ചെറുപ്പത്തില്‍ അച്ഛന്‍ മദ്യപിച്ച് വീട്ടില്‍ വന്ന് അമ്മയെ വഴക്കു പറയുന്നതും നിര്‍ത്താതെ സംസാരിച്ച് വീട്ടിലുള്ളവരുടെ മനസമാധാനം നശിപ്പിക്കുന്നതും കണ്ടുവളര്‍ന്നതാണ് വിനോദ്. അതുകൊണ്ടു തന്നെ മദ്യത്തെ വിനോദിന് പേടിയായിരുന്നു. പക്ഷേ ഒരു ദിവസം പോലും കാണാതിരിക്കാന്‍ പറ്റാത്ത തന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ച വിനോദ് അവരേക്കാള്‍ നല്ല മദ്യപാനിയായി മാറി.

സാമ്പത്തികമായി പ്രയാസമുള്ള സാഹചര്യമായിരുന്നു വിനോദിന്റെ വീട്ടില്‍. അഞ്ചുമക്കളില്‍ ഇളയവന്‍. അച്ഛനും രണ്ട് ചേട്ടന്‍മാരും മദ്യപിക്കുന്നവരായിരുന്നു. കൂലിപ്പണിയായിരുന്നു അച്ഛന്. പത്താംക്ലാസില്‍ പഠനം അവസാനിപ്പിച്ച വിനോദ് ഏകദേശം പതിനാറ് വയസ്സായപ്പോള്‍ മദ്യത്തിന്റെ രുചിയറിഞ്ഞു. താമസിയാതെ പുകവലിയും തുടങ്ങി. എന്നിരുന്നാലും മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കിയ ചരിത്രം വിനോദിനില്ല. അതിന് കാരണം ഭാര്യ ബബിത തന്നെ. ഒരിക്കലും എതിര്‍ക്കാതെ തന്റെ സ്വഭാവം നന്നായി മനസ്സിലാക്കി സമാധാനപരമായ ഗൃഹാന്തരീക്ഷമുണ്ടാക്കുന്നതില്‍ ഭാര്യ ഏറെ ശ്രദ്ധിച്ചിരുന്നുവെന്ന് വിനോദ് പറയുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയാണ് വിനോദ്.vinod

 എല്ലാം അമ്മയ്ക്കു വേണ്ടി; പക്ഷേ കൈവിട്ടു പോയി

 ഓര്‍മയില്‍ ഇന്നും വേദനിപ്പിക്കുന്ന ഒരു അനുഭവം പങ്കുവെക്കുന്ന വിനോദ് മദ്യപിക്കുന്നവര്‍ക്ക് ഇനിയെങ്കിലും ഈ ദുശ്ശീലം അവസാനിപ്പിക്കാനുള്ള പ്രേരണയാണ് നല്‍കുന്നത്. ' ഞാന്‍ സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. എന്റെ വിവാഹം നടത്താന്‍ അച്ഛന്‍ മുന്‍കൈയെടുത്ത സമയം. അന്നൊക്കെ അച്ഛന് നല്ല മാറ്റമുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങളൊക്കെ കൃത്യമായി ശ്രദ്ധിക്കും. 23-ാമത്തെ വയസിലാണ് ഞാന്‍ വിവാഹം കഴിക്കുന്നത്. എന്റെ ഭാര്യ എട്ടു മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ അച്ഛന്‍ മരിച്ചു. ഹൃദയാഘാതമായിരുന്നു. അച്ഛന്റെ മരണശേഷം അമ്മയും ഭാര്യയും ഞാനും മാത്രമായി വീട്ടില്‍. അങ്ങനെയിരിക്കെയാണ് അമ്മയ്ക്ക് കാന്‍സര്‍ രോഗമാണെന്ന് അറിയുന്നത്. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ഞാന്‍ സ്വയം മദ്യപാനം നിര്‍ത്തി.' സ്വന്തം അമ്മയോടുള്ള സ്‌നേഹം കാരണം ജീവിതത്തില്‍ അതുവരെ കൊണ്ടുനടന്നിരുന്ന ഒരു ദുശ്ശീലം ഉപേക്ഷിക്കാന്‍ വിനോദ് തയ്യാറായി.

ഏകദേശം ഒരു മാസത്തോളം മദ്യപാനമില്ലാതെ വിനോദ് മുന്നോട്ടു പോയി. ഒരു ദിവസം സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു കുപ്പി കള്ള് കുടിക്കാനായി വിനോദ് കൂടെപ്പോയി. പക്ഷേ അമിതമായി മദ്യപിച്ച വിനോദ് എല്ലാം മറന്നു.

