട്ടിയെ ലഹരിയ്ക്ക് അടിമയാക്കുന്ന സാഹചര്യങ്ങളെന്തെന്ന് നാം കൃത്യമായി മനസ്സിലാക്കാത്തതു  കൂടിയാണ്. 

ലഹരിയിലേക്കുള്ള വഴി....

പഠനത്തിലും വ്യക്തിജീവിതത്തിലുമുണ്ടാകുന്ന  സമ്മര്‍ദ്ദങ്ങളും കൗമാരസഹജമായ പരീക്ഷണത്വരയുമാണ് കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കാറുള്ളത്. നാടുവിട്ട് ഹോസ്റ്റലുകളില്‍ നില്‍ക്കുന്ന കുട്ടികളില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാനുള്ള കൗതുകവും പരീക്ഷണത്വരയും ഉണ്ടാകാറുണ്ട്.

ഹോസ്റ്റല്‍ ജീവിതം വീട്ടുകാരുടെ നിരന്തര നിരീക്ഷണത്തിന് പുറത്താണെന്നതും  ഇത്തരം പരീക്ഷണങ്ങള്‍ നടത്തുവാന്‍ കുട്ടികള്‍ക്ക് ധൈര്യം നല്‍കും. രണ്ടോ മൂന്നോ തവണ ഇങ്ങനെ എന്തെങ്കിലും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ അത് തുടരുവാന്‍ തോന്നുകയും ഒടുവില്‍ അതിന് അടിമയാകുകയും ചെയ്യും.

ശാസ്ത്ര വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും അവലോകനം ചെയ്യുവാനും കഴിവില്ലാത്ത കുട്ടികള്‍  മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എന്‍ഞ്ചിനീയറിംഗും എം ബി ബി എസും പോലുള്ള കോഴ്സുകള്‍ക്ക് പോവുന്ന പതിവ് ഇന്ന് കേരളത്തിലുണ്ട്.  

സ്വദേശത്ത് ഇല്ലെങ്കില്‍ വലിയ തുക നല്‍കി അന്യസംസ്ഥാന കോളേജുകളിലെങ്കിലും രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുട്ടികള്‍ക്കായി സീറ്റ് തരപ്പെടുത്തും. പഠിക്കുന്ന വിഷയത്തില്‍ അടിസ്ഥാനപരമായ ധാരണ പോലുമില്ലാത്ത ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് കഠിനമായി പരിശ്രമിച്ചാല്‍ പോലും പഠനത്തില്‍ മുന്‍പിലെത്താന്‍ സാധിക്കില്ല.

സ്വാഭാവികമായും ഇത് വിദ്യാര്‍ത്ഥികളില്‍ അമിത സമ്മര്‍ദ്ദവും ഭാവിയെ സംബന്ധിച്ച്  ഉത്കണ്ഠകളും സൃഷ്ടിക്കും. ഇതില്‍ നിന്നുള്ള മോചനമെന്ന നിലയിലാണ് പലരും ലഹരിയില്‍ അഭയം പ്രാപിക്കുക. ആദ്യമായി ലഹരി ഉപയോഗിക്കുമ്പോള്‍ ശരീരത്തിനും മനസിനുമുണ്ടാക്കുന്ന ഭാരക്കുറവും ആലസ്യവും തുടര്‍ന്നും  ലഹരിയുടെ വഴികള്‍ തേടിവരാന്‍ പ്രേരിപ്പിക്കും. 

താളം തെറ്റിയ കുടുംബസാഹചര്യങ്ങളാണ് കുട്ടികളെ ലഹരിയിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങളോ മറ്റു കാരണങ്ങളോ മൂലം കുടുംബത്തില്‍ കുട്ടികള്‍ ഒറ്റപ്പെടാറുണ്ട്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ പരിഗണിക്കാനോ ശ്രമിക്കാതെ പരസ്പരം പോരടിക്കാന്‍ മാത്രമായി മാതാപിതാക്കള്‍ സമയം ചിലവഴിക്കുന്നതോടെ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെടും.

അച്ഛനും അമ്മയും ജോലിക്കാരായ കുടുംബത്തിലും സമാനമായ സാഹചര്യം രൂപപ്പെടാം. ജോലിത്തിരക്ക് കാരണം കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചറിയാനോ അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനോ മാതാപിതാക്കള്‍ക്ക് സാധിക്കാതെ വരും. ഇങ്ങനെ സ്വന്തം ലോകത്തില്‍ ഒറ്റപ്പെട്ടു പോയ കുട്ടികളും ലഹരിയുടെ വഴി തേടാന്‍ സാധ്യത കൂടുതലാണ്. 

കുടുംബത്തിനകത്ത് മദ്യം അല്ലെങ്കില്‍ മറ്റു ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന ബന്ധുക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ അതും കുട്ടികളെ ലഹരിയിലേക്ക് നയിക്കാം.

