രിക്കല്‍ തറവാട്ടിലെ ദേവീ ക്ഷേത്രനടയില്‍ കമിഴ്ന്നു കിടന്ന് ഉണ്ണിക്കൃഷ്ണന്‍ സത്യം ചെയ്തത് ഇതായിരുന്നു, 'ഇല്ല. ഇനി ഞാന്‍ മദ്യപിക്കില്ല'. പിന്നീടൊരിക്കല്‍ അമ്മയുടെ തലയില്‍ കൈവച്ച് സത്യം ചെയ്തതും ഇതു തന്നെയായിരുന്നു. പക്ഷേ ഈ സത്യങ്ങള്‍ക്കെല്ലാം വെറും രണ്ടോ മൂന്നോ ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ണിക്കൃഷ്ണന്റെ ജീവിതത്തിലുണ്ടായിരുന്നുള്ളു.

മദ്യപാനം നിര്‍ത്തിയിട്ട് ഭാര്യയ്ക്ക് തന്റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും അങ്ങനെ വല്ല ആഗ്രഹവും അവള്‍ക്കുണ്ടെങ്കില്‍ സ്വന്തം വീട്ടിലേക്ക് പോകാമെന്നും പറഞ്ഞ ഒരു മനുഷ്യനും അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കാന്‍ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയ്ക്ക് കഴിയുന്നുവെന്നതു തന്നെയാണ് ഇവരുടെ ജീവിത വിജയം. ജീവിതമാണ് ഇന്നിവര്‍ക്ക് ലഹരി.  

മദ്യലഹരിയില്‍ ഒരു യാത്ര; ഇത് അനുഭവ സാക്ഷ്യം

ഒരിക്കല്‍ മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കിയപ്പോള്‍ തടയാന്‍ വന്ന ഭാര്യയെ മദ്യലഹരിയില്‍ ഞാന്‍ അടിച്ചു. അടിയേറ്റ് ഭാര്യ ബോധമില്ലാതെ നിലത്തുവീണു. വീട്ടിലെല്ലാവരും ഭാര്യയെ ശുശ്രൂഷിക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ എനിക്ക് അങ്ങനെയൊരു ചിന്ത തലയില്‍ ഇല്ലായിരുന്നു. സമയം രാത്രി ഏതാണ്ട് 10.30 ആയിക്കാണും. സമീപ പ്രദേശത്തുള്ള ബാറുകളെല്ലാം അടച്ചിരുന്നു. 

അസമയത്ത് ബാറിന്റെ ഗേറ്റില്‍ ചെന്ന് നിന്ന് സെക്യൂരിറ്റിയോട് കയര്‍ത്തു. ഗേറ്റ് അടിച്ചുപൊളിച്ചു. ഒടുവില്‍ ഒരു കുപ്പി മദ്യം സംഘടിപ്പിച്ചു. അത് കഴിക്കാന്‍ എവിടെ പോകും? അങ്ങനെ മഞ്ചേരി ടൗണിലേക്ക് പോയി രണ്ട് പെഗ് കഴിച്ചു. കുറേ സമയം കഴിഞ്ഞപ്പോള്‍ അവിടെ കുറെ സ്ത്രീകളും കുട്ടികളും നില്‍ക്കുന്നതു കണ്ടു. അവര്‍ തിരുവനന്തപുരത്തേക്കുള്ള ബസ് കാത്തു നില്‍ക്കുകയാണെന്ന് മനസിലായി.

അങ്ങനെ തിരുവനന്തപുരത്തേക്കുള്ള ബസില്‍ ഞാന്‍ കയറി. ബസിന്റെ ബോണറ്റില്‍ ഇരുന്ന് ഉറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ വന്ന് ബസിന്റെ പുറകില്‍ സീറ്റുണ്ടെന്നും പോയിരിക്കാനും പറഞ്ഞു. രാവിലെ 6.00 മണി ആയപ്പോളാണ് ഞാന്‍ കണ്ണു തുറക്കുന്നത്. അപ്പോഴേക്കും തിരുവനന്തപുരത്തെത്തിയിരുന്നു. ആ ബസ് പാര്‍ക്ക് ചെയ്തത് ഒരു ബാറിന്റെ സൈഡിലായിരുന്നു. 