'അന്ന് എന്റെ ചേട്ടന്‍ എന്നെ കള്ളുഷാപ്പില്‍ നിന്ന് പിടിച്ച് വലിച്ച് വീട്ടില്‍ക്കൊണ്ടു വന്നു. അമ്മ മരണശയ്യയില്‍ കിടക്കുകയായിരുന്നു. അസുഖം അങ്ങേയറ്റം മൂര്‍ച്ഛിച്ചിരുന്നു. അമ്മ എന്റെ കണ്ണിലേക്ക് നോക്കിയതു പോലെ തോന്നി.  പിന്നെ ശ്വാസം നിലച്ചു. ഏകദേശം ഒരു മാസത്തോളം അമ്മയ്ക്കു വേണ്ടി മദ്യപാനമെന്ന ദുശ്ശീലം മാറ്റിനിര്‍ത്തിയ ഞാന്‍ അമ്മയുടെ അന്ത്യനിമിഷത്തില്‍ മുഴുക്കുടിയനായി അരികത്തെത്തിയതോര്‍ക്കുമ്പോള്‍ വല്ലാത്ത വേദന തോന്നുന്നു.' മദ്യപാനം തനിക്ക് സമ്മാനിച്ചത് ദുരിതപൂര്‍ണമായ ജീവിതമായിരുന്നുവെന്ന് വിനോദ് ഓര്‍ക്കുകയാണ്.

വീണ്ടും കുറേശ്ശെ മദ്യപിക്കാന്‍ തുടങ്ങി. വൈകുന്നേരം നാല് മണിക്ക് ജോലി പൂര്‍ത്തിയാക്കി തിരിച്ചു വരുന്ന വിനോദ് മദ്യപിച്ചാല്‍ രാത്രി പത്ത് മണിയാകും വീട്ടിലെത്താന്‍. 

vinod
ഗായകരായ അനില്‍ കുമാറിനും സന്തോഷ് നമ്പ്യാര്‍ക്കുമൊപ്പം വിനോദ്‌

'അച്ഛന്‍ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ?'

'മദ്യപിക്കരുതെന്ന ആഗ്രഹം എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ എനിക്ക് കഴിയാതെ പോയതാണ്. മദ്യപിച്ചു വന്ന അച്ഛന്റെ സംസാരം ഞങ്ങളെ എത്രമാത്രം അലോസരപ്പെടുത്തിയിരുന്നുവെന്ന് എനിക്കറിയാം. അതുപോലെ ഒരിക്കല്‍ എന്റെ മകള്‍ മദ്യപിച്ചു വന്ന എന്നോട് ചോദിച്ചതാണ് 'അച്ഛന്‍ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ?' ആ ചോദ്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു.' ഇങ്ങനെ പോയാല്‍ സ്വന്തം മക്കള്‍ക്ക് താന്‍ സമാധാനം കൊടുക്കില്ലെന്ന ചിന്തയായിരുന്നു വിനോദിന്റെ മനസ്സില്‍. അങ്ങനെയിരിക്കെ വിനോദ് അസുഖം വന്നപ്പോള്‍ മഞ്ചേരി ജില്ലാ ആസ്പത്രിയില്‍ പനിക്ക് ചികിത്സ തേടിച്ചെന്നു. അവിടെ എഴുതി വെച്ച ഒരു ബോര്‍ഡാണ് വിനോദിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

vinod
സംഗീതാധ്യാപകനും മ്യൂസിക് ഡയറക്ടറുമായ ഷിഹാബ് അരീക്കോടിനൊപ്പം വിനോദ്

'മദ്യപാനാസക്തി രോഗമാണ്. ഒരു പക്ഷേ നിങ്ങളെ സഹായിക്കാനാകും'

മഞ്ചേരി ജില്ലാ ആസ്പത്രിയില്‍ എഴുതിവെച്ച ഈ ബോര്‍ഡ് ആണ് വിനോദിനെ പുതിയ മനുഷ്യനാക്കിയത്. മദ്യപാനത്തില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെടുത്താമെന്നായിരുന്നു അവിടെ എഴുതി വെച്ചിരുന്നതെങ്കില്‍ താന്‍ ഒരിക്കലും അത് വിശ്വസിക്കില്ലായിരുന്നുവെന്ന് വിനോദ് പറയുന്നു. 'ഒരു പക്ഷേ നിങ്ങളെ സഹായിക്കാനാകും' എന്നതാണ് വിനോദിനെ ആകര്‍ഷിച്ചത്. 

