ബീച്ച് റോഡുമുതല്‍ പലസമയങ്ങളില്‍ അയാള്‍ക്കുപിന്നാലെ ഞങ്ങളുണ്ടായിരുന്നു. മൂന്നുദിവസത്തെ അന്വേഷണത്തിനൊടുവില്‍ ഞങ്ങളെത്തിച്ചേര്‍ന്നത് പത്തില്‍ താഴെമാത്രമുള്ള ഒരു സംഘത്തിനടുത്തേക്കാണ്, കോഴിക്കോട് ബീച്ചാസ്പത്രിക്ക് സമീപത്ത്. 'സാധനം' വാങ്ങാനെത്തിയവരെന്ന വ്യാജേന കുറച്ചുനേരം ഞങ്ങള്‍ അവിടെനിന്നു. അതിനിടെ  അവരുടെ കൂട്ടത്തിലുള്ള ഒരാളോട്, മോട്ടോര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് എടുത്തുപോവുന്ന ഒരാള്‍ ചോദിക്കുന്നത് കേട്ടു: നിനക്കു സാധനംവേണോ? എത്തിയിട്ടുണ്ട്. 400 രൂപ മതി. ഇതിനപ്പുറത്തേക്ക് ഒരു വിശദീകരണവുമുണ്ടായില്ല. ബ്രൗണ്‍ഷുഗര്‍ എത്തിയിട്ടുണ്ടെന്ന് കേട്ടയാള്‍ക്ക് കൃത്യമായി മനസ്സിലായി.  കറുത്ത കുപ്പായവും ചുവന്നനിറമുള്ള മുണ്ടുമുടുത്ത ബൈക്കുകാരന്‍  മറുപടിക്കു മുന്‍പേ വേഗത്തില്‍ ഓടിച്ചുപോയി. കൂടെ മറ്റൊരു സ്‌കൂട്ടറില്‍ ഒരാള്‍കൂടെയുണ്ട്. അയാള്‍ നഗരത്തിലെ ഒരു ഡോക്ടറുടെ മകനാണെന്ന് പിന്നീട് മനസ്സിലായി. 

ഗാന്ധിറോഡിലൂടെയാണ്  അവര്‍പോയത്.  അതിവേഗത്തിലായതിനാല്‍ പിന്നീട് കണ്ടെത്താനായില്ല. കറുത്തകുപ്പായക്കാരനെപ്പോലെ നഗരത്തില്‍ പലയിടത്തും ബ്രൗണ്‍ഷുഗറിന്റെ പൊതികളെത്തിക്കുന്ന ഒരുപാടുപേരുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. തൊട്ടടുത്ത ദിവസവും ഞങ്ങള്‍ ബീച്ച് റോഡില്‍ എത്തി. അന്ന് അവരുടെകൂടെ കണ്ട് മുഖപരിചയമുള്ള ഒരാളോട് ഞങ്ങള്‍ ചോദിച്ചു: ചേട്ടാ സാധനം കിട്ടുമോ? ആദ്യം അവര്‍ ഞങ്ങളെ ഒഴിവാക്കാന്‍ ശ്രമിച്ചു. സി.ഡി. പാര്‍ട്ടി (ക്രൈം സ്‌ക്വാഡ്)യാണോ എന്നായിരുന്നു അയാളുടെ സംശയം. ഒരുവിധത്തില്‍ എങ്ങനെയൊക്കെയോ പറഞ്ഞു വിശ്വസിപ്പിച്ചതോടെ നാനൂറു രൂപയുണ്ടെങ്കില്‍ സാധനം തരാമെന്നായി അയാള്‍. എ.ടി.എമ്മില്‍ പോയി പണവുമായി തിരികെയെത്തിയെങ്കിലും സാധനം തീര്‍ന്നെന്നുപറഞ്ഞ് വീണ്ടും ഒഴിവാക്കി. അടുത്തദിവസവും അയാളെ വീണ്ടും കണ്ടുമുട്ടി. തുടക്കക്കാരാണെന്ന് മനസ്സിലായതോടെ നാനൂറു രൂപ എണ്ണൂറിലെത്തി. എന്താണ് ഇങ്ങനെ എന്നു ചോദിച്ചപ്പോള്‍ അളവുകൂടുതലാണെന്നായി മറുപടി. വെസ്റ്റ്ഹില്ലിലേക്ക് അല്പംകഴിഞ്ഞ് വന്നാല്‍ കൈമാറാമെന്ന് പറഞ്ഞുറപ്പിച്ച് വീണ്ടും തിരികെപ്പോന്നു. വൈകിട്ട് വീണ്ടുമെത്തിയപ്പോള്‍ നല്ലളത്ത് വരാനായി മറുപടി. അയാളെ കണ്ട് മടങ്ങിയെങ്കിലും ചെറിയ സംശയംതോന്നി ഞങ്ങള്‍ പിന്നെയും തിരികെപ്പോയി. അവിടെയെത്തിയപ്പോള്‍ പതുങ്ങിയിരുന്ന് ഒരാള്‍ പൊതിയഴിക്കുന്നു. ഒരു നുള്ള് ബ്രൗണ്‍ഷുഗര്‍ ഒരുകുപ്പിയുടെ അടപ്പിലാക്കി ലൈറ്റര്‍ തെളിച്ചു. പിന്നെ സിറിഞ്ചെടുത്ത് ഞരമ്പിലേക്ക് കുത്തിക്കയറ്റി ലഹരിയില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. മയക്കുമരുന്നു കുത്തിവെക്കുന്നത് ഒളിയിടങ്ങളില്‍ വെച്ചാണെങ്കിലും കൈമാറ്റങ്ങളെല്ലാം ആള്‍കൂട്ടത്തിനിടയില്‍ തന്നെയാണ്. ഒരു ചെറിയപൊതി കൈമാറുമ്പോള്‍ ആരും ശ്രദ്ധിക്കില്ലെന്ന് തന്നെ സൗകര്യം.

