മദ്യത്തിന് അടിമപ്പെട്ടവര്‍ നേരിടുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങളും അവയുടെ പ്രത്യാഘാതങ്ങളും വിലയിരുത്തി വേണം അതില്‍ നിന്ന് രക്ഷിക്കാനുള്ള ശാസ്ത്രീയ ചികിത്സ നല്‍കാന്‍.
 
സൈക്കോളജിക്കല്‍ മാനേജ്മെന്റ്
 
ചികിത്സയോടൊപ്പം നല്‍കേണ്ട പ്രധാനപ്പെട്ട ഒന്നാണ് സൈക്കോളജിക്കല്‍ മാനേജ്മെന്റ്. മദ്യത്തിന് അടിമപ്പെട്ടുപോയവരില്‍ മിക്ക ആളുകള്‍ക്കും വിഷാദവും ഉത്കണ്ഠയും സംശയരോഗവുമെല്ലാം ബാധിച്ചെന്നിരിക്കാം. മിക്കവാറും അളുകള്‍ക്ക് അതിന് മരുന്നുകള്‍ മാത്രം പോരാ. അവര്‍ക്ക് റിലാക്സേഷന്‍ ട്രെയ്നിങ്ങ് നല്‍കണം. യോഗ,  മെഡിറ്റേഷന്‍ തുടങ്ങിയവ നല്‍കും. ചിലര്‍ക്ക് ആരെങ്കിലും മദ്യം കഴിക്കാന്‍ ക്ഷണിച്ചാല്‍ വേണ്ട എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. അവര്‍ അപ്പോള്‍ അതിനോടൊപ്പം ചേരും. അത്തരക്കാര്‍ക്ക് നോ പറയാനുള്ള ശേഷി നല്‍കുന്ന ട്രെയ്നിങ് നല്‍കും. ചിലര്‍ സമയം പോകാന്‍ വേണ്ടി മദ്യപിച്ചവരാകാം. അവര്‍ക്ക് ടൈം മാനേജ്മെന്റ് ടെക്നിക്കുകള്‍ നല്‍കും. മിക്കവാറും മദ്യത്തിന് അടിമപ്പെട്ടവരുടെ കുടുംബബന്ധങ്ങളും തകരാറിലായിട്ടുണ്ടാകും. അവര്‍ക്ക് ഫാമിലി തെറാപ്പി ആവശ്യമായി വരും. പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവരാണെങ്കില്‍ അത് പരിഹരിക്കാന്‍ വ്യക്തിപരമായി നല്‍കുന്ന കൗണ്‍സലിങ്, കുടുംബത്തിനുള്ള കൗണ്‍സലിങ് എന്നിവയും വേണ്ടിവരും. ഗ്രൂപ്പ് തെറാപ്പി ആവശ്യമായി വരും. അത് മിക്കവാറും ആല്‍ക്കഹോളിക് അനോനിമസിലൂടെയാണ് ചെയ്യുന്നത്.Anti-drug
 
തുടര്‍ പരിശോധനകള്‍
 
മദ്യത്തിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷനേടാനുള്ള ചികിത്സ തേടിയവര്‍ക്ക് തുടര്‍ച്ചയായ പരിശോധനകള്‍ ആവശ്യമാണ്. അത് വളരെ പ്രധാനവുമാണ്. എന്നാല്‍ പലരും അക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറില്ല. എല്ലാം ശരിയായി എന്ന തോന്നലാണ് മിക്കവര്‍ക്കും. അതുകൊണ്ട് ഇനി മരുന്നിന്റെ ആവശ്യം ഇല്ലെന്ന് അവര്‍ക്ക് തോന്നും. അത് വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യും. അങ്ങനെ മരുന്നു നിര്‍ത്തും. തുടര്‍ പരിശോധനയൊന്നും വേണ്ടെന്ന് സ്വയം നിശ്ചയിക്കുകയും ചെയ്യും. സംഭവിക്കുക, വീണ്ടും മദ്യപാനത്തിലേക്ക് തന്നെ (റിലാപ്സ്) തിരിച്ചു പോകും. അതുകൊണ്ട് ചികിത്സ വിജയമാവണമെങ്കില്‍ തുടര്‍പരിശോധനകള്‍ ആവശ്യമാണ്.
 