പുലര്‍ച്ചെ ആറു മണിക്ക് ഞാന്‍ ബാറിലേക്ക് കയറിച്ചെന്നു. ബാറില്‍ എന്റെ തൊട്ടു മുന്നിലുള്ള സീറ്റിലിരുന്ന് ഒരു ചെറുപ്പക്കാരന്‍ മദ്യപിക്കുന്നുണ്ടായിരുന്നു. എന്താണ് ഇങ്ങനെ അതിരാവിലെ ബാറില്‍ വന്നിരിക്കാന്‍ ആ ചെറുപ്പക്കാരനെ പ്രേരിപ്പിച്ചതെന്ന് അറിയണമെന്നുണ്ടായിരുന്നു. ഞാന്‍ അവനുമായി പരിചയപ്പെട്ടു. എന്റെ സങ്കടങ്ങള്‍ പങ്കുവെച്ചു. ഒരു ജോലി വാങ്ങിത്തരാമോ എന്ന് അവനോട് ഞാന്‍ ചോദിച്ചു.

ജോലി കിട്ടാനൊന്നും ഒരു ബുദ്ധിമുട്ടുമില്ലെന്നും പറഞ്ഞ് അവന്‍ സമീപത്തുള്ള ഒരു ഹോട്ടലിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. ചായയും ദോശയും വാങ്ങിത്തന്നു. എറണാകുളത്തേക്ക് പോകാനായി ടിക്കറ്റും അവന്‍ തന്നെ എടുത്തുതന്നു. 

ആ ചെറുപ്പക്കാരന്‍ ഏതോ ഒരു സ്ത്രീയുമായി പരിചയപ്പെട്ടു. ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് എറണാകുളത്തേക്ക് യാത്ര ചെയ്തു. എനിക്കെന്തോ ആ സ്ത്രീയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല.വണ്ടി എറണാകുളത്തെത്തിയപ്പോള്‍ ആ ചെറുപ്പക്കാരന്‍ എന്നോട് റെയില്‍വെ സ്‌റ്റേഷനില്‍ ഇരിക്കാന്‍ പറഞ്ഞു. അവന്‍ ആ സ്ത്രിയെ തൃശൂരില്‍ കൊണ്ടുവിട്ടിട്ട് തിരിച്ചുവരാമെന്ന് പറഞ്ഞു. ആര്‍ക്കോ എന്റെ നമ്പര്‍ കൊടുത്തിട്ടുണ്ടെന്നും അയാള്‍ വിളിക്കുമെന്നും പറഞ്ഞു. അയാള്‍ വന്നാല്‍ കൂടെ പോകരുതെന്നും പറഞ്ഞു.

എനിക്ക് റെയില്‍വെ സ്റ്റേഷനില്‍ ഇരുന്നപ്പോള്‍ വീട്ടിലെ ചിന്തകളായി. മക്കളെ കാണണമെന്ന് തോന്നി. ഉടനെ തന്നെ തിരൂരിലേക്കുള്ള വണ്ടി കയറി. തിരൂരില്‍ എത്തിയിട്ടും അടുത്തുള്ള ബാര്‍ അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍. അങ്ങനെ ബാറില്‍ കയറിയിരുന്ന് മദ്യപിച്ചു. 