ആദ്യദിവസങ്ങളിലെ സംഭവങ്ങള്‍ കഴിഞ്ഞ് മുഖപരിചയംവെച്ച് ഇവരുടെകൂട്ടത്തിലുള്ള ഒരാളെ സമീപിച്ചു. ലഹരിയില്‍നിന്ന് മുക്തിനേടുന്നവരെപ്പറ്റി പഠനം നടത്തുന്നവരെന്ന വ്യാജേനയാണ് കണ്ടത്. ഷാഡോപോലീസാണോ എന്ന സംശയംകൊണ്ട് അയാള്‍ ആദ്യം സംസാരിക്കാന്‍ മടിച്ചു. പിന്നീട് പറഞ്ഞുതുടങ്ങിയതോടെ ആത്മഗതമെന്നപോലെ അയാളില്‍നിന്ന് വാക്കുകള്‍ വന്നു: '18 വര്‍ഷമായി ഇതെന്റെ ജീവന്‍ തകര്‍ക്കുകയാണ്'. കോഴിക്കോട്ട് എവിടെ കിട്ടുമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ രൂക്ഷമായൊന്നു നോക്കി. പക്ഷേ വന്നെത്തുന്ന വഴികളെക്കുറിച്ച് പറഞ്ഞു. തലശ്ശേരിയില്‍നിന്നാണ് കോഴിക്കോട്ടേക്ക് ബ്രൗന്‍ഷുഗറെത്തുന്നത്. പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കില്ല എന്നതുകൊണ്ട് 10 മില്ലിയോളം വരുന്ന ചെറിയപൊതികളായാണ് കൊണ്ടുവരുന്നത്. ഉപയോഗിക്കുന്നവര്‍ തന്നെയാണ് അവിടെപോയി വാങ്ങുന്നതും. അതുകൊണ്ട് പത്തോ പന്ത്രണ്ടോ പൊതികള്‍ വാങ്ങും. കൊണ്ടുവരുന്നയാളും ഉപയോഗിക്കും. ബാക്കിയിവിടെ വിതരണം ചെയ്യും. അതാണ് രീതിയെന്ന് അയാളുടെ മറുപടിയില്‍നിന്ന് മനസ്സിലായി. ഗില്‍ട്ട് പേപ്പറില്‍ കത്തിച്ചൂതിയും സിറിഞ്ചില്‍നിറച്ചുമാണ് ഇവര്‍ ബ്രൗണ്‍ഷുര്‍ ഉപയോഗിക്കുന്നത്.