തങ്ങള്‍ ആദരിക്കുന്ന ഈ ആളുകള്‍ ലഹരി വസ്തുകള്‍ ഉപയോഗിക്കുമ്പോള്‍ ഇതു സമൂഹത്തില്‍ അംഗീകാരമുള്ളതാണെന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാക്കം.  നവതലമുറ സിനിമകള്‍ സൃഷ്ടിക്കുന്ന തെറ്റായ പ്രതിച്ഛായ മൂലവും കഞ്ചാവടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങളില്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടാറുണ്ട്.

കഞ്ചാവ് ഉപയോഗിച്ചാല്‍ സര്‍ഗ്ഗശേഷി കൂടുമെന്നും ബുദ്ധി വികാസം പ്രാപിക്കുമെന്നും  ആഹ്ളാദകമായ അവസ്ഥയുണ്ടാക്കുമെന്നും മറ്റുമുള്ള തെറ്റായ ധാരണ പൊതുവേ പ്രചാരത്തിലുണ്ട്.

നാഡികളേയും ഞരമ്പുകളേയും ലഹരി മരുന്നുകള്‍ തളര്‍ത്തുന്നതോടെയുണ്ടാവുന്ന ഉന്മാദാവസ്ഥയെയാണ് ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നത്. എന്നാല്‍ ഇതെല്ലാം സത്യമെന്ന് ധരിച്ച് ഒരു വട്ടമെങ്കിലും കഞ്ചാവ് പരീക്ഷിക്കാനൊരുമ്പെടുന്നവര്‍ ചുരുക്കമല്ല. 

ലഹരിയുടെ ലോകം.....

ഒരാളുടെ ശാരീരികവും മാനസികവുമായ സ്വഭാവസവിശേഷതകള്‍ അനുസരിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ അവരില്‍ വ്യത്യസ്തമായി പെരുമാറും. ചിലര്‍ കഞ്ചാവ് ഉപയോഗിച്ചാല്‍ നിര്‍ത്താതെ ചിരിക്കുകയും സംസാരിക്കുകയും ചെയ്യും, ചിലര്‍ കരയും. ചിലര്‍ക്ക് ലഹരി ഉപയോഗിച്ചാല്‍ എടുത്തെറിയുന്നതായോ ആകാശത്തിലേക്കുയര്‍ന്ന് താഴോട്ട് വരുന്നത് പോലെയോ അനുഭവപ്പെടും. അകാരമണായ ഉല്ലാസവും സന്തോഷവും തോന്നും. ചിലരില്‍ ഒരു തരം മിഥ്യാഭ്രമം രൂപപ്പെടും.

 പ്രകാശകിരണങ്ങളുടെ പ്രളയവും വര്‍ണശബളിമയാര്‍ന്ന ചിത്രങ്ങളും കണ്ണില്‍ തെളിയും.  ചിലര്‍ക്ക് സ്വന്തം സംസാരം മറ്റുള്ളവര്‍ നന്നായി ആസ്വദിക്കുന്നതായി തോന്നാം എന്നാല്‍ കേള്‍ക്കുന്നവര്‍ക്ക് അങ്ങനെ ആയിരിക്കില്ല, ചിന്താശക്തി വര്‍ധിച്ചതായി തോന്നാമെങ്കിലും അതിന് യഥാര്‍ത്ഥ്യവുമായി  ബന്ധമുണ്ടാവില്ല. ചില അവ്യക്തരൂപങ്ങളും ചിത്രങ്ങളുമായിരിക്കും വേറെ ചിലര്‍ കാണുക. 

ഇങ്ങനെ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ലോകത്തായിരിക്കും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച ഒരാളുണ്ടാവുക. ഈ ലഹരി വിട്ടു കഴിഞ്ഞാലും ഈ അവസ്ഥയുടെ ഓര്‍മ്മകള്‍ അവരില്‍ അവശേഷിക്കും. മുന്‍പേ പറഞ്ഞ പോലെ വ്യക്തി ജീവിതത്തില്‍ എന്തെങ്കിലും സമ്മര്‍ദ്ദമോ പ്രശ്നങ്ങളോ അനുഭവിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നെല്ലാം ഒളിച്ചോടുന്നതിനായി അവര്‍ വീണ്ടും കഞ്ചാവിലേക്ക് തന്നെ തിരിച്ചെത്തും. 

കോഴിക്കോട്ടെ ഇന്‍ഹാന്‍സ് (ഇന്‍സിറ്റിറ്റൂട്ട് ഓഫ് മെന്‍ല്‍ സയന്‍സന്‍ ആന്‍ഡ് ന്യൂറോ സയന്‍സ്-കുതിരവട്ടം) സംസ്ഥാനത്തെ 2000-ത്തോളം കുട്ടികളെ വച്ചു നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് തെറ്റായ കൂട്ടുകെട്ടുകളാണ് ഭൂരിപക്ഷം പേരെയും മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നയിക്കുന്നതെന്നാണ്.  5 ശതമാനം പേര്‍ പിതാവടക്കമുള്ള അടുത്ത ബന്ധുക്കള്‍ കാരണം ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ വേറൊരു വിഭാഗം  സിനിമയും ടിവിയും കാരണമാണ് ലഹരി ഉപഭോഗത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.  

ലഹരിയുടെ കഥകള്‍....

നമ്മുടെ നാട്ടിലെ സാധാരണക്കാരായ ചെറുപ്പക്കാരും കുട്ടികളും കൂടുതലായി ഉപയോഗിക്കുന്നത് കഞ്ചാവാണ്. കാനബിസ് ഇന്‍ഡിഗ എന്ന ചെടിയുടെ കായും പൂവും ഉള്‍പ്പെട്ട ഭാഗം ഉണക്കിയെടുത്ത് സിഗരറ്റിലോ ബീഡിയിലോ വച്ചു പുകച്ചു ഉപോയഗിക്കുന്നതാണ് ഈ രീതി. ചെടി വാറ്റിയെടുത്ത് ഉപയോഗിക്കുന്ന ഹാഷിഷ് ഓയില്‍ , പൂമ്പൊടിയും കറയും വച്ചുണ്ടാക്കുന്ന ഭാങ്ക് എന്നിവയും ലഹരിക്കായി ഉപയോഗിക്കാറുണ്ടെങ്കിലും ഇതെല്ലാം  ഉത്തരേന്ത്യയിലാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. സ്വര്‍ണത്തിന്റെ നാലിരട്ടി വിലയുള്ള എല്‍എസ്ഡി സ്റ്റാമ്പുകള്‍ അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങളും കൊച്ചി അടക്കമുള്ള സ്ഥലങ്ങളില്‍ പ്രചാരത്തിലുണ്ട്. എന്നാല്‍ ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ക്ക് മാത്രമേ ഇത് വാങ്ങാന്‍ സാധിക്കൂ. 

കറുപ്പില്‍ നിന്നാണ് ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍ എന്നിവ ഉണ്ടാക്കുന്നത്. ചൂടാക്കിയ ശേഷം ആവി വലിച്ചെടുത്താണ് ഇവ ഉപയോഗിക്കുക. നാരങ്ങ നീരില്‍ ചേര്‍ത്ത് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്ന രീതിയും ഇവിടെ പ്രചാരത്തിലുണ്ട്. ഒരേ സിറിഞ്ച് ഉപയോഗിച്ച് പലര്‍ ചേര്‍ന്ന് രഹസ്യമായാണ് ഇത് കുത്തിവയ്ക്കാറ്. ഇതിലൂടെ എച്ച്ഐവി അടക്കമുള്ള രോഗങ്ങള്‍ പരക്കുന്നതും  പതിവാണ്. എല്ലാ കച്ചവടത്തിലുമുള്ളതു പോലെ മായം ചേര്‍ക്കല്‍ പരിപാടി ലഹരി കച്ചവടത്തിലുമുണ്ട്. എലിവിഷത്തില്‍ ചേര്‍ക്കുന്നതടക്കമുള്ള രാസവസ്തുകള്‍ ഇങ്ങനെ മായംകാണിക്കുന്നതിനായി ഉപയോഗിക്കുന്നു.  മായം കലര്‍ത്തിയ ബ്രൗണ്‍ ഷുഗോറോ ഹൈറോയിനെ കുത്തിവച്ചാല്‍ അത് മരണത്തിലേക്ക് നയിക്കും.

ഇതെല്ലാം പരമ്പരാഗത ലഹരി മരുന്നുകളാണെങ്കില്‍ ഇപ്പോള്‍ കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും പ്രചരിക്കുന്നത്. വൈറ്റ്നര്‍, ഗം, പെട്രോള്‍ എന്നിവ ഉപയോഗിച്ച്  ലഹരി കണ്ടെത്തുന്ന രീതിയാണ്. മയക്കത്തിനും ഉറക്കത്തിനുമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഗുളികകള്‍ ലഹരിക്കായി ഉപയോഗിക്കുന്നതും ഇപ്പോള്‍ പതിവാണ്. ഡോക്ടര്‍മാരുടെ കുറിപ്പിലാതെ മരുന്ന് വില്‍ക്കരുതെന്ന് കര്‍ശനനിര്‍ദേശം നിലവിലുണ്ടെങ്കിലും, പുതിയ തരം മരുന്നുകളില്‍ നിന്ന് ലഹരി കണ്ടെത്തുകയാണ് കുട്ടികള്‍ ഇപ്പോള്‍ പലപ്പോഴും ഏതെങ്കിലും കുട്ടി പിടിക്കപ്പെടുന്ന ഘട്ടത്തില്‍ മാത്രമാണ് ചില മരുന്നുകള്‍ ഈ വിധം ദുരുപയോഗം ചെയ്യപ്പെടുന്നകാര്യം എക്സൈസ് ഉദ്യോഗസ്ഥര്‍ പോലും മനസിലാക്കുന്നത്. 

ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുണ്ടാക്കേണ്ടത് സ്‌കൂളുകളില്‍ നിന്നു തന്നെയാണ്. കൗണ്‍സിലര്‍മാരുള്ള സ്‌കൂളുകള്‍, ജാഗ്രതാ സമിതികള്‍ ലഹരിവിരുദ്ധ ക്ലബുകള്‍ എന്നിവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടേണ്ടതായിട്ടുണ്ട്. പലപ്പോഴും സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ പിടിക്കപ്പെട്ടാലും അത് മൂടിപ്പെയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. സ്‌കൂളിന്റെ പേരിനെ ബാധിക്കും എന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ലഹരിയുടെ വേരുകള്‍ പൂര്‍ണമായും പറിച്ചെടുത്തില്ലെങ്കില്‍ കൂടുതല്‍ കുട്ടികള്‍ ലഹരിക്ക് അടിമായാക്കാന്‍ അത് വഴിവയ്ക്കും. 

കുട്ടികളെ ലഹരി ഉപഭോഗത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് പോലെ തന്നെ പ്രധാനമാണ് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ അതില്‍ നിന്ന് മോചിപ്പിക്കുന്നതും. കുട്ടികള്‍ മദ്യപിക്കുകയോ മയക്കുമരുന്ന്  ഉപയോഗിക്കുകയോ ചെയ്തത് കണ്ടില്ല എന്ന് നടിക്കരുത്. അവരോട് കൂടുതല്‍ അടുപ്പത്തോടെ പെരുമാറുക കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചിലവാക്കുക. മക്കള്‍ ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞാല്‍ രക്ഷകര്‍ത്താക്കള്‍ തമ്മില്‍ ഇക്കാര്യം പരസ്പരം പങ്കുവയ്ക്കണം. ലഹരി ഉപയോഗിച്ച കാര്യം മറിച്ചു വയ്ക്കുകയോ അത് ഉപയോഗിച്ചയാളെ രക്ഷിക്കാനോ ശ്രമിക്കരുത്. 

ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ മക്കളെ ഭീഷണിപ്പെടുത്തിയത് കൊണ്ടോ ശിക്ഷിച്ചതു കൊണ്ടോ കാര്യമില്ല. ലഹരിക്ക് അടിമയായവരുടെ അവസ്ഥ ഡീഅഡിക്ഷനില്‍ കൊണ്ടു പോയി കാണിക്കാനോ അവിടെയുള്ളവരുമായി സംസാരിക്കാനോ മക്കള്‍ക്ക് അവസരമൊരുക്കുക. ഒരിക്കലും ലഹരി ഉപയോഗിച്ച അവസ്ഥയില്‍ അവരെ ഉപദേശിക്കാനോ ഭീഷണിപ്പെടുത്താനോ പോവരുത് സുബോധവസഥയില്‍ മാത്രം സംസാരിക്കുക.അവരോട് സഹകരിക്കുക സ്നേഹവും കാരുണ്യവും കാണിക്കുക ഒപ്പം ഇത്തരം ലഹരി ഉപയോഗിക്കുന്ന ആരെങ്കിലും കുടുംബത്തിലുണ്ടെങ്കില്‍ അവരേയും ലഹരി ഉപഭോഗത്തില്‍ നിന്ന് മുക്തരാക്കാന്‍ ശ്രമിക്കുക. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു കൗമാരക്കാരായ മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. മക്കള്‍ ആര്‍ക്കൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുക അവരുടെ മാതാപിതാക്കളെ കണ്ടെത്തി കാര്യങ്ങള്‍ അറിയിക്കുക. എന്ത് പ്രശ്നമാണോ മക്കളെ ലഹരിയിലേക്ക് നയിച്ചതെന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാന്‍ ശ്രമിക്കുക. ലഹരിയുടെ നീരാളി പിടുത്തതില്‍ നിന്ന് പൂര്‍ണ വിടുതല്‍ നേടും വരെയും ഒരു സുഹൃത്തിനെ പോലെ അവര്‍ക്കൊപ്പം നില്‍ക്കുക.  

(എക്സൈസ് വകുപ്പില്‍ പ്രിവന്റീവ് ഓഫീസറായ ലേഖകന്‍ അധ്യാപകര്‍ക്കായി വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന അതിജീവനം പദ്ധതിയുടേയും, എക്സൈസ് നടപ്പാക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടേയും മാസ്റ്റര്‍ ട്രെയിനറാണ്.)