എല്ലാം കഴിഞ്ഞ് തിരൂരില്‍ നിന്ന് മഞ്ചേരിയിലേക്ക് ബസ് കയറി. ഭാര്യ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ഫോണ്‍ കട്ട് ചെയ്യും. അവള്‍ വീണ്ടും വിളിക്കും. ഞാന്‍ പിന്നെയും കട്ട് ചെയ്യും. അങ്ങനെ രാത്രി 10.00 മണിക്ക് വീട്ടിലെത്തി. ഭാര്യ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുകയായിരുന്നു. 

എല്ലാം പൊറുത്തും സഹിച്ചും ഭാര്യ തന്റെയൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുമ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ ഊഷ്മളമായ കുടുംബ ബന്ധങ്ങളുടെ വില തിരിച്ചറിയുകയാണ്.

ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല

'ഞാന്‍ എങ്ങനെയാണ് ആദ്യമായി മദ്യപിച്ചതെന്ന്‌ എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ചെറുപ്പത്തില്‍ അച്ഛന്‍ മദ്യപിച്ചു വീട്ടില്‍ വന്നുകയറുമ്പോളുണ്ടാകുന്ന ദുരന്തങ്ങള്‍ ഒരുപാട് അനുഭവിച്ചതാണ് ഞാന്‍. അടുപ്പില്‍ വെള്ളം തിളപ്പിച്ചു കൊണ്ടിരിക്കുന്ന അമ്മ....അച്ഛന്‍ അരികൊണ്ടു വരുന്നതും കാത്തിരിക്കും. എത്രയോ ദിവസങ്ങള്‍ പട്ടിണി കിടന്നിട്ടുണ്ട്'. നിറങ്ങള്‍ നഷ്ടപ്പെട്ട ഒരു ബാല്യകാലമായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ഉണ്ണിക്കൃഷ്ണന്‍ ഓര്‍ക്കുന്നു.

അപകടങ്ങള്‍ ക്ഷണിച്ചു വരുത്തിയ കാലം

'ഒരിക്കല്‍ ബാറില്‍ ഇരുന്ന് മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ രണ്ടു പേര്‍ തമ്മില്‍ അടിയായി. അവരെ പിടിച്ചു മാറ്റാനായി ഞാന്‍ ശ്രമിച്ചു. അതില്‍ ഒരാള്‍ പുറത്തുനിന്നു വന്ന ആളായിരുന്നു. അയാളോട് പ്രശ്്‌നമുണ്ടാക്കാതെ പോകാന്‍ ഞാന്‍ പറഞ്ഞു. അയാളെ പുറത്തോട്ട് തള്ളിമാറ്റി. 

ആ മനുഷ്യന്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു കരിങ്കല്ലുമായി തിരിച്ച് വന്ന് എന്റെ തലയില്‍ നാല് കുത്ത്. ആസ്പത്രിയില്‍ കൊണ്ടുപോയി സ്റ്റിച്ച് ഇട്ടു. ആ ആസ്പത്രിയില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോയത് ബാറിലേക്കാണ്. തലയില്‍ വട്ടക്കെട്ടുമായി ഉടുമുണ്ടഴിച്ച് തോളത്തിട്ട് ഞാന്‍ വീട്ടില്‍ കയറിച്ചെന്നപ്പോള്‍ അമ്മ വല്ലാതെ സങ്കടപ്പെട്ടു.' മദ്യപാനമെന്ന ദുശ്ശീലം കാരണം തന്റെ അമ്മ എത്രമാത്രം കണ്ണീരുകുടിച്ചിട്ടുണ്ടെന്ന് ഉണ്ണിക്കൃഷ്ണന് ഓര്‍ക്കാനേ കഴിയുന്നില്ല.

അവസാനമായി മദ്യപിച്ച ദിവസം

ആര്‍ക്കും തന്നെ വേണ്ടെന്ന് തോന്നിയപ്പോള്‍ മരിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍. ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മ വാതില്‍ വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. 