ബ്രൗണ്‍ഷുഗറിനേക്കാള്‍ ഏറെയായിരുന്നു കഞ്ചാവ് കിട്ടുന്നയിടങ്ങള്‍. രാത്രിയുംപകലും കഞ്ചാവ് തേടി ഞങ്ങള്‍ നടത്തിയ യാത്രയില്‍ കണ്ടകാഴ്ചകള്‍ ഏറെയായിരുന്നു. സൗത്ത് ബീച്ചിന് സമീപത്തെ പെട്രോള്‍പമ്പിന് സമീപത്തായി  മജീദ് എന്ന കഞ്ചാവ് വില്‍പ്പനക്കാരനെ ചില നാട്ടുകാര്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. അയാള്‍ പണംവാങ്ങും, മറ്റ് ഏജന്റുമാര്‍വഴി കഞ്ചാവ് വിതരണം ചെയ്യും -ഇതാണ് രീതി. പണ്ടുമുതല്‍ക്കേ കഞ്ചാവ് വില്‍പ്പനക്കാരുടെ കേന്ദ്രമാണ് ഈ കടപ്പുറം. പോക്കറ്റടിക്കാരും ചെറിയ കളവുകേസുകളിലെ പ്രതികളുമെല്ലാം ഇവിടെ ഒത്തുചേരും. പഴയസാധനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് ബീച്ചിനോട് ചേര്‍ന്ന സ്ഥലത്തുവന്ന് കഞ്ചാവും മദ്യവും ഉപയോഗിച്ച് മടങ്ങുന്നവരെയും കണ്ടു. ബീച്ചിനോട് ചേര്‍ന്ന് ഇടുങ്ങിയ വഴിക്കടുത്ത് കുറച്ചുപേര്‍ കൂടിയിരിക്കുന്നുണ്ടായിരുന്നു. പോലീസെത്തിയപ്പോള്‍ പലരും പലവഴിക്കായി മാറി. കുറച്ചപ്പുറത്ത് ഇരുന്ന് ഒരാള്‍ കടലില്‍ നോക്കി കഞ്ചാവ് ഊതിവലിച്ചു വിടുന്നുണ്ടായിരുന്നു. പിന്നീട് ഇത്തരമൊരു സംഘത്തെ കണ്ടത് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി.യുടെ അടുത്തായി ഒഴിഞ്ഞ പൊളിഞ്ഞുവീഴാറായ കെട്ടിടത്തിനടുത്താണ്. രാത്രിയില്‍ ഞങ്ങള്‍ക്ക് കാണാന്‍കഴിഞ്ഞ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ സങ്കേതം പാളയവും ലിങ്ക് റോഡ് പരിസരവുമായിരുന്നു. നേരം പുലരുംമുമ്പേ ഈ ഭാഗങ്ങളിലെല്ലാം വന്ന് വിതരണക്കാരെത്തി കഞ്ചാവ് കൈമാറിപ്പോവുന്നുണ്ടെന്നറിഞ്ഞു.

