ഇത് എങ്ങനെ സാധിച്ചു! 16 ാമത്തെ വയസ്സുമുതല്‍ മദ്യപാനം തുടങ്ങിയതാണ് രാജന്‍. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ സ്വദേശിയായ ഇദ്ദേഹത്തിന് 42 വര്‍ഷങ്ങളായി മദ്യമില്ലാതെ ഒരു ദിവസം പോലും ചെലവഴിക്കാന്‍ കഴിയില്ലായിരുന്നു.  മുറുക്ക്, വലി, പാന്‍ പരാഗ് എന്നിവയെല്ലാം ശീലമാക്കിയിരുന്നു. കല്‍പ്പണിക്കാരനായ ഇയാള്‍ മറ്റാരേക്കാളും നന്നായി അദ്ധ്വാനിച്ചു. എന്നിട്ടു പത്തുപൈസ കൈയില്‍ കാണില്ല. വീട്ടില്‍ എന്നും ദാരിദ്ര്യവും.

'പുകവലി, മദ്യപാനം തുടങ്ങിയ എല്ലാ ദുശ്ശീലവും എനിക്കുണ്ടായിരുന്നു. വീട്ടിലെ സാഹചര്യമായിരുന്നു എന്നെ മദ്യപാനിയാക്കിയത്. അച്ഛന്‍ നന്നായി മദ്യപിക്കുമായിരുന്നു. അതു കണ്ടിട്ടാണ് ഞാനും അനുജന്‍മാരും ഈ ദൂശ്ശീലം തുടങ്ങിയത്. അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമടക്കം പത്തുപേരായിരുന്നു ഞങ്ങള്‍. അതുകൊണ്ടു തന്നെ ആരും ശ്രദ്ധിക്കാനില്ലായിരുന്നു. പണ്ടു കാലത്ത് ചാരായം ഇഷ്ടം പോലെയുണ്ടായിരുന്നു. ബ്രാണ്ടിയും സുലഭം. രാത്രികാലങ്ങളിലായിരുന്നു ഷാപ്പുകളില്‍ കഴിക്കാന്‍ പോയിരുന്നത്.' രാജന്‍ പഴയകാലം ഓര്‍ത്തെടുക്കുന്നു.

മദ്യപാനം നിര്‍ത്തിയതില്‍പ്പിന്നെ തനിക്ക് ഒന്നിനും ഒരു കുറവും വന്നിട്ടില്ലെന്ന് രാജന്‍ പറയുന്നു. ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊരു മാറ്റം വന്നതെന്ന് രാജന്‍ കരുതുന്നു. തലശ്ശേരിയിലെ പ്രതീക്ഷ ഡി അഡിക്ഷന്‍ സെന്ററിലെ ചികിത്സയിലൂടെയാണ് ഇയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇത്രയും വര്‍ഷം കൂടെക്കൊണ്ടു നടന്ന ഈ ദുശ്ശീലം നിര്‍ത്താന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയതല്ലെന്നും തിരിഞ്ഞുനോക്കുമ്പോള്‍  കടന്നുവന്ന ജീവിതത്തെക്കുറിച്ചോര്‍ത്ത് പേടി തോന്നുന്നുവെന്നും രാജന്‍.

മദ്യപിക്കുന്ന എല്ലാവര്‍ക്കും അത് നിര്‍ത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ ആര്‍ക്കും കഴിയുന്നില്ല. കൂട്ടുകൂടി നശിച്ചുപോകുകയാണെന്ന് രാജന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. മദ്യപാനം കൊണ്ട് വലിയ ദോഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. മോശമായ രീതിയില്‍ വഴക്കുണ്ടാക്കുകയും സ്വബോധമില്ലാതെ പെരുമാറുകയും ചെയ്ത ഒരു സമയം രാജന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഇന്ന് കുടുംബത്തില്‍ നിന്ന് വലിയ പിന്തുണയുണ്ട്.