എങ്ങനയൊക്കെ ചികിത്സിച്ചാലും ചിലരുടെ കാര്യത്തില്‍ രണ്ടു മൂന്ന് തവണയൊക്കെ റിലാപ്സ് വരാം. അത് കൈകാര്യം ചെയ്യാന്‍ ഡോക്ടറും വീട്ടുകാരും ക്ഷമ കാണിക്കണം. ഇനി ഇയാള്‍ നേരെയാവില്ല എന്ന് വീട്ടുകാര്‍ കരുതാന്‍ പാടില്ല. അങ്ങനെയായാല്‍ ആ വ്യക്തിയെ മദ്യത്തില്‍ നിന്ന് പിന്നീട് രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല. റിലാപ്സ് വന്നുകഴിഞ്ഞാല്‍ എങ്ങനെ അത് സംഭവിച്ചു എന്ന് പരിശോധിക്കും. ഏത് സാഹചര്യത്തിലാണ് അയാള്‍ വീണ്ടും മദ്യപാനത്തിലേക്ക് തിരിച്ചുപോയതെന്ന് വിലയിരുത്തും. അതിന് അനുസരിച്ചുള്ള ചികിത്സയാണ് നല്‍കുക. 
 
മറ്റ് ചികിത്സ തേടുമ്പോള്‍
 
മദ്യാസക്തിയില്‍ നിന്ന് മോചനം നേടാനുള്ള മരുന്നു കഴിക്കുന്നവര്‍ മറ്റ് ചികിത്സ തേടുമ്പോള്‍ അക്കാര്യം ഡോക്ടറോട് പറയണം. മദ്യാസക്തിയെ ചെറുക്കാനുള്ള മരുന്നുകള്‍ മറ്റ് ചില മരുന്നുകളുമായി റിയാക്ഷന്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും ആയുര്‍വേദ, ഹോമിയോ ചികിത്സ തേടുമ്പോള്‍. ചില അലോപ്പതി മരുന്നുകളുമായും പാര്‍ശ്വഫലം ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് മദ്യാസക്തി കുറയ്ക്കാനുള്ള മരുന്ന് കഴിക്കുന്ന കാര്യം ഡോക്ടറുടെ അടുത്ത് മറച്ചുവെക്കരുത്. 
 
അഡിക്ഷന്‍ തിരിച്ചറിയാം
 
അഡിക്ഷനിലേക്ക് പോകുന്നത് പല ഘടങ്ങളെയും അടിസ്ഥാനമാക്കിയാണ്. ചെറുപ്രായത്തില്‍ തന്നെ മദ്യപാനം ശീലമാക്കിയവര്‍ക്ക് വേഗത്തില്‍ അഡിക്ഷന്‍ വരാനുള്ള സാധ്യതയുണ്ട്. 12-13 വയസ്സില്‍ തന്നെ തുടങ്ങിയവര്‍ക്ക് 30 വയസ്സാകുമ്പോള്‍ തന്നെ അഡിക്ഷന്‍ ഉണ്ടാകാം. മാനസിക പ്രശ്നങ്ങള്‍ ഉള്ളവരിലും അഡിക്ഷന്‍ വരാനുള്ള സാധ്യതയുണ്ട്. മദ്യത്തിന്റെ അളവ് കൂട്ടുമ്പോഴും അവര്‍ ചിന്തിക്കുക ഞാന്‍ നിയന്ത്രിച്ചാണ് കഴിക്കുന്നത് എന്നതാണ്. എന്നാല്‍ പതുക്കെ മദ്യത്തിന്റെ അടിമത്വത്തിലേക്ക് നീങ്ങുകയും ചെയ്യും. മദ്യത്തോടുള്ള അടിമത്വം വിലയിരുത്താന്‍ പൊതുവേ ഉപയോഗിക്കുന്ന സ്‌ക്രീനിങ് രീതിയാണ് CAGE. ഇതില്‍ നാല് ചോദ്യങ്ങളാണ് ഉള്ളത്.
 
* മദ്യ ഉപയോഗം സ്വയം കുറയ്ക്കണമെന്ന് തോന്നുന്നുണ്ടോ?
* നിങ്ങളുടെ മദ്യപാനം മാറ്റാന്‍ മറ്റുള്ളവര്‍ ഉപദേശിക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ?
* മദ്യപിച്ചത് മോശമായിപ്പോയി എന്ന് തോന്നാറുണ്ടോ?
* രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ മദ്യം കഴിക്കേണ്ടിവരാറുണ്ടോ?
ഇതില്‍ നാല് എണ്ണത്തില്‍ മൂന്നെണ്ണം പോസിറ്റീവാണെങ്കില്‍ അഡിക്ഷനുണ്ടെന്ന് വിലയിരുത്താം.
 