'ആസ്പത്രിയുടെ പരിസരത്ത് വെച്ച് നമ്പര്‍ മൊബൈലില്‍ സേവ് ചെയ്ത് വെക്കാന്‍ ശ്രമിച്ചു.ആരെങ്കിലും കാണുന്നത് നാണക്കേടും മാനക്കേടുമൊക്കെയായി തോന്നി. മാസങ്ങളോളം ആ കൂട്ടായ്മയുടെ നമ്പര്‍ ഞാന്‍ മൊബൈലില്‍ കൊണ്ടു നടന്നു. പിന്നീട് ഞാന്‍ തന്നെ തീരുമാനമെടുത്ത് അവരെ സമീപിക്കുകയായിരുന്നു'. വിനോദ് താന്‍ മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ചാണ് വ്യക്തമാക്കുന്നത്.Anti-drug

' ഈ കൂട്ടായ്മയിലൂടെ വല്യേട്ടന്‍ മദ്യപാനം നിര്‍ത്തി. അപ്പോള്‍ ഞാനും മദ്യപാനം നിര്‍ത്തിയാല്‍ എന്നെയും ആളുകള്‍ സ്‌നേഹിക്കുമെന്ന് തോന്നിത്തുടങ്ങിയിരുന്നു. അന്ന്് മദ്യപിച്ച് തല്ലുണ്ടാക്കിയവരോടൊക്കെ ഇന്ന് നല്ല സൗഹൃദമാണ്. ജീവിതം ആസ്വദിക്കുകയാണ്. പണ്ടൊന്നും നാലാളുടെ മുമ്പില്‍ തലയുയര്‍ത്തി സംസാരിക്കാറുണ്ടായിരുന്നില്ല. ഇപ്പോള്‍ ഗാനമേള ട്രൂപ്പുകളില്‍ പാടാറുണ്ട്. നാട്ടുകാരുടെ സ്‌നേഹം അനുഭവിക്കുന്നുണ്ട്. ' വിനോദിന്റെ വാക്കുകളില്‍ നിറഞ്ഞ സംതൃപ്തി.

ജീവിതം എന്താണെന്ന് വിനോദിന് ഇന്ന് മനസിലാക്കാന്‍ കഴിയുന്നു. 'മദ്യപിക്കുന്ന സമയത്ത് ചുമട്ടു തൊഴിലാളിയായിരുന്ന എനിക്ക് ദിവസവും 900 രൂപ വരെ കൂലിയായി കിട്ടാറുണ്ടായിരുന്നു. എന്നാല്‍ അത് എങ്ങനെ ചെലവഴിക്കുമെന്ന് അറിയില്ലായിരുന്നു. എങ്ങനെ ജീവിക്കണമെന്ന് അറിയില്ലായിരുന്നു. കുറച്ചു കാലത്തേക്ക് ഈ തൊഴിലില്‍ നിന്നും മാറി നിന്നു. പണിയൊന്നുമില്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ മഞ്ചേരി തിയേറ്ററില്‍ ക്ലീനിങ്ങ് തൊഴിലാളിയായി. മാസം ആകെ കിട്ടിയിരുന്നത് 8000 രൂപയായിരുന്നു. ഞാനും ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബം ഈ കിട്ടിയ മാസശമ്പളത്തില്‍ ഞാന്‍ മുന്നോട്ട് കൊണ്ടു പോയി. മദ്യപിക്കാത്ത സമയത്ത് 250 രൂപ ദിവസവും കിട്ടിയാല്‍ അതില്‍ നിന്ന് 100 രൂപ ചെലവിന് ഉപയോഗിച്ചാലും ബാക്കി 150 രൂപ കൊണ്ട് കാര്യങ്ങളെല്ലാം ഭംഗിയായി നടത്താന്‍ എനിക്ക് കഴിഞ്ഞു.'

പൈസയല്ല ജീവിതത്തില്‍ വലുതെന്ന് വിനോദ് പറയുന്നു. ജീവിക്കാന്‍ പണം വേണം. പക്ഷേ എ.സി മുറിയിലായാലും മനസമാധാനമില്ലെങ്കില്‍ ഉറക്കം വരില്ല. 'എ.സി കാറിലിരുന്ന് യാത്ര ചെയ്യുന്ന സമ്പന്നനേക്കാളും കെ.എസ്.ആര്‍.ടി.സി ബസില്‍ക്കയറി പുറത്തുള്ള കാഴ്ചകളും പാടങ്ങളും തെങ്ങും കവുങ്ങുമെല്ലാം ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യുന്നയാള്‍ക്ക്് കൂടുതല്‍ മനസുഖം ഉണ്ടാകും.' വിനോദ് പറഞ്ഞു നിര്‍ത്തുന്നു.