' അമ്മയും ഭാര്യയും അനുജന്‍മാരും പല പ്രാവശ്യം മദ്യപാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും എല്ലാം വെറുതെയായി. അത്രമാത്രം തീവ്രമായിരുന്നു മദ്യപാനം. കോമരങ്ങളെക്കൊണ്ട് ഹോമങ്ങള്‍ ചെയ്യിപ്പിച്ചു. ഏലസ് കെട്ടിക്കൊടുത്തു. കൈവിഷമാണോയെന്ന സംശയത്താല്‍ കൈവിഷമിറക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

2014 സെപ്റ്റംബര്‍ 17 നായിരുന്നു അവസാനമായി മദ്യപിച്ചത്. കൂട്ടുകാരന്റെ ഭാര്യ മരിച്ച് നാല് ദിവസം കഴിഞ്ഞാണ് വിവരമറിഞ്ഞത്. അവന്റെ വീട്ടില്‍ സങ്കടം പങ്കുവെക്കാന്‍ പോയ ഞാന്‍ മദ്യപിച്ച് ബോധമില്ലാതെയാണ് തിരിച്ചുവന്നത്.

അന്ന് മരിക്കാനുള്ള വെപ്രാളമായിരുന്നു. ഡൈനിങ്ങ് ടേബിളിന്റെ മുകളില്‍ തലവെച്ച് ഇടിക്കുന്നു. തല പൊട്ടാതിരിക്കാനായി ഭാര്യ സ്വന്തം കൈ മേശയില്‍ വെച്ചു തരുമായിരുന്നു. ആ കൈ ഉണ്ടായിരുന്നതുകൊണ്ടാണ് ഇന്ന് ഞാന്‍ ജീവനോടെയിരിക്കുന്നത്. 

എന്റെ വെപ്രാളം കണ്ട് ഭാര്യ അമ്മയെ വിളിച്ചു വരുത്തി. എല്ലാവരും കൂടി എന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെയുള്ള ഡോക്ടറെ ഞാന്‍ അടിക്കാന്‍ ശ്രമിച്ചു. അവിടുന്ന് ഇന്‍ജക്ഷന്‍ തന്നു. ഒന്നര ദിവസം കഴിഞ്ഞാണ് ഞാന്‍ കണ്ണു തുറക്കുന്നത്. അവിടെ വെച്ചാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്.

ആല്‍ക്കഹോളിക് അനോനിമസ്(എ.എ)എന്ന കൂട്ടായ്മയിലുള്ള ആളുകളാണ് മദ്യപാനം രോഗമാണെന്ന് എനിക്കു മനസിലാക്കിത്തന്നത്. ദിവസവും വൈകുന്നേരം 6.00 മണി മുതല്‍ 8.00 മണി വരെയുള്ള കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ഞാന്‍ ഭാര്യയോടൊപ്പം പോയി.90 ദിവസം മുടങ്ങാതെ പങ്കെടുത്തു. ഇന്ന് ഒരു പുതിയ മനുഷ്യനായി മനോഹരമായ ഒരു ജീവിതം നയിക്കാന്‍ എനിക്കു കഴിയുന്നുണ്ട്. 

തന്റെ ഭാര്യ അനുഭവിച്ച ദുരിതങ്ങള്‍ ഉണ്ണിക്കൃഷ്ണന്‍ ഇന്ന് മനസിലാക്കുന്നു. ഈശ്വരന്റെ അനുഗ്രഹം കൊണ്ട് താനും കുടുംബവും സന്തോഷകരമായ കുടുംബജീവിതം അനുഭവിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു. മാനസിക ബുദ്ധിമുട്ടുകളൊന്നും തന്നെ ഇപ്പോള്‍ അലട്ടാറില്ല. ഭാര്യയുടെ ചുണ്ടിലെ മൂളിപ്പാട്ട് കേള്‍ക്കാനുള്ള ഭാഗ്യമാണ് ഈ കൂട്ടായ്മ ഉണ്ണിക്കൃഷ്ണന് തിരിച്ചു നല്‍കിയത്.