കൈപിടിക്കാന്‍  ഇവരുണ്ട് കൂടെ
മദ്യപാനാസക്തിയില്‍ നിന്ന് പൂര്‍ണമായ മോചനം നേടാന്‍ ചികിത്സമാത്രം പോര. കാരണം ലഹരിയുടെ പ്രലോഭനങ്ങളുള്ള സമൂഹത്തിലേക്ക് തന്നെയാണ് അവര്‍ വീണ്ടും എത്തുന്നത്. അത്തരം സാഹചര്യത്തില്‍ നിന്ന് തുടര്‍ച്ചയായി മാറിനില്‍ക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. അതിന് സഹായിക്കുന്ന കൂട്ടായ്മയാണ് ആല്‍ക്കഹോളിക് അനോനിമസ് (എ.എ.). മദ്യാസക്തി എന്ന രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്ന സ്ത്രീ-പുരുഷന്മാരുടെ കൂട്ടായ്മയാണിത്. ഈ കൂട്ടായ്മ ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലും ധാരാളം എ.എ. കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കൂട്ടായ്മയില്‍ അംഗമാകാനുള്ള ഏക നിബന്ധന മദ്യപാനം നിര്‍ത്തണമെന്ന ആഗ്രഹം മാത്രമാണ്. അംഗത്വ ഫീസില്ല. വരിസംഖ്യയില്ല. സംഘടനകളെപ്പോലെ ഔപചാരിക സംവിധാനങ്ങളൊന്നുമില്ല. മദ്യരഹിതമായ സുബോധാവസ്ഥ നിലനിര്‍ത്തുക, മദ്യാസക്തരെ രോഗത്തില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുക എന്നതാണ് എ.എയുടെ ലക്ഷ്യം.
Arogya masika
ആരോഗ്യമാസിക വാങ്ങാം
 
എ.എയില്‍ അംഗമായവര്‍ ഇനി ഒരിക്കലും കുടിക്കില്ല എന്ന പ്രതിജ്ഞയൊന്നുമല്ല എടുക്കുന്നത്. ഇന്നേദിവസം ഞാന്‍ കുടിക്കില്ല എന്നുമാത്രമാണ് തീരുമാനിക്കുന്നത്. ഇങ്ങനെ മദ്യപാനത്തെ ഓരോ ദിവസവും മാറ്റിവെക്കുന്നു. നാളെ സുബോധത്തോടെയിരിക്കാന്‍ കഴിയുമോയെന്ന് ഓര്‍ത്ത് എ.എ. അംഗങ്ങള്‍ വ്യാകുലപ്പെടുന്നില്ല. എ.എ. ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഇപ്പോള്‍ കുടിക്കാതിരിക്കൂ, ഇന്ന് കുടിക്കാതിരിക്കുക എന്നതിലാണ്. ഇതോടൊപ്പം അംഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ കൂട്ടായ്മയില്‍ പങ്കുവെക്കുന്നു. അത് മറ്റുള്ളവര്‍ക്ക് മദ്യപിക്കാതെ മുന്നോട്ടുപോകാനുള്ള പ്രചോദനമായി മാറുന്നു. 
 
അങ്ങനെ മദ്യപാനത്തില്‍ നിന്ന് രക്ഷനേടി ജീവിതത്തിന്റെ യഥാര്‍ഥ സന്തോഷം ആസ്വദിക്കാന്‍ സാധിച്ചവര്‍ നിരവധിയാണ്. എ.എ. എന്ന കൂട്ടായ്മയ്ക്ക് പുറമേ അമിത മദ്യാസക്തരുടെ കൂടുംബാംഗങ്ങളുടെ കൂട്ടായ്മയായ അല്‍ അനോണ്‍, മദ്യപരുടെ കുട്ടികളുടെ കൂട്ടായ്മയായ അല്‍ അറ്റീന്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.
 
എ.എയുമായി ബന്ധപ്പെടാന്‍ ഫോണ്‍: 9349510022, 9349610022

(മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌)