രു കൃഷിപ്പണിക്കാരന്റെ മകന് ജന്മസിദ്ധമായി ലഭിച്ച  കഴിവ് പ്രയോജനപ്പെടുത്തിയാല്‍ സമൂഹത്തെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാമെന്ന് തെളിയിച്ച ഒരു കലാകാരന്‍ മലപ്പുറം ജില്ലയിലുണ്ട്. ഏറനാട് താലൂക്കിലെ ചാത്തല്ലൂരില്‍ ജനിച്ചു വളര്‍ന്ന മഹേഷ് നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയോടെ കൂറ്റന്‍ ക്യാന്‍വാസുകളില്‍ വരച്ചത്  മനുഷ്യനെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെയുള്ള സന്ദേശങ്ങളായിരുന്നു. 

ജീവിതാനുഭവങ്ങള്‍ തന്നെയാണ് മഹേഷിനെ ലഹരിക്കെതിരെ പോരാടാന്‍ പ്രേരിപ്പിച്ചത്. മദ്യപാനം കുടുംബത്തില്‍ വരുത്തിത്തീര്‍ക്കുന്ന യാതനകള്‍ ചെറുപ്പകാലത്ത് സ്വന്തം വീട്ടില്‍ നിന്ന് തന്നെ കണ്ടു മനസിലാക്കിയതാണ്  മഹേഷ്  ചിത്രവര്‍ണം. ഇപ്പോള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ അച്ഛനെയും പുതിയ മനുഷ്യനാക്കി മാറ്റാന്‍ കഴിഞ്ഞുവെന്ന് സംതൃപ്തിയോടെ മഹേഷ് പറയുന്നു. 

2005 മുതല്‍ പോസ്റ്ററുകളിലൂടെയും നോട്ടീസുകളിലൂടെയും മഹേഷ് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സുഹൃത്തായ ഫിലിപ്പ് മമ്പാടുമൊത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇവര്‍ ഒരുമിച്ച് എണ്ണൂറോളം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പതിനഞ്ചോളം സിനിമകളുടെ കലാസംവിധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Mahesh
യുവ ഏകതാ പരിഷത്തിന്റെ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ കൂടെ മഹേഷ്‌

മറക്കാനാകാത്ത അനുഭവങ്ങള്‍

ഒരു മലയോര ഗ്രാമത്തില്‍ ജനിച്ച് വേദനിപ്പിക്കുന്ന ബാല്യകാലത്തിലൂടെ കടന്നുവന്ന മഹേഷിന് ലഹരി വിരുദ്ധപ്രവര്‍ത്തനത്തിലൂടെ കാണാന്‍ കഴിഞ്ഞത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ചില അനുഭവങ്ങള്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കിയതായി മഹേഷ് പറയുന്നു.Anti-drug

'ഏകദേശം ഏട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടക്കുന്നില്‍ വെച്ചു നടന്ന ഒരു സെമിനാറിലാണ് ഞാന്‍ എന്റെ സുഹൃത്തായ ഫിലിപ്പിനെ കണ്ടുമുട്ടുന്നത്. ഒരേ ആശയങ്ങളുള്ള ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രരചന നടത്താനായി 10 മീറ്റര്‍ ക്യാന്‍വാസ് എനിക്ക് വാങ്ങിത്തന്നത് അദ്ദേഹമാണ്. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ സിവില്‍ എക്‌സൈസ് ഓഫീസറായ ഗണേഷിനെ കണ്ടുമുട്ടിയതും ലഹരി വിരുദ്ധക്ലാസുകളില്‍ വെച്ചാണ്. അദ്ദേഹത്തിന്റെ കവിതയാണ് പശ്ചാത്തലമായി കേള്‍പ്പിക്കാറുള്ളത്.'

Mahesh
ലഹരിക്കെതിരെ വരച്ച തല്‍സമയ ചിത്രം അഡ്വ.എം ഉമ്മര്‍ എം.എല്‍.എയ്ക്ക് കൈമാറുന്നു.

മലപ്പുറത്ത് കരുളായിയില്‍ ഇവര്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസ് കാണാനിടയായ ഒരാള്‍ മഹേഷിനെ വിളിച്ച് തന്റെ അനുജനെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള സഹായം ചോദിക്കുകയുണ്ടായി. ബാംഗ്‌ളൂരില്‍ വെബ് ഡിസൈനറായി ജോലി ചെയ്തിരുന്ന അയാളെ കോഴിക്കോട് വെള്ളിമാട് കുന്നിലെ ഡി-അഡിക്ഷന്‍ സെന്ററില്‍ എത്തിക്കുകയും മദ്യപാനം പൂര്‍ണമായും നിര്‍ത്താന്‍ കഴിയുകയും ചെയ്തതായി മഹേഷ് ഓര്‍ക്കുന്നു.

ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യമായി മഹേഷ് കരുതുന്നു. പ്രവാസി മലയാളികളുടെ അസോസിയേഷനായ പൂക്കോട്ടുംപാടം അമരന്‍സ് അസോസിയേഷന്‍, ഇമ ഗ്ലോബല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇവര്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഇമ ഗ്ലോബല്‍ മഞ്ചേരിയുടെ സെക്രട്ടറിയായ വി.എം മുസ്തഫയും Far East Trading എം.ഡി ആയ സിറ്റിസണ്‍ മൂസയും തങ്ങളുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കിയതായി മഹേഷ് ഓര്‍ക്കുന്നു. 

tribal colony
നിലമ്പൂര്‍ അപ്പംകാപ്പ് ആദിവാസി കോളനി

നിലമ്പൂര്‍ അപ്പംകാപ്പ് ആദിവാസി കോളനിയില്‍ ലഹരിക്കെതിരെ ബോധവത്കരണം നടത്താന്‍ സുഹൃത്തായ ഫിലിപ്പിനൊപ്പം പോയ മഹേഷ് ഓര്‍ക്കുന്ന ചില കാര്യങ്ങളുണ്ട്. പോത്തുകല്ല് എസ്.ഐയുടെ പിന്തുണ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ആ കോളനിയിലെ പ്രൊമോട്ടറായ ശാന്തയുടെ നിര്‍ദേശപ്രകാരമായിരുന്നു അവര്‍ ക്ലാസുകളെടുക്കാന്‍ പോയത്. ക്ലാസ് തുടങ്ങിയപ്പോള്‍ ചിത്രപ്രദര്‍ശനം കാണാന്‍ ഒരുപാട് ആളുകളുണ്ടായിരുന്നു. രാത്രി 8.00 മണിക്ക് ക്ലാസ് തുടങ്ങിയ ശേഷം ഓരോരുത്തരായി ഒഴിഞ്ഞുപോകാന്‍ തുടങ്ങി. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള കോളനിയില്‍ ഒറ്റപ്പെട്ടു പോയ തങ്ങള്‍ ചിത്രം വരയ്ക്കാനുള്ള ക്യാന്‍വാസും മറ്റ് സാധനങ്ങളുമെല്ലാം ചുമന്ന് ജീവനും കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് മഹേഷ് പറയുന്നു. 

anti-drug
മഞ്ചേരി യുണൈറ്റഡ് ക്ലബിന്റെ പുരസ്‌കാരം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് മഹേഷിന് നല്‍കുന്നു

പ്രചോദനവുമായി ഇവര്‍ കൂടെയുണ്ട് 

' ഈ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എനിക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയത് പ്രശസ്ത ഗാന്ധിയനായ ഡോ. പി.വി രാജഗോപാലാണ് ഏകതാ പരിഷത്ത് എന്ന ഗാന്ധിയന്‍ സംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം. ഡല്‍ഹിയിലെ സര്‍വ സേവാ സംഘില്‍ വെച്ച്  സംഘടിപ്പിച്ച സര്‍വോദയ സമാജിന്റെ ദേശീയ സമ്മേളനത്തില്‍ എന്റെ ചിത്രപ്രദര്‍ശനം നടത്താനുള്ള സാഹചര്യമൊരുക്കിത്തന്നത് രാജഗോപാല്‍ സാറാണ്. 2005 ല്‍ ഏകതാ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പദയാത്രയിലും ഞാന്‍ പങ്കെടുത്തിരുന്നു.' തന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായ സഹകരണങ്ങള്‍ നല്‍കിയവരെ മഹേഷ് ഒരിക്കലും മറക്കുന്നില്ല.

അഡ്വ.ഷെരീഫ് ഉള്ളത്ത് നേതൃത്വം നല്‍കിയ സാംസ്‌കാരിക പരിഷത്തുമായി സഹകരിച്ച് അന്‍പതോളം ക്യാമ്പുകളില്‍ ഇവര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 2002ല്‍ പരിഷത്തിന്റെ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. അഖില കേരള ബാലജന സഖ്യത്തിലെ അംഗവും യൂണിയന്‍ സഹകാരിയുമായിരുന്നു മഹേഷ്.

ഭാര്യ ഭവിതയും മക്കളായ യദുവും വിദുവും, സഹോദരനും മഹേഷിന് പിന്തുണയുമായി കൂടെയുണ്ട്. ഇതുകൂടാതെ മദ്യപാനത്തില്‍ നിന്ന് വിമുക്തി നേടിയ അച്ഛന്‍ ശങ്കരനും മഹേഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ പ്രോത്സാഹനം നല്‍കുന്നുണ്ട്.

Centre for experiencing Socio Cultural interaction നല്‍കിയ മാജാ കൊയ്നെ ഇന്റര്‍നാഷനല്‍ അവാര്‍ഡ്, തിരുവനന്തപുരം ശിശു വിഹാര്‍ സ്‌കൂള്‍ നല്‍കിയ ' എന്റെ മലയാളം പള്ളിക്കൂടം' പുരസ്‌കാരം, നിലമ്പൂര്‍ ടൂറിസം ഫെസ്റ്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നിലമ്പൂര്‍ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനില്‍ വര്‍ക്കറാണ് മഹേഷ്. 

ഈ കലാകാരന് ഓര്‍മിപ്പിക്കാനുള്ളത് ഇതാണ്- ' കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ നിന്ന് ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണം. ഇപ്പോള്‍ ഡ്യൂട്ടി കഴിഞ്ഞുള്ള സമയത്താണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നുകൂടി ഊര്‍ജിതപ്പെടുത്താന്‍ കൂടുതല്‍ സമയം അനുവദിച്ചാല്‍ ഒരുപാട് മനുഷ്യരെ നമുക്ക് മാതൃകാപരമായ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും'.