കരളും മദ്യപാനവും തമ്മില്‍ എന്താണ് ബന്ധം? കരള്‍വീക്കത്തിന് മദ്യപാനം എങ്ങനെയൊക്കെ കാരണമാകുന്നു? കരളിനെ നോവിക്കാതെ മദ്യപിക്കാനാകുമോ? മനസ്സില്‍ പതിവായി നുരഞ്ഞുയരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി .

ദിവസവും രണ്ട് പെഗ് അടിച്ചാല്‍ കുഴപ്പമില്ലെന്ന് പറയുന്നതിലെ വാസ്തവം?

ദിവസേന രണ്ട് പെഗ് അടിക്കാം, അത് കരള്‍ രോഗങ്ങള്‍ ഉണ്ടാക്കില്ല എന്നുള്ള ധാരണ തികച്ചും തെറ്റാണ്. രണ്ട് പെഗ് വിദേശമദ്യം (വിസ്‌കി, ബ്രാന്‍ഡി, റം, വോഡ്ക തുടങ്ങിയവ) നമ്മുടെ നാട്ടില്‍ 120 മില്ലി ആണ്. (ഒരു പെഗ് അല്ലെങ്കില്‍ ഒരു ലാര്‍ജ് 60 മില്ലി എന്ന രീതിയില്‍ കണക്കാക്കപ്പെടുന്നു) 60മില്ലി വിദേശമദ്യത്തിലുള്ള ആല്‍ക്കഹോളിന്റെ അളവ് ഏകദേശം 20 ഗ്രാമാണ്. അതായത് രണ്ട് പെഗ്ഗില്‍ 40 ഗ്രാം എന്ന കണക്കില്‍.  ദിവസേന 40 ഗ്രാം വീതം 5 വര്‍ഷം തുടര്‍ച്ചയായി മദ്യം സേവിച്ചാല്‍ പുരുഷന്‍മാര്‍ക്ക് കരള്‍ രോഗം ബാധിക്കാം. സ്ത്രീകള്‍ക്ക് ഇതിന്റെ നേര്‍പകുതി അളവിലുള്ള മദ്യപാനം കരളിന് തകരാറുണ്ടാക്കാം.  അതുകൊണ്ട് ദിവസേന രണ്ട് പെഗ് വീതം മദ്യപിക്കുന്നത് സ്വീകാര്യമല്ല.

മദ്യം എങ്ങനെയാണ് കരളിനെ ബാധിക്കുന്നത്?

നാം കഴിക്കുന്ന മദ്യത്തിന്റെ സിംഹഭാഗവും കരളിലാണ് നിര്‍വീര്യമാക്കപ്പെടുന്നത്.  ഈ രാസപ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന അസറ്റാല്‍ഡിഹൈഡ് എന്ന രാസപദാര്‍ത്ഥം കരളിനെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സാമാന്യം നന്നായി മദ്യപിക്കുന്ന എല്ലാവരുടേയും കരളില്‍ കൊഴുപ്പ് അടിയുന്നു. തുടര്‍ന്ന് കരളില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നു.  ഇത് കാലക്രമേണ ലിവര്‍ സിറോസിസ് എന്ന മാരകമായ അവസ്ഥയിലേക്ക് നയിക്കുന്നു.

കരളിനെ ബാധിക്കാത്ത തരത്തില്‍ മദ്യപിക്കാന്‍  സാധിക്കുമോ?

സാധിക്കും. പക്ഷെ അതിന് തീവ്രമായ ആത്മനിയന്ത്രണം ആവശ്യമാണ്. ദിവസേന 60 മില്ലിയില്‍ താഴെ മാത്രം മദ്യം ഉപയോഗിക്കുകയാണെങ്കില്‍ കരള്‍രോഗത്തിനുള്ള സാധ്യത വിരളമാണ്. പക്ഷെ ഈ നിര്‍ദ്ദേശം പാലിക്കപ്പെടുവാന്‍ പല സാങ്കേതിക ബുദ്ധിമുട്ടുകളുമുണ്ട്.