കഞ്ചാവിന്റെ വഴികള്‍: വാറങ്കല്‍ മുതല്‍ ബൈരക്കുപ്പവരെ 

നക്‌സല്‍ മേഖലയായ ആന്ധ്രയിലെ വാറങ്കലും ഒഡിഷയുമാണ് കേരളത്തിലേക്ക് കഞ്ചാവെത്തുന്ന പ്രധാനകേന്ദ്രങ്ങള്‍. ഒഡിഷയില്‍നിന്ന് ഇതര സംസ്ഥാനതൊഴിലാളികള്‍ വഴി എത്തുമ്പോള്‍ വാറങ്കലില്‍നിന്ന് ഇടുക്കിയിലെ പഴയ കഞ്ചാവ് കര്‍ഷകര്‍ വഴിയാണ് എത്തുന്നത്. വാറങ്കലില്‍ നക്‌സലുകളുടെ സംരക്ഷണത്തിലാണ് കഞ്ചാവ് കൃഷിയെന്ന് കോഴിക്കോട്ടെ എക്‌സൈസ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. സുരേഷ്‌കുമാര്‍ പറയുന്നു. നക്‌സലുകളുടെ പ്രധാനവരുമാനമാര്‍ഗവും ഈ കഞ്ചാവ് കൃഷിയാണ്. അവിടെനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് കമ്പം, തേനി ഭാഗങ്ങളിലെത്തിച്ച് ഒരു കിലോയുടെ ചെറിയ പാക്കറ്റുകളാക്കി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലെത്തിക്കുന്നു. ആന്ധ്രയില്‍ കഞ്ചാവ് കേസില്‍പ്പെട്ട് വിശാഖപട്ടണത്തെ ജയിലില്‍ ഫറോക്ക് സ്വദേശി തടവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒഡിഷയിലെ ജയിലുകളിലും നിരവധി രാജാക്കാടുകാരുണ്ട്. ബൈരക്കുപ്പയാണ് മറ്റൊരുവഴി. ഇഞ്ചികൃഷിയുടെ മറവിലാണ് ഇവിടെ കഞ്ചാവു കൃഷിനടത്തുന്നത്. ഇങ്ങനെ കോഴിക്കോട്ടേക്ക് കഞ്ചാവെത്തിക്കുന്ന വയനാട് സ്വദേശിയെ നല്ലളം പോലീസ് രണ്ടുമാസംമുന്‍പ് പിടികൂടിയിരുന്നു. ഇതിനൊപ്പം പട്ടാമ്പിയില്‍നിന്ന് കഞ്ചാവ് കോഴിക്കോട്ടെത്തുന്നുണ്ട്. ഉസ്ലാംപെട്ടി, അട്ടപ്പാടി, കോയമ്പത്തൂര്‍, പൊള്ളാച്ചി, ബിഹാര്‍, ഛത്തീസ്ഗഢ്, ബംഗാള്‍ ഇങ്ങനെ കേരളത്തിലേക്ക് കഞ്ചാവെത്തുന്ന വഴികളേറെയാണ്. ഇതിനൊപ്പം സ്‌കൂള്‍വിദ്യാര്‍ഥികളെതേടി മൈസൂരില്‍നിന്ന് ലഹരി ഗുളികകളും വരുന്നുണ്ട്. കൊടൈക്കനാലില്‍ വിനോദയാത്രപോയി വരുന്ന ചില വിദ്യാര്‍ഥികള്‍ മാജിക് മഷ്റൂം എന്ന ലഹരിക്കൂണ്‍ എത്തുന്നതായി എക്‌സൈസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
രണ്ടുവര്‍ഷം കൊണ്ട് ജില്ലയില്‍ ബ്രൗണ്‍ഷുഗറും കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത് 152 പേരെയാണ്. 376.7കിലോ കഞ്ചാവും 1.37 കിലോ ബ്രൗണ്‍ഷുഗറും 35ഗ്രാം ഒപ്പിയവും.

