സുല്‍ത്താന്‍ ബത്തരി: കര്‍ണാടകയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന, ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പാന്‍മസാലയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപെട്ടു. 

മൂന്ന് ചാക്കുകളിലായി കടത്തിക്കൊണ്ടുവന്ന 6000 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നരിക്കുനി കുഞ്ഞിമൊയ്തീന്‍പീടിക ഹാഷി(26)മിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന ബത്തേരി സ്വദേശി ഫാരീസ് ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്താണ് സംഭവം.

മൈസൂരുവില്‍നിന്ന് ബസില്‍ കടത്തിക്കൊണ്ടുവന്ന ഹാന്‍സ് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇതുവഴിയെത്തിയത്. സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേരെ കണ്ടതിനെത്തുടര്‍ന്ന് പോലീസ് വാഹനം നിര്‍ത്തിയതോടെ ഫാരീസ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്. ബത്തേരി കേന്ദ്രീകരിച്ച് വില്‍പ്പനക്കെത്തിച്ചതാണ് പിടികൂടിയ ഹാന്‍സെന്നും വിപണിയില്‍ ഇതിന് മൂന്നുലക്ഷത്തോളം രൂപ വിലമതിക്കുന്നതാണെന്നും പോലീസ് പറഞ്ഞു. ബത്തേരി എസ്.ഐ. എന്‍. അജീഷ്‌കുമാര്‍, അഡീഷണല്‍ എസ്.ഐ. ഹനീഫ, സി.പി.ഒ. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Content highlights: Ganja, Pan parag, Hans, Crime, Health,Police