ഈ ചെറിയ അളവിലുള്ള മദ്യപാനം പലര്‍ക്കും ലഹരി (കിക്ക്) പ്രദാനം ചെയ്യുകയില്ല. അതുകൊണ്ട് അവര്‍ കൂടുതല്‍ മദ്യം കഴിക്കും. പിന്നീട് മദ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കാതെ വരും.
പല അവസരങ്ങളിലും കരള്‍രോഗങ്ങള്‍ തിരിച്ചറിയപ്പെടാതെ രോഗിക്ക് യാതൊരു ബൂദ്ധിമുട്ടും ഉണ്ടാക്കാതെ നിലനില്കാറുണ്ട്. അങ്ങനെയുള്ള വ്യക്തികളില്‍ ചെറിയ അളവിലുള്ള മദ്യപാനം പോലും ഹാനികരമായേക്കാം.

ദിവസവും എത്ര പെഗ്ഗുവരെ ഉപയോഗിക്കുന്നവരാണ് കരള്‍രോഗത്തെ ഭയക്കേണ്ടത്?

നേരത്തെ സൂചിപ്പിച്ചതുപോലെ പുരുഷന്‍മാര്‍ക്ക് 30-40 ഗ്രാമും സ്ത്രീകള്‍ക്ക് 15-20 ഗ്രാമുമാണ് ദിവസേനയുള്ള മദ്യത്തിന്റെ പരിധി. ഇതില്‍ കൂടുതല്‍ മദ്യം തുടര്‍ച്ചയായി അഞ്ചുവര്‍ഷം കഴിച്ചാല്‍ കരള്‍ തകരാറിലായേക്കാം.

മദ്യത്തിനുപകരം ബിയര്‍ കുടിച്ചാല്‍ കരളിനെ ബാധിക്കുമോ?

ബിയറും മദ്യമാണ്. നമ്മുടെ നാട്ടില്‍ ലഭ്യമായിട്ടുള്ള ബിയറുകളില്‍ മദ്യത്തിന്റെ അളവ് (ആല്‍ക്കഹോളിക് കണ്ടന്റ്) 5-8% ആണ്. 300 മില്ലി ബിയറില്‍ 18 ഗ്രാം ആല്‍ക്കഹോളുണ്ട്. ഇത് ഏതാണ്ട് 45 മില്ലി വിദേശമദ്യത്തിന് തുല്യമാണ്.

ബിയര്‍ തീര്‍ച്ചയായിട്ടും കരളിനെ ബാധിക്കാം.  അതുകൊണ്ട് ബിയര്‍ മാത്രമേ ഉപയോഗിക്കാറുള്ളു മദ്യപിക്കാറില്ല എന്ന കാഴ്ചപ്പാട് വെറും അബദ്ധമാണ്. അതുപോലെ നാടന്‍ കള്ളും വീട്ടിലുണ്ടാക്കിയ വൈനും എല്ലാം മദ്യമാണ്.

മദ്യപാനത്തിനൊപ്പമുള്ള ശീതളപാനീയങ്ങളും വറുത്ത പലഹാരങ്ങളും കരളിന് ദോഷം ചെയ്യുമോ?

ഹാനികരമാണ്. വറുത്തു പൊരിച്ച ഭക്ഷണങ്ങള്‍, ചിപ്‌സ് തുടങ്ങിയവ കരളില്‍ കൊഴുപ്പടിയാന്‍ കാരണമാകുന്നു. ശീതളപാനീയങ്ങളും ഇതേരീതിയില്‍ ദോഷകരമാണ്. 

കരള്‍രോഗം ബാധിച്ചവര്‍ പിന്നീട് മദ്യപിച്ചാല്‍ സംഭവിക്കുന്നത്?

 കരള്‍രോഗമുണ്ട് എന്ന് മനസ്സിലാക്കിയതിനുശേഷം തുടര്‍ന്ന് മദ്യപിക്കുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്.  ഇക്കൂട്ടരുടെ കരളിന്റെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ മോശമാകുന്നു. പലതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ശരീരത്തിലുണ്ടാകുന്നു. കടുത്ത മഞ്ഞപ്പിത്തം, കുടലില്‍ രക്തസ്രാവം, മഹോദരം, അബോധാവസ്ഥ, വൃക്കകളുടെ തകരാര്‍ എന്നിവ സംഭവിച്ച് ഏതാനും ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍കൊണ്ട് മരണം സംഭവിക്കും. അതുകൊണ്ട് കരളിന് ഏതെങ്കിലും തരത്തിലുള്ള അസുഖം ഉണ്ടെന്ന് മനസ്സിലായാല്‍ കര്‍ശനമായും മദ്യപാനം ഒഴിവാക്കണം.

(മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റാണ് ലേഖകന്‍)