തലശ്ശേരി: ബ്രൗണ്‍ഷുഗറിന്റെ ഗേറ്റ് വേ

മുംബൈയില്‍ നിന്നെത്തുന്ന ബ്രൗണ്‍ഷുഗര്‍ തലശ്ശേരി വഴിയാണ് കോഴിക്കോട്ടേക്കെത്തുന്നതെന്നാണ് പോലീസ് പറയുന്നത്. തലശ്ശേരിയില്‍ 250 രൂപയ്ക്ക് കിട്ടുന്ന ഒരുനുള്ള് ബ്രൗണ്‍ഷുഗര്‍ ഇവിടെ 400-നും അതിലധികവും രൂപയ്ക്ക് വില്‍ക്കുന്നു. ഉപയോഗിക്കുന്നവര്‍ തന്നെയാണ് പോയിവാങ്ങുന്നതെന്നും പോലീസ് പറയുന്നു. മുംബൈയില്‍ ബസ്തിമുല്ല, ടങ്കര്‍ മുല്ല എന്നീ രണ്ട് പ്രദേശങ്ങളുണ്ട്. അവിടെ നിന്നാണ് തലശ്ശേരിയിലെ പ്രധാന ഏജന്റ് ബ്രൗണ്‍ഷുഗര്‍ കൊണ്ടുവരുന്നത്. 25 ഗ്രാമിലധികം ബ്രൗണ്‍ഷുഗര്‍ കൈവശം വെച്ചാല്‍, പിടികൂടിയാല്‍ ജാമ്യം ലഭിക്കില്ല. നൂറുഗ്രാമിന് പത്തുവര്‍ഷമാണ് തടവ്. ഇതറിയാവുന്നതുകൊണ്ട് കൂടിയയളവില്‍ ആരും കൊണ്ടുവരാറില്ല. 300 പാക്കറ്റ് ബ്രൗണ്‍ഷുഗറുമായി ധാരാവിയിലെ മാഹിം സ്വദേശിയ നദര്‍ അംബര്‍ ഷെയ്ഖിനെ സിറ്റിക്രൈം സ്‌ക്വാഡ് പിടിച്ചിരുന്നു. അതുമാത്രമാണ് സമീപകാലത്തെ ഏറ്റവുംവലിയ ബ്രൗണ്‍ഷുഗര്‍ വേട്ട. പണ്ടത്തെപ്പോലെ ബ്രൗണ്‍ഷുഗറുകര്‍ക്ക് പ്രത്യേകം കേന്ദ്രങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്. അവര്‍ പതിവായി സ്ഥലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വരെ ഇതിനടിമകളായിട്ടുണ്ട്.

ബ്രൗണ്‍ഷുഗര്‍ കുത്തിവെയ്ക്കുന്നത് 500 പേര്‍

ബ്രൗണ്‍ഷുഗര്‍ കുത്തിവെയ്ക്കുന്നവരെ ലഹരിയില്‍ നിന്ന് വിമുക്തമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയില്‍ നിന്ന് ലഭിച്ച കണക്കാണിത്. കുത്തിവെയ്ക്കുന്നത് 500 പേര്‍ എന്നത് ഇവരെത്തേടിയെത്തുന്നവരുടെ മാത്രം എണ്ണമാണ്. യഥാര്‍ഥത്തില്‍ അതിലധികം വരും. സിറിഞ്ചുകള്‍ പരസ്പരം കൈമാറുന്നതുകൊണ്ട് എയ്ഡ്സ് രോഗവും പടരുന്നുണ്ട്. കോഴിക്കോട്ട് ബ്രൗണ്‍ഷുഗര്‍ ഉപയോഗിച്ച് എച്ച്.ഐ.വി. പോസിറ്റീവായ നാലുപേര്‍ ഇപ്പോഴുണ്ട്. നേരത്തെ ഇതിലധികമായിരുന്നു.

2003-ലാണ് ഈ സന്നദ്ധസംഘടന കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യവര്‍ഷം നടത്തിയ പരിശോധനയില്‍ രണ്ട് ശതമാനം പേരിലാണ് എയ്ഡ്സ് രോഗബാധ കണ്ടെത്തിയത്. പിന്നീട് കൂടുതല്‍പേരിലേക്കെത്തിയപ്പോള്‍ മൂന്നാംവര്‍ഷം അത് ഏഴുശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ കുത്തിവെയ്ക്കുന്നവര്‍ക്ക് സിറിഞ്ചുകള്‍ നല്‍കിയും ഡോസ് കുറച്ച് ലഹരി (ഒ.എസ്.ടി.)നല്‍കിയും എണ്ണം കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. ബീച്ച് ആസ്പത്രി കോമ്പൗണ്ടിനകത്ത്  ഇവരുടെ ലഹരിവിമുക്തകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.