നെടുമ്പാശ്ശേരി: ഇന്ത്യയില്‍ ഈ വര്‍ഷം 45 കിലോയോളം കൊക്കെയിന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ 220 കോടിയിലധികം രൂപ വില വരുന്നതാണിത്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കൊക്കെയിന്‍ പിടിച്ചത്.

ആഫ്രിക്കന്‍ സ്വദേശികളാണ് പിടിയിലായവരില്‍ അധികവും. ചെന്നൈയിലും ബെംഗളൂരുവിലുമെല്ലാം കൊക്കെയിന്‍ പിടികൂടുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ വലിയ തോതില്‍ കൊക്കെയിന്‍ പിടിച്ചിട്ടില്ല. ഞായറാഴ്ച കൊച്ചിയില്‍ പിടിച്ചതാണ് കേരളത്തില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ കൊക്കെയിന്‍ വേട്ട. 

ക്രിസ്റ്റല്‍ രൂപത്തിലും പൗഡര്‍ രൂപത്തിലും കൊക്കെയിന്‍ ലഭ്യമാണ്. കൊക്ക ഇലയില്‍ നിന്നാണ് കൊക്കെയിന്‍ ഉത്പാദിപ്പിക്കുന്നത്. മാരകമായ മയക്കുമരുന്നാണിത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ മതി ഇതിന്റെ അടിമയാകും. 

ബൊളീവിയ, കൊളംബിയ, പെറു, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളില്‍ വില കുറവുമാണ്. കൊക്കെയിന്റെ അമിത ഉപയോഗം ശ്വാസ തടസ്സം, സ്ട്രോക്ക്, സെറിബ്രല്‍ ഹെമറേജ്, ഹാര്‍ട്ട് അറ്റാക്ക് എന്നിവ മൂലമുള്ള മരണത്തിനും ഇടയാക്കും.